കൊടിയത്തൂര്‍ : ചേന്ദമംഗലൂരില്‍ കടന്നല്‍കുത്തേറ്റ് റോഡില്‍ വീണുകിടന്ന അന്തര്‍സംസ്ഥാന തൊഴിലാളിയെ ധീര ഇടപെടലിലൂടെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ച മുണ്ടോട്ടുകുളങ്ങര സ്വദേശി ബശീര്‍ ചേറ്റൂരിനെ വെല്‍ഫെയര്‍ പാര്‍ട്ടി ഗോതമ്പറോഡ് യൂണിറ്റ് ആദരിച്ചു.
കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജ്യോതി ബസു കാരക്കുറ്റി പൊന്നാടയണിയിച്ചു.
കെട്ടിടനിര്‍മാണ തൊഴിലാളിയായ ബംഗാള്‍ സ്വദേശി സനാഹുല്‍ ഹഖ് കടന്നല്‍ കുത്തേറ്റ് വീണുകിടന്നിട്ടും ആക്രമണം ഭയന്ന് ആരും രക്ഷാപ്രവര്‍ത്തനത്തിന് ധൈര്യപ്പെടാതിരുന്നപ്പോഴാണ് ബശീര്‍ തന്റെ കടയിലെ വിരി എടുത്ത് കടന്നല്‍ ആക്രമണം വകവെക്കാതെ ധൈര്യപൂര്‍വം കടന്നുചെന്ന് തൊഴിലാളിയുടെ ശരീരത്തെ വിരി പുതപ്പിച്ച് ജീവന്‍ രക്ഷിക്കുകയായിരുന്നു.
ശേഷം മുക്കത്തുനിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘം സനാഹുല്‍ ഹഖിന്റെ ശരീരത്തില്‍നിന്ന് കടന്നലിനെ നീക്കംചെയ്യുകയും മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുകയും ചെയ്യുകയായിരുന്നു.
യൂണിറ്റ് പ്രസിഡന്റ് അശ്‌റഫ് പി.കെ അധ്യക്ഷത വഹിച്ചു. സാലിം ജീറോഡ്, പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് സജ്‌ന ബാലു, ട്രഷറര്‍ ബാവ പവര്‍വേള്‍ഡ്, സാദിഖ് എന്‍, കലാഭവന്‍ ബാലു, പി അബ്ദുസത്താര്‍ എന്നിവര്‍ സംസാരിച്ചു.
Tags:
KODIYATHUR
