ഗോതമ്പറോഡ്: ബാലസാഹിത്യ രംഗത്ത് ശ്രദ്ധേയമായ ചുവടുവെപ്പ് നടത്തിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ഫാസിഹിനെ വെല്‍ഫെയര്‍ പാര്‍ട്ടി ഗോതമ്പറോഡ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ആദരിച്ചു. 'പന്തയത്തില്‍ ജയിച്ച ആമ' എന്ന പേരില്‍ പുറത്തിറക്കിയ ബാലകഥാ സമാഹാരത്തിന്റെ രചയിതാവെന്ന നിലയിലാണ് ഫാസിഹിനെ ആദരിച്ചത്.
വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം അസ്ലം ചെറുവാടി ഉപഹാരം സമ്മാനിച്ചു. ചെറുപ്രായത്തില്‍ തന്നെ സാഹിത്യരചനയിലൂടെ സമൂഹത്തിന് മാതൃകയായ ഫസിഹിന്റെ സൃഷ്ടിപരമായ മുന്നേറ്റം മറ്റ് വിദ്യാര്‍ഥികള്‍ക്കും പ്രചോദനമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. സാലിം ജീറോഡ് പുസ്തകം പരിചയപ്പെടുത്തി.
മണ്ഡലം പ്രസിഡന്റ് ഇ.കെ.കെ ബാവ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ചാലില്‍ അബ്ദു, യൂനിറ്റ് പ്രസിഡന്റ് അഷ്‌റഫ് പി.കെ എന്നിവര്‍ സംസാരിച്ചു.
പരേതനായ വല്ലാക്കല്‍ അബ്ദുന്നാസര്‍-താഹിറ ദമ്പതികളുടെ മകനായ ഫാസിഹ്, കാരന്തൂരിലെ മര്‍കസ് റൈഹാന്‍ വാലി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.
പന്ത്രണ്ട് മനോഹര ബാലകഥകള്‍ ഉള്‍ക്കൊള്ളുന്ന ഈ സമാഹാരം കുട്ടികളുടെ വായനാശീലം വളര്‍ത്തുന്നതിനും ഭാവനയും ചിന്താശേഷിയും വികസിപ്പിക്കുന്നതിനും സഹായകമാണെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
ഫോട്ടോ: പുസ്തക രചയിതാവ് ജീറോഡിലെ ഫാസിഹിന് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ആദരം സംസ്ഥാന കമ്മിറ്റി അംഗം അസ്ലം ചെറുവാടി സമ്മാനിക്കുന്നു.
Tags:
KODIYATHUR