വയനാട് തുരങ്കപാത മണ്ണിടിച്ചിൽ: മുഖ്യമന്ത്രി ഇന്ന് കള്ളാടിയിൽ, കഡാവർ നായകളുമായി ഊർജ്ജിത തിരച്ചിൽ നടത്തും; 5 പേരെ കാണാനില്ല, പ്രദേശത്ത് കനത്ത മഴ.
കൽപ്പറ്റ: വയനാട് കള്ളാടിയിൽ തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ കനത്ത മണ്ണിടിച്ചിലിൽ കാണാതായ അഞ്ചുപേർക്കായി ഇന്ന് വിപുലമായ തെരച്ചിൽ നടത്തും. നിർമ്മാണ കരാർ കമ്പനിയിലെ ജീവനക്കാരായ അഞ്ചുപേരെയാണ് ഇനി കണ്ടെത്താനുള്ളത്. മണ്ണടിയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ തെരച്ചിലിനായി ഇന്ന് കെടാവർ നായ്ക്കളെ പ്രദേശത്ത് എത്തിക്കും.
നിലവിൽ പ്രദേശത്ത് കനത്ത മഴ തുടരുന്നതും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. ദുരന്തത്തിൽ മരിച്ച മൂന്ന് അതിഥി തൊഴിലാളികളുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവരുടെ മൃതദേഹങ്ങൾ എയർലിഫ്റ്റ് വഴി ജന്മനാടുകളിലേക്ക് എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.
അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഏഴുപേരിൽ രണ്ടുപേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്നുച്ചയോടെ ദുരന്തബാധിത പ്രദേശം സന്ദർശിക്കുമെന്നാണ് വിവരം. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ കള്ളാടിയിലെ തുരങ്കപാത നിർമ്മാണ മേഖലയോട് ചേർന്നുള്ള മീനാക്ഷി പാലത്തിന് സമീപമാണ് വൻ മണ്ണിടിച്ചിലുണ്ടായത്. പദ്ധതി പ്രദേശത്തെ സുരക്ഷാ ജീവനക്കാരും തൊഴിലാളികളുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് മേപ്പാടിയിൽ നിന്ന് ചൂരൽമലയിലേക്കുള്ള ഏക റോഡ് പൂർണ്ണമായി തടസ്സപ്പെട്ടു. പ്രദേശവാസികളെ സുരക്ഷിതമായി ചുളിക്ക സർക്കാർ എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
വയനാട് മേപ്പാടിയില്‍ തുരങ്കപാത നിര്‍മാണമേഖലയിലെ മീനാക്ഷിപാലത്തിന് സമീപത്തുണ്ടായ മണ്ണിടിച്ചില്‍ സാധ്യത സംബന്ധിച്ച് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ്.
പദ്ധതി പ്രദേശത്ത് കൂട്ടിയിട്ട മണ്ണ് കാരണം മഴക്കാലത്ത് സോയില്‍ പൈപ്പിങ്, സ്ലോപ്പ് സ്റ്റബിലിറ്റി പ്രതിഭാസമോ കാരണം ഒരു അപകടം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും, തടയാന്‍ വേണ്ട മുന്‍കരുതലെടുക്കണമെന്നും പിഡബ്ല്യുഡി ജൂണ്‍ 25ന് ചേര്‍ന്ന അവലോകന യോഗത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. യോഗത്തിന്റെ മിനുട്ട്‌സ് പിഡബ്ല്യുഡി പുറത്ത് വിട്ടു. തുരങ്കപാതയുടെ മണ്ണ് അശാസ്ത്രീയമായി കൂട്ടിയിട്ടതാണ് അപകടത്തിന് കാരണമായെന്ന് മന്ത്രി ടി സിദ്ദിഖും പ്രതികരിച്ചു.
കള്ളാടിയില്‍ മനുഷ്യ നിര്‍മ്മിത ദുരന്തമാണ് നടന്നതെന്ന് സിദ്ദിഖ് പറഞ്ഞു. അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടത് ചെറിയ മഴ പെയ്താല്‍ പോലും അപകടം ഉണ്ടാക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അശാസ്ത്രീയമായ രീതിയിലാണ് മണ്ണ് നീക്കം നടത്തിയിരുന്നത്. മീറ്റിംഗിലും അല്ലാതെയും മുന്നറിയിപ്പ് നല്‍കിയിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കുന്നതില്‍ പാളിച്ചയുണ്ടായി.
നിര്‍ദ്ദേശം അനുസരിച്ച് മുന്നോട്ട് പോകാത്ത സാഹചര്യം ഗൗരവതരമായി കാണും. ഇക്കാര്യം കൊങ്കണ്‍ അധികൃതരേയും അറിയിച്ചിരുന്നു. മണ്ണ് കൂട്ടിയിട്ടത് മാറ്റാത്തത് എന്തെന്ന് അന്വേഷിക്കുമെന്നും ടൗണ്‍ഷിപ്പിലും മണ്ണ് അശാസ്ത്രീയമായി കൂട്ടിയിട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം ദുരന്തത്തിന് പിന്നാലെ കോഴിക്കോട് തുരങ്കപാത നിര്‍മാണം നടക്കുന്ന പ്രദേശത്ത് നിര്‍മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.
Tags:
KERALA