മുക്കം: കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടിട്ട് ഒരു വർഷം പിന്നിടുന്ന വേളയിൽ, തന്റെ രാഷ്ട്രീയ നിലപാടുകളും കഴിഞ്ഞുപോയ ഒരു വർഷത്തെ അനുഭവങ്ങളും പങ്കുവെച്ച് അഡ്വക്കേറ്റ് മുഹമ്മദ് ദിഷാൽ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ വേദനയും നിലപാടുകളും വ്യക്തമാക്കിയത്. സജീവ രാഷ്ട്രീയത്തിലേക്ക് ഇനി തിരികെ വരുന്നില്ലെന്നും, എന്നാൽ കോൺഗ്രസ് ആശയങ്ങളിൽ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജില്ലാ നേതൃത്വത്തിന്റെ തീരുമാനത്തോട് വിയോജിച്ച് മത്സരിക്കാനെടുത്ത തീരുമാനത്തിൽ ഇന്നും തെറ്റുതോന്നുന്നില്ലെന്ന് ദിഷാൽ വ്യക്തമാക്കി. അന്ന് ആ തീരുമാനത്തെ പിന്തുണച്ചവരും വിമർശിച്ചവരുമുണ്ട്. വിമതൻ, കുലംകുത്തി, അധികാരമോഹി തുടങ്ങിയ വിശേഷണങ്ങൾ ചാർത്തപ്പെട്ടപ്പോഴും രാഷ്ട്രീയത്തിനപ്പുറം ഹൃദയത്തോട് ചേർന്നുനിന്ന സഹപ്രവർത്തകരും നാട്ടുകാരുമാണ് തന്റെ കരുത്തെന്നും അദ്ദേഹം നന്ദിയോടെ സ്മരിച്ചു.
പാർട്ടിയിൽ നിന്ന് പുറത്തായതിന് ശേഷം മറ്റു പല രാഷ്ട്രീയ പാർട്ടികളിലേക്കും വാതിലുകൾ തുറക്കപ്പെട്ടെങ്കിലും അതിനോടെല്ലാം 'നോ' പറഞ്ഞ് സജീവ രാഷ്ട്രീയത്തിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കുകയായിരുന്നു. നിലവിൽ തന്റെ അഭിഭാഷക വൃത്തിയിലും ടൂറിസം ബിസിനസിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് സമാധാനപരമായി മുന്നോട്ട് പോവുകയാണ്.
പാർട്ടിയിലേക്ക് തിരികെ വരുന്നില്ലേ എന്ന് പലരും സ്നേഹത്തോടെ അന്വേഷിക്കാറുണ്ടെങ്കിലും 'ഇല്ല' എന്നാണ് എല്ലാവരോടുമുള്ള മറുപടി. താൻ കോൺഗ്രസിൽ തിരികെയെത്തരുതെന്ന് വാശിയുള്ള സ്വാധീനമുള്ള ചിലർ പാർട്ടിയിലുണ്ട്. അതുകൊണ്ട് തന്നെ വാശിപിടിച്ച് തിരികെ കയറാൻ ഊർജ്ജം കളയാനില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
ഒരാൾക്ക് കോൺഗ്രസുകാരനായി തുടരാൻ പാർട്ടി അംഗത്വം നിർബന്ധമില്ലെന്ന് ദിഷാൽ അഭിപ്രായപ്പെട്ടു. പാർട്ടി നേതൃത്വത്തിന്റെ നയങ്ങളോടായിരുന്നു തനിക്ക് വിയോജിപ്പുണ്ടായിരുന്നത്. ആ വിയോജിപ്പുകളുടെ പേരിൽ മറ്റൊരു പാർട്ടിയുടെ കൊടിപിടിക്കാനോ സ്വന്തം ആശയത്തെ തള്ളിപ്പറയാനോ നിന്നിട്ടില്ലെന്ന ആത്മാഭിമാനമുണ്ട്.
ആരോടും പരിഭവങ്ങളോ പരാതികളോ ഇല്ലെന്നും, അന്ന് ആശീർവദിച്ചു വിട്ട ഉന്നതരല്ല മറിച്ച് സ്നേഹത്തോടെ വേണ്ടെന്ന് പറഞ്ഞ പലരുമാണ് ഇപ്പോഴും വിളിക്കുകയും കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരുടെ കൂടെയായിരുന്നോ അടിയുറച്ചു നിന്നത് അവരെയൊക്കെ ശരിയായി തിരിച്ചറിയാൻ കഴിഞ്ഞ ഒരു വർഷമാണ് കടന്നുപോയതെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.
Tags:
MUKKAM