Trending

പ്രിയദര്‍ശിനി സൗജന്യ യാത്രയ്ക്ക് ഒരു മാസം; വന്‍ വിജയമാക്കി സ്ത്രീ യാത്രക്കാര്‍;


വഴിമുട്ടി പ്രൈവറ്റ് ബസ് ഉടമകളും ജീവനക്കാരും; ഒരുമാസം 95 കോടിയുടെ സൗജന്യയാത്ര.

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഉറപ്പാക്കുന്ന പ്രിയദര്‍ശനി പദ്ധതി ആരംഭിച്ചിട്ട് ഇന്ന് ഒരു മാസം. ഇന്ദിര ഗ്യാരണ്ടിയിലെ ആദ്യ പ്രഖ്യാപനം വിജയകരം എന്ന് യാത്രക്കാരും ഗതാഗതമന്ത്രി സി പി ജോണും പറഞ്ഞു. 

സ്ത്രീ യാത്രക്കാരുടെ എണ്ണം പ്രതീക്ഷിച്ചതിനേക്കാള്‍ ഇരട്ടിയാകുകയാണ്. പദ്ധതി പ്രഖ്യാപനത്തില്‍ പ്രതീക്ഷിച്ചതില്‍ നിന്നും 30 കോടി രൂപ പ്രതിമാസം അധികം നല്‍കേണ്ടി വരുമെന്നത് സര്‍ക്കാരിന് മുന്നിലെ പ്രതിസന്ധി. അതേസമയം പ്രിയദര്‍ശിനി പദ്ധതി വിജയിച്ചതോടെ ജീവിതം വഴിമുട്ടിയെന്ന് പറയുകയാണ് പ്രൈവറ്റ് ബസ് ഉടമകളും ജീവനക്കാരും. 

ദിവസ ജോലിക്കാരും, വിദ്യാര്‍ത്ഥികളുമുള്‍പ്പടെ ഭൂരിഭാഗം പേരും കാത്തിരിക്കുന്നത് പ്രിയദര്‍ശിനിക്കായാണ്. കാലുകുത്താന്‍ സ്ഥലമില്ലാതെയാണ് ഒരോ ബസിന്റെയും യാത്ര. നഗരപരിധി കഴിഞ്ഞാല്‍ തിരക്ക് കൂടും.ഇരിക്കാന്‍ സീറ്റില്ലെന്ന് ചില പുരുഷന്മാര്‍ക്ക് പരാതി പറഞ്ഞു തുടങ്ങിയിട്ടുണ്ട്. പക്ഷെ ഒരു മാസക്കാലയളവില്‍ കണ്ടത് സ്ത്രീകളുടെ ഇന്നേവരെയില്ലാത്ത സ്വാതന്ത്ര്യ പ്രഖ്യാപനമാണ്.ആദ്യ 100 ദിവസങ്ങള്‍ സര്‍ക്കാരിനും പഠനത്തിനുള്ള സമയമാണ്. കഴിഞ്ഞ 30 ദിവസങ്ങളിലെ ലഭനഷ്ട കണക്കും നിര്‍ണായകം. യാത്ര തുടങ്ങിയതിന്റെ പിറ്റേന്ന്, മെയ് 16ന്, യാത്ര ചെയ്ത സ്ത്രീകളുടെ എണ്ണം 11 ലക്ഷത്തി എണ്‍പതിനായിരമായിരുന്നു.

രണ്ട് കോടി 46 ലക്ഷം രൂപ ടിക്കറ്റ് വരുമാനത്തിലൂടെ കെഎസ്ആര്‍ടിസിക്ക് നഷ്ടം. ഇനി കഴിഞ്ഞ ദിവസങ്ങളിലെ കണക്ക്. സ്ത്രീകളുടെ എണ്ണം 14 ലക്ഷത്തി എണ്‍പതിനായിരം. ടിക്കറ്റുകളുടെമൂല്യം മൂന്ന് കോടി രൂപ കവിഞ്ഞു. മിനിമം ചാര്‍ജില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 600 രൂപയും മറ്റുള്ളവര്‍ക്ക് അതില്‍ കൂടുതലും മാസവും ലാഭിക്കാനാകും. 
സിറ്റി ഫാസ്റ്റ് സൂപ്പര്‍ഫാസ്റ്റ് ബസുകളിലേക്കും പദ്ധതി വ്യാപിച്ചാല്‍ കൂടുതല്‍ ആളുകളിലേക്ക് ആനുകൂല്യം എത്തും. ഓര്‍ഡിനറി ബസ്സില്‍ മാത്രമെങ്കിലും സൗജന്യ യാത്ര അനുവദിച്ചാല്‍ 3 മാസത്തിനുള്ളില്‍ 60 കോടിയോളം രൂപ കെഎസ്ആര്‍ടിസിക്ക് നഷ്ടമുണ്ടാകുമെന്നാണ് സൗജന്യ യാത്ര തുടങ്ങുന്നതിന് മുന്‍പുള്ള കണക്ക് . 

എന്നാല്‍ ആദ്യമാസം തന്നെ യാത്രക്കാരുടെ എണ്ണത്തിലെ വര്‍ദ്ധന കണക്കുകൂട്ടലുകള്‍ തെറ്റിക്കും. ശമ്പള പെന്‍ഷനിനത്തില്‍ സര്‍ക്കാര്‍ കോര്‍പ്പറേഷന്‍ നല്‍കുന്ന 125 കോടിക്ക് പുറമെയാണ് ഈ കണക്ക് എന്നുകൂടെ മറന്ന് പോകരുത്. എന്നാല്‍ ഇപ്പോഴും സര്‍ക്കാര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. അധിക തുക കോര്‍പ്പറേഷന് ബാധ്യതയാകില്ലെന്ന് ഗതാഗത മന്ത്രി സി.പി ജോണും കഴിഞ്ഞ ഒന്നര മാസക്കാലമായി ആവര്‍ത്തിക്കുന്നു.
Previous Post Next Post
Italian Trulli
Italian Trulli