Trending

HISTORY NEWS; കാഞ്ഞിരത്തൊടി ഉമ്മർ കോയ മാഷ്.




✍🏻കെ കുഞ്ഞോയി മാസ്റ്റർ കൊടിയത്തൂർ.

എൻ.കെ ഉമ്മർ കോയ മാസ്റ്റർ.

ചേന്ദമംഗല്ലൂർ: ചേന്ദമംഗലൂർ കാഞ്ഞിരത്തൊടി എൻ.കെ ഉമ്മർ കോയ മാസ്റ്റർ (74) നിര്യാതനായി.

ഭാര്യ: സാറ.

മക്കൾ: സമാൻ (സൗദി അറേബ്യ), മനാസ് (ബിസിനസ്സ്), സമീന കുനിയിൽ.

മരുമക്കൾ: നിഷില (കാര മൂല), ഫാത്തിമ ഹസ്ന (പത്തനാപുരം), നാസർ (കുനിയിൽ).

ദയാപുരം ഷെയ്ഖ് അൻസാരി ഫൗണ്ടേഷൻ അംഗം ചേന്ദമംഗലൂർ സലഫികൾച്ചറൽ ട്രസ്റ്റ് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. ചേന്ദമംഗല്ലൂർ ജി.എം.യു.പി സ്കൂളിൽ അധ്യാപകനായിരുന്ന ഉമ്മക്കോയ മാസ്റ്റർ, മഞ്ഞക്കടവ് ഗവ. എൽ.പി സ്കൂളിൽ നിന്നാണ് വിരമിച്ചത്.

മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 5:30ന് ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമുഅത്ത് പള്ളിയിൽ നടന്നു.

ഒരു കാലത്ത്, ചേന്നമംഗല്ലൂരിലെ ക്ഷുഭിത യൗവനത്തിന്റെ മുഖമായിരുന്നു ഉമ്മർ കോയ മാഷ്. കോഴിക്കോട് നഗരത്തിൽ നിന്നും ചേന്നമംഗല്ലൂർ എന്ന ഗ്രാമത്തിലേക്ക് കുടിയേറിയ തന്റെ മാതാ പിതാക്കളുടെ സാംസ്കാരിക ഔന്നത്യവും മൂല്യബോധവും കൊണ്ടാവാം, അദ്ദേഹത്തിന്റെ പെരുമാറ്റവും, ആളുകളോട് ഇടപഴകുന്ന ശൈലിയും വേറിട്ടതായിരുന്നു.

എല്ലാവരോടും സൗഹൃദം പുലർത്തിയിരുന്ന മാഷ്, നിലവിലെ നാട്ടു വ്യവസ്ഥിതിയോട് കലഹിക്കുവാൻ ഒട്ടും മടി കാണിച്ചിരുന്നില്ല. ആ കാരണം കൊണ്ടു തന്നെ ചേന്നമംഗലൂർ പോലത്തെ ഒരു ഏക മുഖ സാമൂഹിക ചുറ്റുപാടുകളുള്ള ഗ്രാമം, പലപ്പോഴും ഉമ്മറിന്റെ നിലപാടുകളുമായി യോജിച്ചു പോയില്ല. പക്ഷേ താൻ വിശ്വസിച്ചു പോന്ന പ്രമാണങ്ങളോട് എതിർപ്പ് കാണിച്ച നാട്ടുകാരോടും അയൽക്കാരോടും അദ്ദേഹം സ്നേഹവായ്പ്പോടുകൂടി തന്നെയാണ് പെരുമാറിയിരുന്നത്.

നാടകവും സിനിമയും ഈ ഗ്രാമങ്ങളിലൊക്കെ ഹറാം ആയിരുന്ന കാലഘട്ടത്തിൽ തന്നെ അദ്ദേഹം നാടകങ്ങളെ പ്രോത്സാഹിപ്പിക്കുവാനും സിനിമ കാണുന്നതിനും ധാരാളം സമയം കണ്ടെത്തി. ഇതെല്ലം, സത്യത്തിൽ ഉൽപധിഷ്ണുവായ അദ്ദേഹത്തെ നാട്ടുകാരുടെ കണ്ണിലെ കരടാക്കി മാറ്റി.

