Trending

ജില്ലാ കലോത്സവ ലോഗോ: താരമായി റജാ നൗറിൻ.

കൂളിമാട്: ജില്ലാ സ്‌കൂൾ കലോത്സവ ലോഗോ രൂപകല്പനയിൽ താരമായി റജാ നൗറിൻ. നവംബർ 25 മുതൽ ഡിസംബർ 3 വരെ മുക്കത്ത് നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ രൂപകല്പനയിൽ കാരന്തൂർ മർകസ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ ഭിന്നശേഷി വിദ്യാർത്ഥിനി സി. റജാ നൗറിൻ വരച്ച ലോഗോക്ക് ഒന്നാം സ്ഥാനം. ആദ്യമായാണ് ഇത്തരം വിദ്യാർത്ഥിയുടെ ലോഗോ തെരെഞ്ഞെടുക്കപ്പെടുന്നത്. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സി.എസ് അമൃത പ്രകാശനം ചെയ്തു.
ഭിന്നശേഷി വിദ്യാർത്ഥികൾക്ക് മാത്രമായിരുന്നു ഇത്തവണ ലോഗോ നിർമാണ മത്സരം. സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ റജാ നൗറിന് ജന്മനാ വലതു കൈയില്ല. ഇടതുകൈ കൊണ്ടാണ് ഈ കലാകാരി വിസ്മയം തീർത്തത്. സ്‌കൂൾ സ്പെഷൽ എഡുക്കേറ്റർ കെ ജയശ്രീ, ചിത്രകലാ അധ്യാപിക കെ. പ്രീത എന്നിവരാണ് കുട്ടിയുടെ ശേഷി തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിച്ചത്.
പതിനേഴോളം പേരുടെ എൻട്രികളിൽ നിന്നാണ് റജാ നൗറിന് ഒന്നാം സ്ഥാനം കിട്ടിയത്. പ്രധാനധ്യാപകൻ നിയാസ് ചോലയുടെ നേതൃത്വത്തിൽ സ്‌കൂൾ ആർട്ട് ക്ലബിനു കീഴിൽ നടന്നു വരുന്ന സർഗാത്മകത ഉണർത്തു പദ്ധതിയിലും മുള ദിനാചരണ പരിപാടികളിലും മറ്റും ചിത്രം വരച്ച് ഈ മിടുക്കി ശ്രദ്ധ നേടിയിരുന്നു.

ഭിന്നശേഷി വിദ്യാർത്ഥികളുടെ കഴിവുകൾ പൊതു സമൂഹത്തിന് മുന്നിൽ അടയാളപ്പെടുത്താനും അവരെ കലോത്സവത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും ലക്ഷ്യമിട്ട ഈ വേറിട്ട ചിന്തക്ക് വൻ അംഗീകാരവും ലഭിച്ചു.

കലോത്സവ പബ്ലിസിറ്റി കൺവീനർ പി. സതീഷ് കുമാർ, കായികമേള റിസപ്ഷൻ കമ്മിറ്റി കൺവീനർ ഷാനവാസ്‌, ആർ ഡി എസ് ജി എ സെക്രട്ടറി ആശിഷ്, ബി ആർ സി ട്രൈനർ സുജിത്ത്, ഡി ഡി ഇ ഓഫീസ് സൂപ്രണ്ട് പി ബിജീഷ്, സെക്ഷൻ ക്ലാർക്ക് പി നൗഷാദ് അലി എന്നിവർ പ്രകാശന ചടങ്ങിൽ സംസാരിച്ചു. 

വെള്ളി പറമ്പ് ചോലയിൽ റഷീദ് - ഖദീജ ദമ്പതികളുടെ പുത്രിയാണ് റജാ നൗറിൻ.

✍️ന്യൂസ്: മജീദ് കൂളിമാട്.
Previous Post Next Post
Italian Trulli
Italian Trulli