കോഴിക്കോട്: ലഹരിക്കെതിരെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാന് പിന്തുണ തേടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ജിഫ്രി തങ്ങളെയും കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെയും സന്ദർശിച്ചു. തൂഫാൻ വാറിയർ ബാഡ്ജ് ഇരുനേതാക്കൾക്കും ആഭ്യന്തരമന്ത്രി അണിയിച്ചു.
140 മണ്ഡലങ്ങളിലും ലഹരിവിരുദ്ധ പരിപാടി സംഘടിപ്പിക്കും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇപ്പോൾ തന്നെ 15 കോടിയുടെ ലഹരി പിടികൂടി. എല്ലാവരിൽ നിന്നും തൂഫാന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. എല്ലാവരും തൂഫാൻ വാറിയറാവണം. തൂഫാൻ സ്‌ട്രൈക്ക്, തൂഫാൻ വാറിയർ, തൂഫാൻ കെയർ എന്നീ മൂന്ന് ഘട്ടമായാണ് പദ്ധതി.
ലഹരിയുടെ പേരിൽ നിരപരാധികളെ ബുദ്ധിമുട്ടിക്കരുത്. ലഹരി ആരോപിച്ച് കുറ്റ്യാടിയിൽ പെൺകുട്ടിക്കെതിരെ സൈബർ ആക്രമണവും ആൾക്കൂട്ട ആക്രമണവും ഉണ്ടായത് പ്രത്യേകം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ജാതിയോ മതമോ വ്യത്യാസമില്ലാതെ മനുഷ്യരെല്ലാവരും ആഗ്രഹിക്കുന്നതാണ് ലഹരിയില്ലാത്ത നാടെന്ന് കാന്തപുരം പറഞ്ഞു. ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് നിഷിദ്ധമാണ്. എല്ലാ മതങ്ങളും അതാണ് ഉണർത്തുന്നത്.
ചെറുപ്പക്കാർ ലഹരിക്ക് അടിമകളാകുന്നത് രാഷ്ട്രീയമോ മതമോ ഒന്നും നോക്കാതെ തടയണം. അതിന് എല്ലാവിധ പിന്തുണയും ഉണ്ടാകും. ഓപ്പറേഷൻ തൂഫാൻ ആവിഷ്‌കരിച്ച ആഭ്യന്തരമന്ത്രിയെ അഭിനന്ദിക്കുന്നുവെന്നും കാന്തപുരം പറഞ്ഞു.
'ഓപ്പറേഷൻ തൂഫാൻ': വെള്ളിയാഴ്ച പള്ളികളിൽ ബോധവൽക്കരണം നടത്താൻ ഖത്തീബുമാർക്ക് ജിഫ്‌രി തങ്ങളുടെ ആഹ്വാനം.
കോഴിക്കോട്: സംസ്ഥാനത്ത് പടർന്നുപിടിക്കുന്ന ലഹരി മാഫിയയുടെ വേരറുക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിക്ക് സമസ്‌തയുടെ പൂർണ്ണ പിന്തുണ.
പദ്ധതിയുടെ ഭാഗമായി വെള്ളിയാഴ്ചകളിൽ ജുമുഅ നമസ്ക്‌കാരത്തിന് ശേഷം പള്ളികളിൽ ഖത്തീബുമാർ ലഹരിക്കെതിരെ പ്രത്യേക ബോധവൽക്കരണം നടത്തണമെന്ന് സമസ്‌ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ആഹ്വാനം ചെയ്തു.
കോഴിക്കോട് ഫ്രാൻസിസ് റോഡിലെ സമസ്ത കാര്യാലയത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തങ്ങൾ ഇക്കാര്യം വ്യക്തമാക്കിയത്. ലഹരി വിരുദ്ധ പോരാട്ടത്തിനൊപ്പം സമകാലിക രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി.
പദ്ധതിയെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു: ജിഫ്തി തങ്ങൾ
വി.ഡി. സതീശൻ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷം മന്ത്രിസഭയിലെ ഏറ്റവും മുതിർന്ന അംഗമായ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആവിഷ്‌കരിച്ച 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയെ മാനസികമായി ഏറെ സന്തോഷത്തോടെയാണ് സമസ്‌ത സ്വാഗതം ചെയ്തതെന്ന് ജിഫ്‌രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. പദ്ധതി പ്രഖ്യാപിച്ചതു മുതൽ തന്നെ എല്ലാവിധ പിന്തുണയും ആഭ്യന്തരമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
"പ്രായഭേദമന്യേ ചെറുപ്പക്കാരും മധ്യവയസ്കരുമെല്ലാം മയക്കുമരുന്നിന് അടിമപ്പെട്ട് ജീർണ്ണിക്കുന്ന ഒരു അവസ്ഥയാണ് ഇന്ന് സമൂഹത്തിലുള്ളത്. ഇതിനെതിരെ കഴിവിൻ്റെ പരമാവധി പ്രതിരോധം തീർക്കാൻ നമ്മൾ ശ്രമിക്കണം.
സമസ്തയുടെയും അതിൻ്റെ പോഷക സംഘടനകളുടെയും നേതാക്കളും പ്രവർത്തകരും ഈ പദ്ധതിയുമായി പൂർണ്ണമായി സഹകരിക്കണം. എല്ലാ പള്ളികളിലെയും ഖത്തീബുമാർ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം ഈ വിഷയത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കാൻ പ്രത്യേകമായി ശ്രദ്ധിക്കണം" എന്നും സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
Tags:
KERALA