പന്നിക്കോട്: ബന്ധങ്ങളുടെ ഊഷ്മളതയും തലമുറകളുടെ ഓർമ്മകളും ഒരുമിച്ചു ചേരുന്ന വേദിയായി പന്നിക്കോട് പേൾ ഫോർട്ട് ഓഡിറ്റോറിയം മാറി. പുത്തൻവീട്ടിൽ ആലികുട്ടി – ഉമ്മാച്ച കുടുംബ പരമ്പരയിലെ ഏഴ് മക്കളുടെയും കുടുംബ സംഗമമാണ് ഇവിടെ ആഘോഷപൂർവം സംഘടിപ്പിക്കപ്പെട്ടത്.
കുടുംബത്തിലെ സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും പ്രതീകങ്ങളായ മുതിർന്ന അംഗങ്ങൾ പാത്തുട്ടി മേലെതാടായിയും ആമിന തടായിയും സംഗമം ഉദ്ഘാടനം ചെയ്തു. കുടുംബത്തിന്റെ വേരുകളും പാരമ്പര്യവും ഓർമ്മകളുടെ വഴിയിലൂടെ പി.വി അബ്ദുറഹ്മാൻ മാസ്റ്റർ അവതരിപ്പിച്ചത് സംഗമത്തിന് ചരിത്രത്തിന്റെ ഗൗരവം പകരുകയായിരുന്നു.
തുടർന്ന് നടന്ന കുടുംബ ക്ലാസ്സിൽ പ്രശസ്ത ഫാമിലി മോട്ടിവേറ്ററും പ്രഭാഷകനുമായ ലുക്മാൻ അരീക്കോട് ബന്ധങ്ങളുടെ മൂല്യവും കുടുംബ ഐക്യത്തിന്റെ പ്രാധാന്യവും ആഴത്തിൽ അവതരിപ്പിച്ചു.
കുടുംബത്തിലെ മുതിർന്ന അംഗങ്ങളെ ആദരിക്കുകയും വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ച അംഗങ്ങൾക്ക് അവാർഡുകൾ സമ്മാനിക്കുകയും ചെയ്തത് ചടങ്ങിന് പ്രത്യേക അർത്ഥവുമുണ്ടാക്കി. ഏഴ് കുടുംബങ്ങളിലെ കുട്ടികളും മുതിർന്നവരും ചേർന്ന് അവതരിപ്പിച്ച വർണാഭമായ കലാപരിപാടികൾ സംഗമത്തിന് ഉത്സവച്ചൂട് പകർന്നു.
പ്രസിഡന്റ് പി.വി യൂസുഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷമീർ പി.വി സ്വാഗതം പറഞ്ഞു. സാഹിർ വി.കെ, അഷ്‌റഫ് പേക്കാടൻ, മുഹമ്മദ് കുട്ടി കാരാട്ട്, അബ്ദുറഹിമാൻ മുള്ളമട, ജമീല ടീച്ചർ, അബ്ദുൽ കരീം, ശഹർബാൻ പി.വി., ജുഹൈന, നൗഷാദ് പി.വി, നൗഷീർ പി.വി, റാഹില പി.വി, ഇബ്രാഹിം പി.വി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ബന്ധങ്ങളുടെ ഊഷ്മള ഓർമ്മകളുമായി, ഐക്യത്തിന്റെ പുതുവാഗ്ദാനങ്ങളോടെ, സംഗമം വൈകുന്നേരം 7 മണിക്ക് സമാപിച്ചു.
Tags:
kodiyathur
