തിരുവനന്തപുരം: കാര്യവട്ടം ട്വന്റി20യിൽ ടീം ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് വിജയം. ക്യാപ്റ്റൻ രോഹിത് ശർമയെയും വിരാട് കോലിയെയും തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും ഓപ്പണർ കെ.എൽ. രാഹുലും സൂര്യകുമാർ യാദവും ഇന്ത്യയെ വിജയത്തിലെത്തിച്ചു. ഇരുവരും അർധസെഞ്ചറി തികച്ചു. 20 പന്തുകൾ ബാക്കി നിൽക്കെയായിരുന്നു ഇന്ത്യൻ വിജയം. ജയത്തോടെ ഇന്ത്യ പരമ്പരയിൽ 1–0ന് മുന്നിലെത്തി.
സൂര്യകുമാർ യാദവ് 33 പന്തിൽ 50 ഉം രാഹുൽ 56 പന്തിൽ 51 ഉം റൺസെടുത്തു പുറത്താകാതെനിന്നു. രാഹുൽ ഏകദിന ശൈലിയിലാണു ബാറ്റു വീശിയതെങ്കിൽ സൂര്യയുടെ പ്രകടനം ട്വന്റി20 സ്റ്റൈലിലായിരുന്നു. ഇരുവരും ചേർന്നതോടെ കാര്യവട്ടത്തു ബൗണ്ടറികളില്ലെന്ന പരാതിയും തീർന്നു. ഇരുവരും ചേർന്ന് 14 ബൗണ്ടറികളാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ അടിച്ചുനേടിയത്.
മികച്ച തുടക്കമായിരുന്നില്ല മറുപടി ബാറ്റിങ്ങിൽ ഇന്ത്യയ്ക്കു ലഭിച്ചത്. രോഹിത് ശർമ റണ്ണൊന്നുമെടുക്കാതെ പുറത്തായത് കാര്യവട്ടത്തെ ഗാലറിയിൽ ബാറ്റിങ് വെടിക്കെട്ടു പ്രതീക്ഷിച്ചെത്തിയ ആരാധകരെ നിരാശരാക്കി. രണ്ടു പന്തുകൾ മാത്രം നേരിട്ട ഇന്ത്യൻ ക്യാപ്റ്റനെ കഗിസോ റബാദയുടെ പന്തിൽ ക്യാച്ചെടുത്തു വിക്കറ്റ് കീപ്പർ ക്വിന്റൻ ഡി കോക്കാണു പുറത്താക്കിയത്.
9 പന്തുകൾ നേരിട്ട വിരാട് കോലി മൂന്നു റൺസെടുത്തു മടങ്ങി. ആന്‍റിച് നോർട്യെയ്ക്കാണ് കോലിയുടെ വിക്കറ്റ്. 10.1 ഓവറുകളിൽനിന്നാണ് ഇന്ത്യ 50 പിന്നിട്ടത്. സൂര്യകുമാർ യാദവും രാഹുലും നിലയുറപ്പിച്ചതോടെ 16.4 ഓവറിൽ ഇന്ത്യ വിജയ റൺസ് കുറിച്ചു. അവസാന പന്ത് സിക്സർ പായിച്ച് കെ.എൽ. രാഹുലാണ് കളി അവസാനിപ്പിച്ചത്. ഇതേ സിക്സിലാണ് രാഹുൽ അർധസെഞ്ചറി ഉറപ്പിച്ചതും.
ആദ്യ മൂന്ന് ഓവറിൽ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായ ദക്ഷിണാഫ്രിക്ക കഷ്ടിച്ചാണ് 100 പിന്നിട്ടത്. 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക നേടിയത് 106 റണ്‍സ്. 35 പന്തിൽ 41 റൺസെടുത്ത കേശവ് മഹാരാജാണ് ദക്ഷിണാഫ്രിക്ക ബാറ്റിങ് നിരയിലെ ടോപ് സ്കോറർ.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക കൂട്ടത്തകർച്ചയോടെയാണു തുടങ്ങിയത്.
ആദ്യ ഓവറിലെ അവസാന പന്തിൽ ദീപക് ചാഹറിന് മുന്നിൽ ബോൾഡായി ദക്ഷിണാഫ്രിക്ക ക്യാപ്റ്റൻ ടെംബ ബാവുമ പുറത്തായി. തൊട്ടുപിന്നാലെ രണ്ടാം ഓവർ എറിയാനെത്തിയ അർഷ്ദീപ് സിങ്ങാണ് ദക്ഷിണാഫ്രിക്കയെ ശരിക്കും ഞെട്ടിച്ചത്. രണ്ടാം ഓവറിൽ മൂന്ന് മുന്‍നിര വിക്കറ്റുകൾ അവർക്കു നഷ്ടമായി.
ക്വിന്റൻ ഡികോക്ക് (1), റിലീ റൂസോ (പൂജ്യം), ഡേവിഡ് മില്ലർ (പൂജ്യം) എന്നിവരാണ് അർഷ്ദീപിനു മുന്നിൽ പുറത്തായി മടങ്ങിയത്. പിന്നീട് ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ്ങില്‍ ഒരു തിരിച്ചുവരവു സാധ്യമായില്ല. കേശവ് മഹാരാജിന്റെ ബാറ്റിങ് പ്രകടനം ദക്ഷിണാഫ്രിക്ക സ്കോർ 100 കടത്തി.
ഐഡൻ മർക്റാം (24 പന്തിൽ 25), വെയ്ൻ പാർനൽ (37 പന്തിൽ 24) എന്നിവരും പിടിച്ചുനിന്നു. കഗിസോ റബാദ (11 പന്തിൽ ഏഴ്), ആൻറിച് നോർട്യെ (രണ്ട് പന്തിൽ രണ്ട്) എന്നിവര്‍ പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി അർഷ്ദീപ് സിങ് മൂന്നു വിക്കറ്റുകൾ വീഴ്ത്തി. ദീപക് ചാഹർ, ഹർഷൽ പട്ടേൽ എന്നിവർ രണ്ടു വിക്കറ്റുവീതം സ്വന്തമാക്കി. അക്സര്‍പട്ടേലിന് ഒരു വിക്കറ്റ്.
Tags:
SPORTS
