ജിയോ ഹോട്സ്റ്റാറിനെ മറികടന്ന് സംപ്രേഷണാവകാശം സീ എന്റർടൈൻമെന്റിന്.
ന്യൂഡൽഹി: ഇന്ത്യൻ കായിക സംപ്രേഷണ രംഗത്ത് വൻ അട്ടിമറി. റിലയൻസ് ജിയോ സ്റ്റാറുമായുള്ള കടുത്ത മത്സരത്തിനൊടുവിൽ, വരാനിരിക്കുന്ന ഫിഫ ലോകകപ്പുകളുടെ ഇന്ത്യയിലെ സംപ്രേഷണാവകാശം സീ എന്റർടൈൻമെന്റ് എന്റർപ്രൈസ് ലിമിറ്റഡ് (ZEEL) സ്വന്തമാക്കി. സീയുടെ പുത്തൻ കായിക ചാനലായ ‘യുണൈറ്റ്8 സ്‌പോർട്‌സ്’ (Unite8 Sports) വഴിയും ‘സീ5’ (Zee5) ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെയുമാകും ഇനി ഫുട്ബോൾ ആവേശം ഇന്ത്യൻ പ്രേക്ഷകരിലേക്ക് എത്തുക.
2026, 2030 വർഷങ്ങളിലെ പുരുഷ ലോകകപ്പുകൾ, 2027-ലെ വനിതാ ലോകകപ്പ് എന്നിവയുൾപ്പെടെ 2034 വരെയുള്ള പ്രമുഖ ഫിഫ ടൂർണമെന്റുകളുടേയും അനുബന്ധ ഡോക്യുമെന്ററികളുടേയും സംപ്രേഷണാവകാശമാണ് സീ സ്വന്തമാക്കിയിരിക്കുന്നത്. ഇതിനുപുറമേ അണ്ടർ-17, അണ്ടർ-20 പുരുഷ-വനിതാ ലോകകപ്പുകൾ, ഫുട്‌സാൽ ലോകകപ്പുകൾ, ഇന്റർകോണ്ടിനെന്റൽ കപ്പുകൾ എന്നിവയും സീ ചാനലുകളിലൂടെ ദൃശ്യമാകും.
നേരത്തെ ഫിഫയുമായി സംപ്രേഷണാവകാശ തുകയെച്ചൊല്ലി ജിയോസ്റ്റാറിന് ധാരണയിലെത്താൻ സാധിക്കാതെ വന്നതോടെയാണ് സീ ഈ രംഗത്തേക്ക് പ്രവേശിച്ചത്. തങ്ങളുടെ ചില വിനോദ ചാനലുകൾ നിർത്തലാക്കിക്കൊണ്ടാണ് കമ്പനി യുണൈറ്റ്8 സ്‌പോർട്‌സ് 1 (ഹിന്ദി), യുണൈറ്റ്8 സ്‌പോർട്‌സ് 2 (ഇംഗ്ലീഷ്) എന്നീ ചാനലുകളും അവയുടെ എച്ച്.ഡി. പതിപ്പുകളും അവതരിപ്പിച്ചത്.
Tags:
SPORTS