കേന്ദ്രവും ഉത്തർപ്രദേശും ഭരിക്കുന്നത് ഇരട്ട എഞ്ചിൻ സർക്കാരുകളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിൻ്റെയും സംസ്ഥാനത്തിൻ്റെയും വികസനത്തിന് ഇരട്ട വേഗത്തിലാണ് ഇരുവരും പ്രവർത്തിക്കുന്നതെന്നും മോദി പറഞ്ഞു. കാൺപൂർ മെട്രോ റെയിൽ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഹനുമാൻ ജിയുടെ അനുഗ്രഹത്താൽ, യുപിയുടെ വികസനത്തിന് മറ്റൊരു സുവർണ്ണ അധ്യായം കൂട്ടിച്ചേർക്കപ്പെടുന്നു. ഇന്ന് കാൺപൂരിന് മെട്രോ കണക്റ്റിവിറ്റി ലഭിച്ചു, ബിനാ റിഫൈനറിയുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇന്ന്, കാൺപൂരിന് സ്വന്തമായി ഒരു മെട്രോ സേവനം ലഭിച്ചു. ഞാൻ മെട്രോയിലൂടെ യാത്ര ചെയ്തു, ഇത് എനിക്ക് അവിസ്മരണീയമായ ഒരു അനുഭവമായിരുന്നു. ഈ നേട്ടം കൈവരിച്ച കാൺപൂരിലെ ജനങ്ങളെ ഞാൻ അഭിനന്ദിക്കുന്നു,” പ്രധാനമന്ത്രി പറഞ്ഞു.
മുൻ സർക്കാരുകൾ ഉത്തർപ്രദേശിൻ്റെ വികസനത്തിനായി പ്രവർത്തിച്ചിട്ടില്ല. ഭരണത്തിൽ ഇരുന്ന് വർഷങ്ങളോളം പാഴാക്കി. എന്നാൽ ബിജെപി ഒരു മിനിറ്റ് പോലും പാഴാക്കിയില്ല, സംസ്ഥാനത്തെ വലിയ ഉയരങ്ങളിലെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഇന്ന് ഉത്തർപ്രദേശിൽ പ്രവർത്തിക്കുന്ന ഇരട്ട എഞ്ചിൻ സർക്കാർ മുൻകാല നഷ്ടം നികത്താൻ ശ്രമിക്കുകയാണ്. ഞങ്ങൾ ഇരട്ട വേഗതയിലാണ് പ്രവർത്തിക്കുന്നത്,” മോദി പറഞ്ഞു.
32 കിലോമീറ്ററാണ് കാൺപൂർ മെട്രോ റെയിൽ പദ്ധതിയുടെ മുഴുവൻ നീളം. 11,000 കോടി രൂപ ചെലവിലാണ് ഇത് നിർമ്മിക്കുന്നത്. ഇതോടെ രാജ്യത്തെ ഏറ്റവും വേഗമേറിയ മെട്രോ പദ്ധതിയായി കാൺപൂർ മെട്രോ മാറും.
Tags:
INDIA