പരന്ന വായനയും അതുമായി ബന്ധപ്പെട്ട ചർച്ചകളും വൈകുന്നേരങ്ങളിൽ സുഹൃത്ത് കൂട്ടായ്മകളെ സജീവമാക്കി. താൻ വായിക്കുന്ന പുസ്തകങ്ങൾ തന്റെ കൂട്ടുകാർ വായിച്ചിരിക്കണമെന്ന നിർബന്ധം കൊണ്ടാവാം, വായനാശീലമുള്ളവർക്ക്,അദ്ദേഹം പുസ്തകങ്ങൾ നൽകിയിരുന്നു.

പിന്നീട് ആ പുസ്തകങ്ങളിൽ തന്റെ സുഹൃത്തിന് കൂടുതൽ ആകർഷകമായ അല്ലെങ്കിൽ സ്വാധീനിച്ച ഭാഗം, അതിലെ കഥാപാത്രം, ഇതെല്ലാം അവരുമായി ചർച്ച ചെയ്യുകയും നിരൂപണം നടത്തുകയൂം അദ്ദേഹത്തിന്റെ പതിവായിരുന്നു.

വായനയിൽ നിന്നും ചർച്ചകളിൽ നിന്നും അദ്ദേഹം സംഭരിക്കുന്ന ഊർജ്ജം വളരെ വലുതായിരുന്നു.
തന്റെ ഗ്രാമത്തിലെ മുഖ്യധാരയിൽ നിന്നും വേർപിരിഞ്ഞു പോയതുകൊണ്ടാവാം, അവിടെ മറ്റൊരു വിഭാഗത്തിന് വേണ്ടി ഒരു പള്ളിയും, സ്കൂളുകൾ ഏറെയുണ്ടായിട്ടും, ഒരു സ്വാശ്രയ സ്കൂളും സ്ഥാപിക്കുന്നതിന് അദ്ദേഹവും സമാനമനസ്കരായ സുഹൃത്തുക്കളും മുന്നിട്ടിറങ്ങിയത്. ഗുഡ് ഹോപ്പ് എന്ന് നാമകരണം ചെയ്തിരിക്കുന്ന സ്കൂൾ നിശ്ചയമായും ഗ്രാമത്തിലെ സാധാരണക്കാർക്ക് പ്രതീക്ഷയുടെ മുനമ്പാണ്.

എം.എൻ കാരശ്ശേരി യുമായി അദ്ദേഹത്തിനുണ്ടായിരുന്ന ആത്മബന്ധം വളരെ വലുതായിരുന്നു. എം.എൻ, ദയാപുരത്ത് താമസിച്ച്, റിസർച്ച് നടത്തിയിരുന്ന കാലത്ത് ഇദ്ദേഹവും എ.എം അബ്ദുൽ വഹാബും ധാരാളം സാഹിത്യ ചർച്ചകൾ നടത്തിയിരുന്നതായി, അക്കാലത്തെ ക്യാമ്പസിലെ താമസക്കാർ പറഞ്ഞ് കേട്ടിട്ടുണ്ട്.

ആ കാലഘട്ടത്തിൽ തന്നെയാണ് മുഹമ്മദ് അസദ്ദിന്റെ 'The Road to Mecca' 'മക്കയിലേക്കുള്ള പാത' എം.എൻ ഭാഷാന്തരം ചെയ്തതും, പിന്നീട് മൂന്നു പേരും ചേർന്ന് അച്ചടിക്കും പ്രസിദ്ധീകരണത്തിനും ഒരുക്കിയതും. ദൗർ ഭാഗ്യകരം എന്ന് പറട്ടെ, പിൽക്കാലത്ത് ഈ കൂട്ടായ്മ എന്തോ കാരണം കൊണ്ട് വേർപിരിയുകയും, കാരശ്ശേരി പിന്നീട് ഒരിക്കലും ദയാപുരം ഗേറ്റ് കടന്ന് ഉള്ളിലേക്ക് വരുവാനും തയ്യാറായില്ല.

