Trending

നീറ്റ് വിവാദം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ജനാധിപത്യ പോരാട്ടത്തിന്റെ വിജയമെന്ന് റിയാദ് ഒഐസിസി.

റിയാദ്: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് വിദ്യാർഥികളുടെയും യുവജനങ്ങളുടെയും ജനാധിപത്യ പോരാട്ടത്തിന്റെ വിജയമാണെന്ന് റിയാദ് ഒഐസിസി സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത തകർത്ത സംഭവത്തിൽ ജനകീയ പ്രതിഷേധങ്ങൾക്ക് മുന്നിൽ കേന്ദ്ര സർക്കാർ ഒടുവിൽ വഴങ്ങേണ്ടിവന്നതിന്റെ തെളിവാണ് ഈ രാജിയെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.

ബത്ഹ സബർമതിയിൽ സംഘടിപ്പിച്ച ആഹ്ലാദ യോഗത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. അധികാരത്തിന്റെ അഹങ്കാരത്തേക്കാൾ ജനങ്ങളുടെ ശബ്ദത്തിനാണ് ശക്തിയെന്ന് ഈ സംഭവം തെളിയിച്ചതായി അദ്ദേഹം പറഞ്ഞു. ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ അനിശ്ചിതത്വത്തിലാക്കിയ വിഷയത്തിൽ ഉത്തരവാദിത്തം ഉറപ്പാക്കാൻ ജനകീയ പ്രതിഷേധങ്ങൾ നിർണായകമായ പങ്കുവഹിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തുടനീളം വിദ്യാർഥി - യുവജന സംഘടനകൾ നടത്തിയ പ്രതിഷേധങ്ങളും പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവരുടെ തുടർച്ചയായ ഇടപെടലുകളുമാണ് ഈ രാഷ്ട്രീയ മാറ്റത്തിന് വഴിയൊരുക്കിയതെന്ന് യോഗത്തിൽ സംസാരിച്ച നേതാക്കൾ അഭിപ്രായപ്പെട്ടു. നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിലെ കുറ്റക്കാർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത പൂർണമായി പുനഃസ്ഥാപിക്കണമെന്നും യോഗം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

ഭാവിയിൽ ഇത്തരം ക്രമക്കേടുകൾ ആവർത്തിക്കാതിരിക്കാൻ വിദ്യാഭ്യാസ-പരീക്ഷാ സംവിധാനങ്ങളിൽ സമഗ്രമായ പരിഷ്കാരങ്ങൾ നടപ്പാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. യോഗത്തിൽ ബാലു കുട്ടൻ, സൈഫ് കായംകുളം, നാദിർഷാ റഹിമാൻ, അശ്റഫ് മേച്ചേരി, ബഷീർ കോട്ടക്കൽ, ബഷീർ കോട്ടയം, റഫീഖ് പട്ടാമ്പി, സോണി പാറക്കൽ, ബഷീർ വണ്ടൂർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും ട്രഷറർ സന്തോഷ് വിളയിൽ നന്ദിയും രേഖപ്പെടുത്തി.

യോഗത്തിനുശേഷം പ്രവർത്തകർ മുദ്രാവാക്യങ്ങൾ മുഴക്കിയും മധുരം വിതരണം ചെയ്തും ആഹ്ലാദം പ്രകടിപ്പിച്ചു. നാസർ മാവൂർ, ഷംസീർ പാലക്കാട്, സിദ്ധീഖ് പന്നിയങ്കര, സൈനുദ്ധീൻ വല്ലപ്പുഴ, ഹാഷിം കണ്ണാടിപ്പറമ്പ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli