Trending

ആകാശവാണി വാർത്തകൾ വായിക്കുന്നത്.

✍️ഗിരീഷ് കാരക്കുറ്റി.
ബാല്യകാലങ്ങളിൽ റേഡിയോ ഒരത്ഭുതമായിരുന്നു. എൻ്റെ കൊച്ചു ഗ്രാമത്തിൽ അപൂർവ്വം ചില വീടുകളിൽ മാത്രമായിരുന്നത് ഉണ്ടായിരുന്നത്. 

1895ൽ ഇറ്റാലിയൻ ശാസ്ത്രജ്ഞനായ ഗൂഗ്ലിയൽമോ മാർക്കോണിയാണ് റേഡിയോ കണ്ടുപിടിച്ചത്.

കേരളത്തിൽ ഔദ്യോഗികമായി റേഡിയോ പ്രക്ഷേപണം നിലവിൽ വന്നത് 1943 മാർച്ച് 12-നാണ്. തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് 'തിരുവിതാംകൂർ ബ്രോഡ്കാസ്റ്റിംഗ് സ്റ്റേഷൻ' എന്ന പേരിലാണ് ഇത് ആരംഭിച്ചത്. പിന്നീട് 1950 ഏപ്രിൽ 1-ന് ഇത് ഓൾ ഇന്ത്യ റേഡിയോയുടെ (ആകാശവാണി) ഭാഗമായി മാറി.

1950 മെയ് 14-നാണ് ആകാശവാണി കോഴിക്കോട് നിലയം പ്രവർത്തനം ആരംഭിച്ചത്. കേരളത്തിലെ രണ്ടാമത്തെ ആകാശവാണി നിലയമാണിത്.

മഞ്ചേരി എഫ്.എം. (ആകാശവാണി മഞ്ചേരി) പ്രവർത്തനം ആരംഭിച്ചത് 2006 ജനുവരി 28-നാണ്.

കരണ്ടും വെളിച്ചവും ഇല്ലാത്ത അക്കാലത്ത് ഒരിക്കൽ രാത്രി എട്ടു മണിയോടടുത്ത് ദൂരെ നിന്ന് കത്തുന്ന ചൂട്ടും വീശി ഒരാൾ വീട്ടിലേക്ക് നടന്നുവരുന്നു. കൂടെ ചലച്ചിത്ര ഗാനത്തിന്റെ പതിയെ ശബ്ദവും. നിമിഷങ്ങൾക്കുള്ളിൽ അതിൻ്റെ ശബ്ദം കൂടിക്കൊണ്ടിരിക്കുന്നു. ഞാൻ സൂക്ഷിച്ചു നോക്കി വീടിൻ്റെ മുറ്റത്തെത്തിയപ്പോൾ വീശുന്ന ചൂട്ടിൻ്റെ അരണ്ട വെളിച്ചത്തിൽ ഗോതമ്പ റോഡ് കോരൻ അമ്മാവനാണെന്ന് മനസ്സിലായി. കൂലിപ്പണിക്കാരനായ അദ്ദേഹം സ്വരൂപിച്ച് വെച്ച ചില്ലി കാശ് കൊണ്ട് വാങ്ങിയതാണീ റേഡിയോ.

ആദ്യമായി റേഡിയോ കണ്ട ഞാൻ അത്ഭുതവും സന്തോഷവും കൊണ്ട് തുള്ളിച്ചാടി. ഓടിച്ചെന്ന് അദ്ദേഹത്തിൻ്റെ മടിയിൽ ഇരിക്കുന്ന റേഡിയോ ഒന്ന് തൊട്ടു നോക്കി. കേൾക്കാൻ ഇമ്പമാർന്ന ചലച്ചിത്ര ഗാനങ്ങൾ കേട്ടു കൊണ്ടിരിക്കുമ്പോൾ മടിയിൽ കരുതിയ കാരക്ക ഒരെണ്ണം എന്റെ നേരെ നീട്ടിയമ്മാവൻ അതുവാങ്ങി കഴിച്ചപ്പോൾ പാട്ടും മധുരവും കൂടിച്ചേർന്നപ്പോൾ ഇരട്ടി മധുരമായി.

പിന്നീട് വീടിൻ്റെ തൊട്ടടുത്തുള്ള കാരക്കുറ്റി പി കെ ശശിയുടെ അച്ഛൻ ഭാസ്കരേട്ടനും റേഡിയോ വാങ്ങി. അദ്ദേഹം നാട്ടിൽ ഇല്ലാത്തപ്പോൾ കല്യാണി ഏടത്തിക്ക് പേടിക്ക് കിടക്കാൻ ഞാനും മൂത്ത പെങ്ങൾ ശോഭ ചേച്ചിയും രാത്രി പോകാറുണ്ടായിരുന്നു. ഉറക്കം വരുന്നതുവരെ റേഡിയോയിലെ പാട്ടുകളും മറ്റു വിശേഷങ്ങളും കേട്ടിരിക്കാൻ എന്തു രസമായിരുന്നു.

പിന്നീട് എൻ്റെ വലിയ ജേഷ്ഠൻ സുനിലേട്ടൻ കൂലിപ്പണിക്ക് പോയി സ്വരൂപിച്ച് കിട്ടിയ കാശുകൊണ്ട് ഒരു റേഡിയോ വാങ്ങി,

1984 ൽ ഇന്ദിരാഗാന്ധി വെടിയേറ്റ് മരിച്ചപ്പോൾ റേഡിയോ വാർത്ത കേൾക്കാൻ കൊടിയത്തൂർ കോട്ടമ്മലങ്ങാടിയിലെ പാലക്കാടൻ മജീദ് കാക്കയുടെ ഹോട്ടലിൽ റേഡിയോക്കു മുമ്പിൽ കാതും കൂർപ്പിച്ച് ഇരിക്കാറുണ്ടായിരുന്ന കാലം ഓർത്തു പോവുകയാണിന്ന്.

ഇംഗ്ലീഷ് വാർത്തയാണെങ്കിലും, ഒന്നു മനസ്സിലായില്ലെങ്കിലും അങ്ങാടിയിലെ ആബാലവൃത്തം ജനങ്ങൾ കേട്ടിരിക്കും റേഡിയോയിലെ ചൂടുള്ള വാർത്തകൾ. 

ഇംഗ്ലീഷ് വാർത്ത കേട്ടുകൊണ്ടിരിക്കുന്ന ഒരാൾ തൊട്ടരിത്തിരിക്കുന്ന ഒരാളോട് പറയുകയാണ് "ഇന്ദിര ഗാന്ധി എന്നൊക്കെ മലയാളത്തിൽ തന്നെയാണ് പറയുന്നത്" അത് കൂട്ടച്ചിരിക്കിടയാക്കി.

റേഡിയോവിൽ നാടകകൃത്ത് ഖാൻ കാവിലിന്റെ നാടകവും, വെണ്മണി വിഷ്ണുവിൻ്റെയും സുശമ്മയുടെയും വാർത്താവായനയും ഏറെ ഹൃദ്യമായിരുന്നു. റേഡിയോ കേൾക്കാൻ അന്നും ഇന്നും ഏറെ സന്തോഷകരമാണ്.
Previous Post Next Post
Italian Trulli
Italian Trulli