Trending

അതിഥിതൊഴിലാളികള്‍ സംഘംചേര്‍ന്നത് പോലീസുകാരെ കൊല്ലാനുറപ്പിച്ചെന്ന് എഫ്ഐആർ; ആകെ അറസ്റ്റിലായത് 162 പേർ


കൊച്ചി: ക്രിസ്മസ് ദിനം രാത്രി കിഴക്കമ്പലത്ത് സംഘർഷം ഒത്തുതീർപ്പാക്കാനെത്തിയ പോലീസുകാരെ കൊല്ലാൻ അതിഥി തൊഴിലാളികൾ ഉറപ്പിച്ചിരുന്നുവെന്ന് എഫ്.ഐ.ആർ. പോലീസുകാരെ വധിക്കാൻ 50-ൽ അധികം വരുന്ന അതിഥി തൊഴിലാളികൾ ഒത്തുകൂടി. എസ്.എച്ച്.ഒ ഉൾപ്പെടെയുള്ള പോലീസുകാരെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് കല്ലുകളും മരവടികളും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് ആക്രമിച്ചത്. ജീപ്പിനുള്ളിലിരുന്ന പോലീസുകാരെ പുറത്തിറങ്ങാൻ കഴിയാത്ത വിധം വാതിൽ ചവിട്ടിപ്പിടിച്ച ശേഷം വാഹനത്തിന് തീയിടുകയായിരുന്നു.

കൊല്ലാനുള്ള ശ്രമത്തിൽ നിന്ന് ഭാഗ്യംകൊണ്ട് മാത്രമാണ് പോലീസുകാർ രക്ഷപ്പെട്ടത്. അഞ്ച് പോലീസുകാർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിൽ രണ്ട് പേർക്ക് ശസ്ത്രക്രിയ ഉൾപ്പെടെ നടത്തേണ്ടി വന്നു. കല്ലുകൊണ്ട് തലയ്ക്കടിച്ചും വടികൊണ്ട് സംഘം ചേർന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേൽപ്പിച്ചുമാണ് ആക്രമിച്ചത്. ചികിത്സയിൽ കഴിയുന്ന പോലീസുകാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് എഫ്.ഐ.ആർ ഇട്ടത്.


കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തതിൽ 106 പേരെക്കൂടി അറസ്റ്റ് ചെയ്തു. 162 പേരുടെ അറസ്റ്റാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. 156 പ്രതികളെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ 24 പേരുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. പിന്നീട് നടത്തിയ തിരിച്ചറിയൽ പരിശോധനയ്ക്കും ചോദ്യം ചെയ്യലിനും ശേഷം 26 പേരുടെ അറസ്റ്റ് കൂടി തിങ്കളാഴ്ച രാവിലെയും രേഖപ്പെടുത്തി. ഇതിന് ശേഷമാണ് 106 പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തിയത്.

പ്രതികൾക്കെതിരെ 12 വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. നാല് സ്റ്റേഷനുകളിലായി പ്രതികളെ പാർപ്പിച്ച് ഇവരുടെ കോവിഡ് പരിശോധന നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. പ്രതികൾ നടത്തിയ അക്രമങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ പോലീസ് കോടതിയെ അറിയിക്കും. കസ്റ്റഡിയിലുള്ളവരിൽ നിന്ന് കുറ്റക്കാരെ തിരിച്ചറിഞ്ഞ് അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയാൽ പ്രതികളുമായി സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുക്കുന്നത് ഉൾപ്പെടെയുള്ള കര്യങ്ങൾ ഇന്ന് തന്നെ പൂർത്തിയാക്കാനാണ് പോലീസ് നീക്കം. അക്രമത്തിന്റെ ദൃശ്യങ്ങളും നാട്ടുകാരുടെ മൊഴിയും പരിശോധിച്ച് വ്യക്തത വരുത്തും.

കേസുമായി ബന്ധപ്പെട്ട് കൂടുതലാളുകളെ കസ്റ്റഡിയിലെടുക്കേണ്ടതുണ്ടോയെന്നും ആരെങ്കിലും ഒളിവിൽ പോയിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടക്കുന്നത്. അതോടൊപ്പം തന്നെ പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോ, ഇവർക്ക് എവിടെ നിന്നാണ് ലഹരി പദാർത്ഥങ്ങൾ കിട്ടുന്നത് തുടങ്ങിയ കാര്യങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്.

അക്രമസംഭവം നടക്കുന്ന സമയത്ത് അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പമുണ്ടായിരുന്നവരും അവരുടെ മൊബൈലുകളിൽ ദൃശ്യങ്ങളെടുക്കുന്നുണ്ടായിരുന്നു. ഇതും പോലീസ് പരിശോധിക്കും. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത കൂടുതൽ ആളുകളെ തിരിച്ചറിയാനാണ് ഈ നടപടി. രണ്ട് ദിവസത്തിനുള്ളിൽ ഈ സംഭവവുമായി ബന്ധപ്പെട്ട എല്ലാവരുടേയും പട്ടിക തയ്യാറാക്കി അറസ്റ്റ് രേഖപ്പെടുത്താനാണ് പോലീസ് ഉദ്ദേശിക്കുന്നത്.

Previous Post Next Post
Italian Trulli
Italian Trulli