ദയാപുരം എന്ന അത്യാകർഷകമായ പേർ, ക്യാമ്പസിന് സമ്മാനിച്ചത് കാരശ്ശേരിയാണെന്നത് ഇത്തരുണത്തിൽ അനുസ്മരിച്ചു പോവുകയാണ്.
യാത്ര ഇഷ്ടമായിരുന്ന ഉമ്മർ കോയക്ക് താൻ ഉദ്ദേശിച്ച രൂപത്തിലുള്ള യാത്രകൾ നടത്തുവാൻ സാധിച്ചിട്ടില്ല. കാരണം എല്ലാ ബന്ധനങ്ങളും വിട്ട് സഹധർമ്മിണിയോടൊപ്പം യാത്രക്കൊരുങ്ങിയപ്പോൾ അജ്ഞാതനായ ക്യാൻസർ എന്ന രോഗബാധ അദ്ദേഹത്തിന്റെ ശരീരത്തിൽ പിടിമുറുക്കിയിരുന്നു.

പക്ഷേ ആ നീരാളി പിടുത്തത്തിന് വഴങ്ങി കൊടുക്കാൻ അദ്ദേഹം തയ്യാറായില്ല. അതുകൊണ്ടുതന്നെയാണ് ഇത്രയും കാലം രോഗവും, കുടുംബജീവിതവും, സാമൂഹിക ജീവിതവും ഒരുപോലെ ഒന്നിച്ച് ഒരു ചരടിൽ കോർത്ത് മുന്നോട്ടു കൊണ്ടുപോകുവാൻ മാഷിനായത്. എല്ലാം വിലക്കുകളും ലംഘിച്ച്, അദ്ദേഹം ആശുപത്രികൾ വിട്ടു വീട്ടിലെത്തിയാൽ പിന്നെ ഒരിക്കലും ഒരു രോഗിയെ പോലെ കിടന്നു കൊടുക്കുവാൻ തയ്യാറല്ലായിരുന്നു.

കണാപുറത്തുള്ള സുഹൃത്തുക്കളെയും ബന്ധുക്കളെയും അദ്ദേഹം നിരന്തരം ഫോണിൽ ബന്ധപ്പെടുകയും അവർക്ക് തൻറെ അസുഖം, അങ്ങനെ വേവലാതിപ്പെടാൻ ഉള്ളതൊന്നുമല്ല എന്ന സന്ദേശം, ആത്മധൈര്യത്തോടെ നൽകാനും മടി കാണിച്ചില്ല.

'എന്നൂർ' എന്ന ഗോത്ര വർഗ്ഗക്കാരുടെ വയനാട് വൈത്തിരിയിലെ ഗ്രാമവും മസിനഗുഡിയും അതുകഴിഞ്ഞ് തമിഴ്നാട്ടിലെ മേട്ടുപ്പാളയത്ത് രാപ്പാർത്ത് , സുപ്രഭാതത്തിൽ അവിടെ നിന്നും ഊട്ടിയിലേക്കുള്ള ടോയ് ട്രെയിനിൽ യാത്രയും അവസാനമായി, സീനിയർ സിറ്റിസൺ ഫോറത്തിന്റെ നേതൃത്വത്തിൽ, സായാഹ്നം കേന്ദ്രീകരിച്ച്, നടത്തിയ യാത്രകളാണ്.

