ഇന്ന് ഏപ്രില്‍ ഏഴ് ജനീവ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലോകാരോഗ്യ സംഘടനയുടെ സ്ഥാപക ദിനം. ലോകാരോഗ്യ ദിനമായാണ് ഇന്നേ ദിനം ആചരിക്കുന്നത്. ഇതിന് പുറമേ ആഗോള തലത്തില്‍ ബാധിക്കുന്ന ആരോഗ്യ പ്രശ്‌നത്തെ ലോക ശ്രദ്ധയില്‍ എത്തിക്കാനും ദിനാചരണം പ്രയോജനപ്പെടുന്നു.
'എന്റെ ആരോഗ്യം, എന്റെ അവകാശം' എന്നതാണ് 2024-ലെ ലോകാരോഗ്യ ദിനത്തിന്റെ പ്രമേയം. ഗുണ നിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍, വിദ്യാഭ്യാസം, കുടിവെള്ളം, ശുദ്ധവായു, പോഷകാഹാരം, പാര്‍പ്പിടം, പരിസ്ഥിതി തുടങ്ങിയവ എല്ലാവര്‍ക്കും ലഭ്യമാക്കണമെന്ന മൗലികാവകാശത്തിന് പ്രമേയം ഊന്നല്‍ നല്‍കുന്നു.
ലോകമെമ്പാടും മികച്ച ആരോഗ്യ സേവനങ്ങള്‍ നല്‍കാനും ഇത് ലക്ഷ്യം വയ്ക്കുന്നു. 1948 ഏപ്രില്‍ 7-നാണ് ലോകാരോഗ്യ സംഘടന രൂപീകരിക്കപ്പെട്ടത്. 1945 മുതല്‍ നിയന്ത്രണ രഹിതമായ ആഗോള ആരോഗ്യ സംഘടനയെ യുഎന്നും ചൈനയും ആവശ്യപ്പെട്ടിരുന്നു. 1948 ജനുവരി 12-ന് ഇന്ത്യയെ ലോകാരോഗ്യ സംഘടനയുടെ ഭരണഘടനയില്‍ ചേര്‍ത്തു. 61 രാജ്യങ്ങളായിരുന്നു ആദ്യകാലത്തെ പങ്കാളികള്‍. നിലവില്‍ ലോകാരോഗ്യ സംഘടനയില്‍ 194 രാജ്യങ്ങളാണുള്ളത്. ലോകാരോഗ്യ ദിനത്തില്‍ ലോക വ്യാപകമായി ആരോഗ്യ സംബന്ധിയായ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഇത്തരത്തില്‍ നടത്തിയ വസൂരി നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള ഡബ്ല്യൂഎച്ച്ഒയുടെ ക്യാമ്‌ബെയ്ന്‍ ശ്രദ്ധേയമായിരുന്നു.
1958-ല്‍ അന്നത്തെ ഡെപ്യൂട്ടി സോവിയറ്റ് യൂണിയന്‍ ആരോഗ്യ മന്ത്രി വിക്ടര്‍ ഷ്ദാനോവിന്റെ സമ്മര്‍ദ്ദത്തിന്റെ ഫലമായി ഇത് ആരംഭിച്ചു. 1979-ല്‍, വസൂരി നിര്‍മാര്‍ജനം ചെയ്യപ്പെട്ടതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. ഇത് ലോകമെമ്പാടുമുള്ള ആളുകളുടെ കൂട്ടായ പരിശ്രമത്താല്‍ നിര്‍മ്മാര്‍ജനം ചെയ്യപ്പെട്ട ചരിത്രത്തിലെ ആദ്യത്തെ രോഗമായി മാറി.
