Trending

ആംബുലന്‍സില്‍ സ്ത്രീ പെണ്‍കുഞ്ഞിന് ജന്മംനല്‍കി; പ്രസവമെടുത്ത് നേഴ്സിങ് അസിസ്റ്റന്‍റും ടെക്നീഷ്യനും


മുക്കം
: മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രാമധ്യേ സ്ത്രീക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖ പ്രസവം. പന്നിക്കോട് ഇരഞ്ഞിമാവ് പഞ്ചിലി വീട്ടില്‍ റഷീദ (40) ആണ് കനിവ് 108 ആംബുലന്‍സിനുള്ളില്‍ പെണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്.

ഞായാറാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം.
പ്രസവ വേദന അനുഭവപ്പെട്ട റഷീദയെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ഉടന്‍ തന്നെ വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റെഫര്‍ ചെയ്യുകയായിരുന്നു. 6.58ന് ഡോക്ടര്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടി. കണ്‍ട്രോള്‍ റൂം എമര്‍ജന്‍സി റസ്പോണ്‍സ് ഓഫീസര്‍ റുമൈസ അത്യാഹിത സന്ദേശം താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിന് കൈമാറി.

ഉടന്‍ തന്നെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ നിഖില്‍ വര്‍ഗീസ്, പൈലറ്റ് സല്‍മാന്‍ ടി.പി എന്നിവര്‍ ആശുപത്രിയില്‍ എത്തി റാഷിദയെ ആംബുലന്‍സിലേക്ക് മാറ്റി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് യാത്ര തിരിച്ചു. ആശുപത്രിയിലെ നേഴ്സിങ് അസിസ്റ്റന്റ് ജിജിമോളും ഇവരെ അനുഗമിച്ചു.
ആംബുലന്‍സ് മുണ്ടിക്കല്‍താഴം എത്തിയപ്പോള്‍ റഷീദയുടെ ആരോഗ്യനില കൂടുതല്‍ വഷളാകുകയും പ്രസവം എടുക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ല എന്ന് മനസിലാക്കി ഇതിന് വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കുകയും ചെയ്തു. 7.30 ന് എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ നിഖില്‍ വര്‍ഗീസ്, നേഴ്സിംഗ് അസിസ്റ്റന്റ് ജിജിമോള്‍ എന്നിവരുടെ പരിചരണത്തില്‍ റാഷിദ കുഞ്ഞിന് ജന്മം നല്‍കി.
പൊക്കിള്‍കൊടി ബന്ധം വേര്‍പ്പെടുത്തി നിഖില്‍ വര്‍ഗീസ് അമ്മയ്ക്കും കുഞ്ഞിനും പ്രഥമശുശ്രൂഷ നല്‍കി. ഉടന്‍ തന്നെ ഇരുവരെയും പൈലറ്റ് സല്‍മാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ഇരുവരും സുഖമായിരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
Previous Post Next Post
Italian Trulli
Italian Trulli