കത്തറമ്മൽ : മാട്ടുലായി - പൊമ്പ്രമല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹിൽവ്യൂ റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വാർഡ് മെമ്പർമാരുമായി പൊതുജനങ്ങൾ പങ്കെടുത്ത മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. പ്രദേശത്തെ വികസന കാര്യങ്ങളും ജനങ്ങളുടെ വിവിധ ആവശ്യങ്ങളും ജനപ്രതിനിധികളുമായി നേരിട്ട് ചർച്ച ചെയ്യുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്.
അസോസിയേഷൻ പ്രസിഡണ്ട് അബ്ദുറഹിമാൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സുരേഷ് മാസ്റ്റർ സ്വാഗതം ആശംസിച്ചു.
കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ മെഹബൂബ് പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. പ്രദേശത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വാർഡുകളിലെ മെമ്പർമാരായ പ്രിയങ്ക കരൂഞ്ഞിയിൽ, ഷബീറ അഷ്കർ തുടങ്ങിയവർ സംബന്ധിച്ചു.
പ്രദേശത്തെ കുടിവെള്ള പ്രശ്നം, പഞ്ചായത്ത് കിണർ ആൾമറ കെട്ടൽ, റോഡ് വികസനം, സ്ട്രീറ്റ് ലൈറ്റുകളുടെ സ്ഥാപനം തുടങ്ങിയ വിവിധ വിഷയങ്ങളിൽ മെമ്പർമാരും അസോസിയേഷൻ ഭാരവാഹികളും നാട്ടുകാരും തമ്മിൽ വിശദമായ ചർച്ചകൾ നടത്തി.
പ്രദേശവാസികളുടെ ന്യായമായ ആവശ്യങ്ങൾക്ക് എത്രയും വേഗം പരിഹാരം കാണാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മറുപടി പ്രസംഗത്തിൽ വാർഡ് മെമ്പർ ഉറപ്പുനൽകി. അസോസിയേഷൻ ഭാരവാഹികളും നാട്ടുകാരും ചടങ്ങിൽ സംബന്ധിച്ചു.
Tags:
KOZHIKODE