ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് നേരിട്ട് മാസ്‌കുകൾ വിതരണം ചെയ്ത് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. കൊവിഡ് അവലോകന യോഗത്തിന് ശേഷം മടങ്ങുമ്പോഴാണ് മൗണ്ട് റോഡിലെ വിവിധയിടങ്ങളിൽ സ്റ്റാലിൻ പൊതുജനങ്ങൾക്ക് മാസ്‌കുകൾ വിതരണം ചെയ്തത്. മൂന്നാം തരംഗ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങളെ ബോധവത്കരിക്കുകയായിരുന്നു ലക്ഷ്യം.
രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുകയാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 120 പേർക്കാണ് തമിഴ്‌നാട്ടിൽ ഒമിക്രോൺ സ്ഥിരീകരിച്ചത്. ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടിപ്പിച്ചിട്ടുണ്ട്.
ഛത്തീസ്ഗഡിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി പത്ത് മണി മുതൽ രാവിലെ 6 മണി വരെയാണ് കർഫ്യൂ. ടിപിആർ 4 ശതമാനത്തിന് മുകളിലുള്ള സ്‌കൂളുകൾ, അങ്കൻവാടികൾ, ഷോപ്പിംഗ് മാൾ, ഓഡിറ്റോറിയം എന്നിവ അടച്ചിടും. പൊതുയോഗങ്ങൾക്കും, റാലികൾക്കും നിരോധനമുണ്ട്. റെയിൽവേ സ്റ്റേഷനുകളിലും, സംസ്ഥാന അതിർത്തികളിലും പരിശോധന ശക്തമാക്കുമെന്നും സർക്കാർ അറിയിച്ചു.
ഇന്ന് രാവിലെ പഞ്ചാബിലും രാത്രികാല കർഫ്യു പ്രഖ്യാപിച്ചിരുന്നു. രാത്രി പത്ത് മണി മുതൽ രാവിലെ 5 മണി വരെയാണ് പഞ്ചാബിൽ കർഫ്യൂ. സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടയ്ക്കാനാണ് പഞ്ചാബ് സർകാരിന്റെ തീരുമാനം.
കൊവിഡ് കേസുകൾ കുത്തനെ വർധിച്ചതോടെ നിയന്ത്രണം കടുപ്പിച്ചിരിക്കുകയാണ് പശ്ചിമ ബംഗാളും. ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ സംസ്ഥാനത്ത് ഏർപ്പെടുത്തി. ഇന്ന് മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചിട്ടു. സ്വകാര്യ ഓഫിസുകളിൽ 50 % ഹാജർ മാത്രമേ പാടുള്ളു. സർക്കാർ യോഗങ്ങൾ വെർച്വലാക്കും. പാർക്കുകൾ, സലൂണുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവയടക്കം അടച്ചിടാനും തീരുമാനമായിരുന്നു.
കൊൽക്കത്തയടക്കമുള്ള മെട്രോ നഗരങ്ങളിലാണ് കൊവിഡിന്റെയും ഒമിക്രോണിന്റെയും വ്യാപനം അതിരൂക്ഷമായത്. 10 മുതൽ പുലർച്ചെ 5 വരെ രാത്രി കർഫ്യു ഏർപ്പെടുത്തി. അവശ്യ/അടിയന്തര സേവനങ്ങൾ അനുവദിക്കും. നീന്തൽ കുളങ്ങൾ, സ്പാ, ജിമ്മുകൾ, സലൂണുകൾ എന്നിവ ജനുവരി 3 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടും. മൃഗശാലകളും വിനോദസഞ്ചാര കേന്ദ്രങ്ങളും തുറക്കില്ല.
Tags:
INDIA
