കൊടിയത്തൂർ: സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് സി.കെ കാസിം എം.എൽ.എയുടെ സ്നേഹ സമ്മാനം നൽകാത്ത നടപടിക്കെതിരെ സൗത്ത് കൊടിയത്തൂരിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
ടൗൺ മുസ്ലീം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി കവിത ഉദ്ഘാടനം ചെയ്തു. പി.പി ഉണ്ണിക്കമ്മു അധ്യക്ഷത വഹിച്ചു.
അബ്ദുൽ റഷീദ് ചേപ്പാലി, എൻ.കെ അഷ്‌റഫ്, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ അഹമ്മദ്ക്കുട്ടി പൂളത്തൊടി, ആയിഷ ചേലപ്പുറത്തു, കസ്ന ഹമീദ്, പഞ്ചായത്ത് മെമ്പർമാരായ എം.പി ജുമൈല, എസ്.എ നാസർ, ടി.പി ശറഫുദ്ധീൻ, കെ.വി നിയാസ്, പ്രേമ കോട്ടമ്മൽ, ജമാൽ ചെറുവാടി, ശരീഫ് അമ്പലക്കണ്ടി, വൈത്തല അബൂബക്കർ, അബ്ദു കണിയാത്ത്, ജസീം മണക്കാടി, ഫസൽ കൊടിയത്തൂർ, പി.സി അബ്ദുൽ നാസർ
എന്നിവർ സംസാരിച്ചു.
ഒന്നാം ക്ലാസ് കുട്ടികൾക്കുള്ള എംഎൽഎയുടെ സ്നേഹ സമ്മാനം വിതരണം ചെയ്തില്ല; കൊടിയത്തൂർ എസ്.കെ.യു.പി സ്കൂൾ നടപടി വിവാദത്തിൽ.
കൊടിയത്തൂർ: തിരുവമ്പാടി എം.എൽ.എ സി.കെ കാസിം മണ്ഡലത്തിലെ മുഴുവൻ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കും നൽകിയ സ്നേഹ സമ്മാനം വിദ്യാർത്ഥികൾക്ക് നൽകാത്ത സ്കൂളിൻ്റെ നടപടി വിവാദമായിരുന്നു. കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ സൗത്ത് കൊടിയത്തൂർ എ യു പി സ്കൂളിലാണ് വിദ്യാർത്ഥികൾക്ക് സമ്മാനം നിഷേധിച്ചത്. സി.പി.എം ആഭിമുഖ്യമുള്ള മാനേജ്മെൻ്റ് നടത്തുന്ന സ്കൂളായതിനാലാണ് സമ്മാനം നിഷേധിച്ചതെന്ന ആരോപണവുമായി മുസ്ലീം ലീഗ് ഉൾപ്പെടെ രംഗത്തെത്തി.
ഉപജില്ലയിലെ മറ്റെല്ലാ സ്കൂളുകളിലും സമ്മാനം വിതരണം ചെയ്തപ്പോഴാണ് എസ്.കെ.യു.പി സ്കൂളിൽ മാത്രം വിദ്യാർത്ഥികൾക്ക് സമ്മാനം നിരസിച്ചത്. ഇത് വ്യാപക പ്രതിഷേധത്തിനും കാരണമായി. സമ്മാനം സംബന്ധിച്ച് 3 തവണ സ്കൂളിലേക്ക് ഇ.മെയിൽ അയയ്ക്കുകയും ഹെഡ്മാസ്റ്റർമാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ വിവരം നിരന്തരം അറിയിക്കുകയും ചെയ്തിട്ടും സ്കൂൾ അധികൃതർ രാഷ്ട്രീയം കളിക്കുകയായിരുന്നു എന്നാണ് ലീഗ് ആരോപിക്കുന്നത്.
മാനേജ്മെന്റിന്റെ ഒത്താശയും ചില അധ്യാപകരുടെ അന്ധമായ രാഷ്ട്രീയ അടിമത്വവും കാരണമാണ് സൗത്ത് കൊടിയത്തൂർ യു പി സ്കൂളിലെ നവാഗത വിദ്യാർത്ഥികൾക്ക് കിട്ടേണ്ട തിരുവമ്പാടി എം എൽ എ യുടെ പ്രവേശനോത്സവ കൈനീട്ടം നഷ്ടപ്പെടുത്തിയതെന്നും ജനാധിപത്യ വിരുദ്ധവും വിദ്യാർത്ഥികളുടെ അവകാശത്തിന്മേലുള്ള കടന്നു കയറ്റവുമാണെന്നു ലീഗ് നേതാക്കൾ പറഞ്ഞു.
എം എൽ എയുടെ സ്നേഹ സമ്മാനം നേരത്തെ തന്നെ പ്രഖ്യാപിക്കുകയും കുട്ടികളുടെ ലിസ്റ്റ് ആവശ്യപെട്ടുള്ള കത്ത് മുക്കം എ ഇ ഒ എല്ലാ സ്കൂളുകളോടും ഔദ്യോഗികമായി ആവശ്യപെടുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് മൂന്ന് ഇ മെയിലുകൾ എസ് കെ യു പി സ്കൂളിലേക്ക് അയച്ചെങ്കിലും ഇതിന് മറുപടി നൽകാതെ കുട്ടികൾക്കും ലഭിക്കേണ്ട സ്നേഹ സമ്മാനം നഷ്ടപ്പെടുത്തിയ അധ്യാപകരുടെയും ഇതിന് കൂട്ട് നിന്ന മാനേജ്‍മെന്റിന്റെയും നിലപാട് പ്രതിഷേധാർഹമാണന്നും മാത്രമല്ല പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലും വാർഡ് മെമ്പരുടെ സാനിധ്യത്തിൽ പ്രവേശനോത്സവം നടത്തിയപ്പോൾ എസ്.കെ.യു.പി സ്കൂളിൽ പത്തൊമ്പതാം വാർഡ് മെമ്പർ എം.പി ജുമൈലയെ വിളിക്കാതെ അവഹേളിച്ചതായും ഇവർ പറയുന്നു.
പതിട്ടാണ്ടുകളുടെ പാരമ്പര്യമുള്ള നാട്ടിലെ പൊതു വിദ്യാലയത്തെ രാഷ്ട്രീയ വിരോധങ്ങൾക്ക് ഉപയോഗിക്കുന്ന കുടില മനസ്സുള്ളവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് കമ്മിറ്റിയും ആവശ്യപെട്ടു.
Tags:
KODIYATHUR