ദുബായ്: അഫ്ഗാനിസ്താനെ തകര്‍ത്ത് അണ്ടര്‍ 19 ഏഷ്യ കപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. അവസാന ഗ്രൂപ്പ് മത്സരത്തില്‍ അഫ്ഗാനെ ഇന്ത്യ നാല് വിക്കറ്റിനാണ് കീഴടക്കിയത്. അഫ്ഗാന്‍ ഉയര്‍ത്തിയ 260 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 48.2 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ വിജയം നേടി. സ്‌കോര്‍: അഫ്ഗാനിസ്താന്‍ 50 ഓവറില്‍ നാലിന് 259. ഇന്ത്യ 48.2 ഓവറില്‍ ആറിന് 262.
74 പന്തുകളില്‍ നിന്ന് 65 റണ്‍സെടുത്ത ഓപ്പണര്‍ ഹര്‍നൂണ്‍ സിങ്ങും 43 റണ്‍സെടുത്ത് പുറത്താവാതെ നിന്ന രാജ് ബാവയുമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. അംഗ്ക്രിഷ് രഘുവംശി (35), കൗശല്‍ താംബെ (35*), നായകന്‍ യാഷ് ധുല്‍ (26) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. അഫ്ഗാന് വേണ്ടി നൂര്‍ അഹമ്മദ് നാല് വിക്കറ്റെടുത്തു.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനുവേണ്ടി 86 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ഇജാസ് അഹമ്മദ് അഹ്മദ്‌സായിയും 73 റണ്‍സെടുത്ത നായകന്‍ സുലൈമാന്‍ സാഫിയും മികച്ച പ്രകടനം പുറത്തെടുത്തു. ഇരുവരുടെയും കൂട്ടുകെട്ടാണ് അഫ്ഗാനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.സെമി ഫൈനല്‍ ലൈനപ്പ് പുറത്തുവന്നിട്ടില്ല. പാകിസ്താന്‍ നേരത്തേ സെമി ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചിട്ടുണ്ട്. ഗ്രൂപ്പ് എ യില്‍ പാകിസ്താന്‍ ജേതാക്കളായി. ഇന്ത്യ രണ്ടാമതാണ്. ഗ്രൂപ്പ് ബി യിലെ ഒന്നാം സ്ഥാനക്കാരായിരിക്കും സെമിയില്‍ ഇന്ത്യയുടെ എതിരാളി.
Tags:
SPORTS