2017 സെപ്റ്റംബർ മാസം അഞ്ചാം തീയതി ഞങ്ങൾ കർണാടകയിലെ ബിജാപൂരും, ചരിത്ര ഭൂമിയായ ഹംപി യും സന്ദർശിക്കുവാൻ പുറപ്പെട്ടു. ആ സന്ദർശനവും അനുബന്ധമായി ഉണ്ടായ ചില സംഭവങ്ങളും തെല്ലൊന്ന് ഉൾകിടിലത്തോടുകൂടി മാത്രമേ ഓർമ്മിക്കാൻ സാധിക്കുകയുള്ളൂ. അന്ന് വൈകുന്നേരം ഹംപി എന്ന ചരിത്രഭൂമി കണ്ടു അവിടുത്തെ കൊട്ടാരത്തിലെ റാണിമാർ താമസിച്ചിരുന്ന, മഹലിന്റെ മുൻഭാഗത്തുള്ള പുൽത്തകിടി കണ്ടപ്പോൾ സംഘാംഗങ്ങൾക്ക് നമസ്കരിക്കുവാനുള്ള മോഹം ജനിച്ചു. എല്ലാവരും ക്യാപ്റ്റൻ ഹംസ പുല്ലങ്കോടിനെ ഇമാം ആക്കി ളുഹറും അസറും ജമ്മാക്കി നമസ്കാരം തുടങ്ങി. അപ്പോഴേക്കും അതാ കടൽനൽക്കൂട് ഇളകിയ പോലെ നാനാഭാഗത്തുനിന്നും സെക്യൂരിറ്റിക്കാരും, തോട്ടക്കാരും, അടിച്ചു വാരുന്നവരും ഞങ്ങളെ വളഞ്ഞു കഴിഞ്ഞിരുന്നു. വലിയ ശബ്ദത്തിൽ അലമുറ കൂട്ടിയ ഇവർ നമസ്ക്കാരം കഴിഞ്ഞ് ഗേറ്റ് കടന്ന് പുറത്ത് പോവാൻ ഞങ്ങളെ അനുവദിച്ചില്ല. മാത്രവുമല്ല കന്നട ഭാഷയിൽ തെറി അഭിഷേകം നടത്തുകയും ചെയ്തു. പാറാവുകാരൻ ഗേറ്റ് ലോക്ക് ചെയ്ത് 'നിങ്ങൾ എന്തിന് ഇവിടെ നമസ്കരിച്ചു' എന്ന് കർശനമായി ചോദ്യം ചെയ്യുവാനും തുടങ്ങി.

ഞങ്ങൾ എതിർത്തൊന്നും പറയാതെ കുറെ നേരം അവിടെ ചെലവഴിച്ചു. അപ്പോഴേക്കും സന്ധ്യാ സമയമായതിനാൽ ജീവനക്കാർക്ക് ഡ്യൂട്ടി മതിയാക്കി പോകേണ്ടതിന്നാലും, ഞങ്ങളെ കൈകാര്യം ചെയ്യുവാൻ, അവർ പ്രാദേശിക നേതാക്കളെ വിളിച്ചപ്പോൾ അവരാരും ലഭ്യമാവാത്തതിനാലും അവർ മനസ്സില്ലാ മനസ്സോടെ ഞങ്ങളെ തുറന്നു വിട്ടു.അന്ന് രാത്രിയാണ് ബാംഗ്ലൂരിലെ വസതിയിൽ ഗൗരി ലങ്കേഷ് എന്ന കർണാടകയിലെ പ്രസിദ്ധയായ എഴുത്തുകാരി വെടിയേറ്റ് കൊല ചെയ്യപ്പെടുന്നത്.

മടക്കയാത്രയിൽ ഈ വാർത്ത അറിഞ്ഞപ്പോൾ മാഷ്, യാത്രാ സംഘം ചെയ്ത നമസ്കാരത്തിന്റെ ഗൗരവം ഞങ്ങൾക്ക് ബോധ്യപ്പെടുത്തി തന്നു. ഞങ്ങളുടെ യാത്രകളിലെ അവിസ്മരണീയമായ ഒരേടാണ് ഹംപി യിലെ ഈ അസർ നമസ്കാരം.
Previous Post Next Post
Italian Trulli
Italian Trulli