ഗുവാഹത്തി/ഗുരുഗ്രാം: അസമിലും ഗുരുഗ്രാമിലും ക്രിസ്മസ് രാവില്‍ ആഘോഷങ്ങള്‍ തടഞ്ഞ് തീവ്ര വലത് ശക്തികള്‍. അസമിലെ സില്‍ചാറില്‍ ശനിയാഴ്ച ക്രിസ്മസ് ആഘോഷം നടന്ന പള്ളിയിലെത്തി ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍ ആഘോഷങ്ങള്‍ തടഞ്ഞു. ഹിന്ദുക്കള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പാടില്ലെന്നും അതിനാല്‍ പരിപാടികള്‍ നിര്‍ത്തിവയ്ക്കണമെന്നുമായിരുന്നു അവരുടെ ആവശ്യം.
ക്രിസ്ത്യാനികള്‍ ക്രിസ്മസ് ആഘോഷിക്കുന്നതില്‍ പ്രശ്‌നമില്ല. എന്നാല്‍ അതില്‍ ഹിന്ദുക്കളായ കുട്ടികള്‍ പങ്കെടുക്കാന്‍ പാടില്ല. ഡിസംബര്‍ 25 ഹിന്ദുക്കള്‍ക്ക് 'തുളസി ദിവസ്' ആണ്. അന്ന് ആരും ആഘോഷങ്ങള്‍ നടത്താന്‍ പാടില്ല. ഇത്തരം ആഘോഷങ്ങള്‍ ഞങ്ങളുടെ വികാരങ്ങഴ് വ്രണപ്പെടുത്തുന്നതാണ്. എല്ലാവരും ക്രിസ്മസ് ആശംസിക്കുന്നു. ഇങ്ങനെയാണെങ്കില്‍ എങ്ങനെ ഞങ്ങളുടെ മതം നിലനില്‍ക്കുമെന്നും ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍ ചോദിക്കുന്നു.
അതേസമയം, സംഭവത്തില്‍ പരാതി ലഭിക്കാത്തതിനാല്‍ കേസ് എടുത്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. അവിടെ ചെറിയ വഴക്ക് മാത്രമാണ് നടന്നത്. അതില്‍ സ്വമേധയാ കേസെടുക്കേണ്ട ആവശ്യമില്ലെന്നാണ് അസമിലെ ഒരു മുതിര്‍ന്ന പോലീസ് ഓഫീസറുടെ പ്രതികരണം. ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ പള്ളിയില്‍ കയറി ആഘോഷം തടയുമ്പോള്‍ പള്ളിയുടെ ഗേറ്റിനു പുറത്ത് പോലീസ് നോക്കുകുത്തിയായി നില്‍ക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷവും സില്‍ചാറില്‍ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ ക്രിസ്മസ് പരിപാടി തടസ്സപ്പെടുത്തിയിരുന്നു
