കണ്ണൂരിൽ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പ്രകടനത്തിൽ പ്രകോപന മുദ്രാവാക്യം വിളിക്കുകയും കലാപ ആഹ്വാനം നടത്തി പ്രസം ഗം നടത്തുകയും ചെയ്ത സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഹിന്ദു ഐക്യവേദി നേതാവ് വത്സൻ തില്ലങ്കേരിക്കും ഇരുന്നൂറോളം പ്രവർത്തകർക്കുമെതിരെ കേസ്.
പ്രകോപനപരമായ മുദ്രാവാക്യം വിളിക്കൽ, കലാപത്തിന് ആഹ്വാനം ചെയ്യൽ, മാർഗതടസ്സം ഉണ്ടാക്കുക തുടങ്ങി പ്രധാനപ്പെട്ട വകുപ്പുകൾ ചേർത്താണ് വത്സൻ തില്ലങ്കേരിക്കും പ്രവർത്തകർക്കുമെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്. കണ്ണൂർ ബാങ്ക് റോഡ് മുതൽ സ്റ്റേഡിയം കോർണർ വരെയാണ് ഹിന്ദു ഐക്യവേദിയുടെ പ്രകടനം നടന്നത്.
പ്രകടനത്തിന് ശേഷം നടന്ന പ്രസംഗത്തിൽ എസി.ഡി.പി.ഐയ്ക്കെതിരെ ആക്രമത്തിന് തയ്യാറാണെന്ന തരത്തിലാണ് വത്സൻ തില്ലങ്കേരി സംസാരിച്ചത്. എസ് ഡി പി ഐ വെല്ലുവിളി സ്വീകരിക്കുകയാണ്. ഇതു വരെ വെല്ലു വിളികളെ അവഗണിച്ചു. ഇനി അതുണ്ടാകില്ല. നിങ്ങൾ ചെയ്യുന്നത് പോലെ തിരിച്ച് ചെയ്യുമെന്നുമാണ് വത്സൻ തില്ലങ്കേരി പ്രസംഗിച്ചത്.
ഇത്തരത്തിൽ പ്രകോപനപരമായ പ്രസംഗം ഉണ്ടാകില്ലെന്നായിരുന്നു പ്രകടനത്തിന് മുമ്പ് പൊലീസിനെ അറിയിച്ചിരുന്നത്. ഈ ഉറപ്പ് ലംഘിച്ചതാണ് കേസെടുക്കാൻ പൊലീസിനെ പ്രേരിപ്പിച്ചത്. പ്രകടനത്തിലുടനീളം പ്രകോപനപരമായ മുദ്രാവാക്യം വിളികളുമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇപ്പോൾ കേസ് എടുത്തിരിക്കുന്നത്.
Tags:
KERALA