സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് ആദ്യം ചർച്ചചെയ്തത് എംഎൽഎമാരുമായിട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനികളായ എംഎൽഎമാരും യുഡിഎഫ് നേതാക്കളും ചർച്ചയിൽ സംശയം ഉന്നയിച്ചിരുന്നു. അവർ ആദ്യമായിട്ടല്ല കെ-റെയിലിനെക്കുറിച്ച് കേൾക്കുന്നത്. നിയമസഭയിൽ പ്രധാനപ്പെട്ട കക്ഷിനേതാക്കൾ തന്നെ കെ-റെയിലുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയിൽ കെ- റെയിലുമായി ബന്ധപ്പെട്ട വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭയിൽ അടിയന്തരപ്രമേയം ഉന്നയിക്കാൻ പ്രതിപക്ഷം തയ്യാറായിട്ടുണ്ട്. അടിയന്തരപ്രമേയത്തിന് മറുപടിയും പറഞ്ഞിട്ടുണ്ട്. ഒട്ടേറെ ചോദ്യങ്ങൾ ഇതുമായി ബന്ധപ്പെട്ട് വന്നിരുന്നു. അപ്പോഴും മറുപടി നൽകിയിട്ടുണ്ട്. ആ ഘട്ടത്തിലൊന്നും കെ-റെയിലിനോട് ഈ തരത്തിലുള്ള എതിർപ്പ് വന്നിട്ടില്ല. ഇതെല്ലാം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ളതാണ്.
തുടക്കത്തിൽ തന്നെ നിയമസഭാ അംഗങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടാണ് പദ്ധതിയുമായി മുന്നോട്ടുപോയത്. ആരിൽ നിന്നും എന്തെങ്കിലും മറച്ചുവെക്കേണ്ട കാര്യം സാധാരണ ഗതിയിൽ വരുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഉണ്ടായ പുതിയ സാഹചര്യമുണ്ട്. അതായിരിക്കാം പദ്ധതിക്കെതിരെ ഇത്തരത്തിൽ കടുത്ത, നേരത്തെ ഇല്ലാത്ത രീതിയിലുള്ള എതിർപ്പുമായി വരുന്നതിന് ഇടയാക്കിയിട്ടുള്ളത്.
വികസനം നാടിന് ആവശ്യമാണ്. വികസനത്തിൽ താൽപ്പര്യമുള്ള എല്ലാവരും ഈ കാര്യത്തിൽ സഹകരിക്കുകയാണ് വേണ്ടത്. ഇപ്പോ ഇത് പറ്റില്ല എന്ന നിലയെങ്കിൽ പിന്നെ എപ്പോഴാണ് എന്നത് നമ്മൾ ആലോചിക്കണം. അതേസമയം, കെ റെയിൽ നടപ്പായില്ലെങ്കിൽ അത് ഭാവി തലമുറയോട് ചെയ്യുന്ന ഏറ്റവും വലിയ നീതികേടായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എതിർപ്പ് രേഖപ്പെടുത്തുന്നു എന്നത് കൊണ്ട് മാത്രം ഒരു സർക്കാർ പദ്ധതി ഉപേക്ഷിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവളം മുതൽ ബേക്കൽ വരെയുള്ള ജലപാത വലിയ താമസമില്ലാതെ പൂർത്തിയാകും. നാഷണൽ ഹൈവേ, മലയോര ഹൈവെ, തീരദേശ പാത, ജലപാത എന്നിവയും വരുന്നു. ഇതോടെ കേരളത്തിന്റെ മുഖഛായ തന്നെ മാറും. ഇതോടെ സംസ്ഥാനത്ത് വലിയ മാറ്റങ്ങളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.