ചെറുവാടി : തൊഴിലുടമയുടെ ചതിയിൽപ്പെട്ട് ഗൾഫിൽ ജയിലിലകപ്പെടുകയും ഒടുവിൽ നിരപരാധിത്വം തെളിയിച്ച് നാട്ടിൽ തിരിച്ചെത്തുകയും ചെയ്ത ചെറുവാടി സ്വദേശി ലാലു പ്രസാദിൻ്റെ വീട്ടിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ ജനപ്രതിനിധികളെത്തി.
കഴിഞ്ഞ രണ്ടു വർഷക്കാലത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിൽ തന്റെ നിരപരാധിത്വം പൂർണമായി ബോധ്യപ്പെടുത്തി കഴിഞ്ഞ ദിവസമാണ് ലാലു പ്രസാദ് നാട്ടിലെത്തിയത്.
ഇതോടെ കുടുംബത്തിന് പിന്തുണ അറിയിച്ചും മകൻ തിരിച്ചെത്തിയതിൽ കുടുംബത്തിനുള്ള സന്തോഷത്തിൽ പങ്കുചേരാനുമാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഷംലൂലത്ത്, പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൻ ആയിഷ ചേലപ്പുറത്ത്, പഞ്ചായത്തംഗം ബാബു പൊലുകുന്നത്ത്, ബ്ലോക്ക് പഞ്ചായത്തംഗം സുഹറ വെള്ളങ്ങോട്ട്, മുൻ മെമ്പർ അഷ്റഫ് കൊളക്കാടൻ എന്നിവരെത്തിയത്.
ലാലു പ്രസാദ് ദുബായിൽ ജയിലിലകപ്പെട്ട സമയത്ത് പഞ്ചായത്തധികൃതർ പ്രവാസി സംഘടനകളുമായി ബന്ധപ്പെട്ട് മോചനത്തിനാവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നു. വയനാട് എം.പി രാഹുൽ ഗാന്ധിയുമായി വിഷയം ചർച്ച ചെയ്യുകയും ലാലുവിൻ്റെ രക്ഷിതാക്കളെ രാഹുൽ ഗാന്ധിയുടെ അടുത്ത് എത്തിക്കുന്നതിന് മുൻ കൈ എടുക്കുകയും ചെയ്തിരുന്നു.
ദുബെെയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്‍റായി ജോലി ചെയ്യവേയാണ് തൊഴിലുടമയുടെ ചതിയിൽപ്പെട്ട് നാടുകടത്തലിനും, ആറു മാസം ജയിൽശിക്ഷക്കും കൂടെ വലിയൊരു തുക പിഴയൊടുക്കാനും വിധിക്കപ്പെട്ടത്.
വ്യാജരേഖ ചമച്ച സ്ഥാപന ഉടമ അതിന്റെ ഉത്തരവാദിത്വം ജീവനക്കാരനായ ലാലുവില്‍ കെട്ടിവെച്ചതാണ് കേസില്‍ ഉള്‍പ്പെടാന്‍ ഇടയാക്കിയത്. സ്ഥാപനത്തിന്റെ ഉടമയുടെ മകള്‍ ലാലുവിന് ഒരു ഇമെയില്‍ അയക്കുകയും, അത് പ്രിന്റെടുത്ത് ഒരു വിലാസത്തില്‍ കൊറിയര്‍ ചെയ്യാന്‍ സ്ഥാപനത്തിന്റെ ഉടമയായ സ്ത്രീ നിര്‍ദ്ദേശിക്കുകയും ചെയ്തു.
ജോലിക്കാരനെന്ന നിലയില്‍ ഉടമയുടെ നിര്‍ദ്ദേശമനുസരിച്ച് ലാലു പ്രസ്തുത വിലാസത്തില്‍ ഈ മെയിലില്‍ അറ്റാച്ച് ചെയ്ത പേപ്പറുകള്‍ കൊറിയര്‍ ചെയ്തു. എന്നാല്‍ ഇത് വ്യാജ രേഖകളായിരുന്നു. കൊറിയര്‍ ലഭിച്ച വ്യക്തി നല്‍കിയ പരാതിയില്‍ ദുബൈ പോലീസ് കേസെടുത്തുവെങ്കിലും സ്ഥാപന ഉടമ ലാലുവില്‍ നിന്നും ഇത് മറച്ചുവെച്ചു. സാങ്കേതികമായി കൊറിയര്‍ അയച്ച വ്യക്തിയെന്ന നിലയില്‍ ലാലുവിനെതിരെയാണ് പൊലീസ് കേസ് എടുത്തിരുന്നത്.
ലാലുവിന്റെ മേല്‍ കുറ്റം ചുമത്താനായി വിസ ആവശ്യത്തിനെന്ന പേരില്‍ അറബിയില്‍ തയ്യാറാക്കിയ ഡോക്യുമെന്റിലും സ്ഥാപന ഉടമ ലാലുവിനെക്കൊണ്ട് ഇതിനകം ഒപ്പുവെപ്പിച്ചിരുന്നു. വൈകിയാണ് തനിക്കെതിരെ കേസെടുത്തകാര്യം ലാലു അറിയുന്നത്. കേസ് കോടതിയിലെത്തിയതോടെയാണ് നിയമപരമായി രക്ഷപ്പെടാന്‍ സ്ഥാപന ഉടമ മനപൂര്‍വ്വം ലാലുവിനെ ഇതില്‍ നേരിട്ട് ബന്ധപ്പെടുത്തുകയായിരു ന്നു എന്ന് മനസ്സിലായത്.
Tags:
KODIYATHUR
