ഹൂസ്റ്റൺ: ലോകകപ്പ് ഗ്രൂപ്പ് കെയിലെ ആദ്യ മത്സരത്തിൽ കരുത്തരായ പോർച്ചുഗലിനെ സമനിലയിൽ തളച്ച് ഡി.ആർ കോംഗോ. ഹൂസ്റ്റണിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി പിരിയുകയായിരുന്നു. ആറാം മിനിറ്റിൽ ജാവോ നെവെസിലൂടെ പോർച്ചുഗൽ മുന്നിലെത്തിയെങ്കിലും ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ യൊവാനെ വിസ്സയിലൂടെ കോംഗോ തിരിച്ചടിക്കുകയായിരുന്നു. 1974-ന് ശേഷം ആദ്യമായി ലോകകപ്പ് കളിക്കാനിറങ്ങിയ കോംഗോ തങ്ങളുടെ ആദ്യ ലോകകപ്പ് പോയിന്റാണ് സ്വന്തമാക്കിയത്.
ആറാം ലോകകപ്പ് കളിക്കാനിറങ്ങുന്ന സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നായകത്വത്തിലാണ് പോർച്ചുഗൽ കളത്തിലിറങ്ങിയത്. കളി തുടങ്ങി ആറാം മിനിറ്റിൽ പെഡ്രോ നെറ്റോ നൽകിയ പാസ് ഹെഡ്ഡറിലൂടെ വലയിലെത്തിച്ച് യുവതാരം നെവെസ് പോർച്ചുഗലിന് നൽകിയത് സ്വപ്നതുല്യമായ തുടക്കം. മത്സരത്തിൽ 75 ശതമാനത്തിലധികം പന്ത് കൈവശം വെച്ച് ആധിപത്യം പുലർത്തിയെങ്കിലും പിന്നീട് കോംഗോ പ്രതിരോധം തകർക്കാൻ പറങ്കികൾക്കായില്ല.
തുടക്കത്തിൽ ഗോൾ വഴങ്ങിയിട്ടും പതറാതെ കളിച്ച കോംഗോ മികച്ച പ്രത്യാക്രമണങ്ങളിലൂടെ പോർച്ചുഗൽ പ്രതിരോധത്തെ വിറപ്പിച്ചു നിർത്തി. ഒന്നാം പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ ലഭിച്ച കോർണർ കിക്ക് മനോഹര ഹെഡ്ഡറിലൂടെ വലയിലാക്കി യൊവാനെ വിസ്സ കോംഗോയെ ഒപ്പമെത്തിച്ചു. ലോകകപ്പ് ചരിത്രത്തിൽ കോംഗോ നേടുന്ന ആദ്യ ഗോൾ കൂടിയാണിത്.
ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ റൊണാൾഡോയിലേക്ക് ഉറ്റുനോക്കിയ ആരാധകർക്ക് നിരാശയായിരുന്നു ഫലം. മത്സരത്തിൽ ലഭിച്ച രണ്ട് അവസരങ്ങൾ റൊണാൾഡോയ്ക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല. 54-ാം മിനിറ്റിൽ ജാവോ കാൻസെലോ ബൈസിക്കിൾ കിക്കിലൂടെ കോംഗോ വല കുലുക്കിയെങ്കിലും വി.എ.ആർ പരിശോധനയിൽ ഓഫ്‌സൈഡാണെന്ന് കണ്ടെത്തി.
Tags:
SPORTS