കീഴുപറമ്പ്: കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈന്റ് (കെ.എഫ്.ബി) ഏറനാട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ, ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച 'SMILE 2K26' വിദ്യാഭ്യാസ കിറ്റ് വിതരണവും പ്രതിഭകളെ ആദരിക്കലും പ്രൗഢമായ ചടങ്ങുകളോടെ നടന്നു. ബുധനാഴ്ച രാവിലെ 10 മണിക്ക് കീഴുപറമ്പ് കെ.എഫ്.ബി അഗതി മന്ദിരത്തിൽ വെച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
അരീക്കോട് മതർ ഹോസ്പിറ്റൽ സി.ഒ.ഒ ശ്രീ. റോബിൻ സി.വി പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. കെ.എഫ്.ബി മലപ്പുറം ജില്ലാ പ്രസിഡന്റ് ശ്രീ. എം സുധീർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഏറനാട് താലൂക്ക് കമ്മിറ്റി പ്രസിഡന്റ് ശ്രീ. ചേക്കുട്ടി കെ.കെ യോഗത്തിന് സ്വാഗതം ആശംസിച്ചു.
ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ പൊള്ളാച്ചിക്ക് സമീപം വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ അകാലത്തിൽ വിട്ടുപിരിഞ്ഞ കെ.എഫ്.ബി മലപ്പുറം ജില്ലാ സെക്രട്ടറി ശ്രീ. അബ്ദുൽ മജീദ് കെ.ടി, അദ്ദേഹത്തിന്റെ പത്നി, സഹപ്രവർത്തകർ എന്നിവരടങ്ങുന്ന യാത്രാസംഘത്തിന് യോഗം വൈകാരികമായ ആദരാഞ്ജലികൾ അർപ്പിച്ചു.
തുടർന്ന് ഏറനാട് താലൂക്കിലെ നിർദ്ധനരായ കാഴ്ച്ചപരിമിതരുടെ മക്കൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. വിദ്യാഭ്യാസ രംഗത്തെ മികച്ച നേട്ടത്തിനുള്ള ആദരമായി. ഇംഗ്ലീഷ് സാഹിത്യത്തിൽ പി.എച്ച്.ഡി കരസ്ഥമാക്കിയ മലപ്പുറം ഗവൺമെന്റ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ സി. അക്ബറിനെ താലൂക്ക് യൂണിറ്റ് പ്രത്യേകം ആദരിച്ചു.
കൂടാതെ, കെ.എഫ്.ബിയുടെ ആദ്യകാല പ്രവർത്തകരിൽ പ്രമുഖനായ ശ്രീ. വേലു നവതിയിലേക്ക് (90 വയസ്സ്) പ്രവേശിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.
ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റ് മാനേജർ ശ്രീ. മുഹമ്മദ് ഹസീം, കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി ബഹ്‌ജ റഫീഖ്, അഗതി മന്ദിരം അഡ്മിനിസ്ട്രേറ്റർ ശ്രീ. അബ്ദുൽ റഷീദ്, കെ.എഫ്.ബി താലൂക്ക് വൈസ് പ്രസിഡന്റ് ശ്രീ. മുർഷിദ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.
താലൂക്ക് സെക്രട്ടറി ശ്രീ. ഷാജി പി പരിപാടിക്ക് നന്ദി രേഖപ്പെടുത്തി.
കാഴ്ച്ചപരിമിതരുടെ വിദ്യാഭ്യാസ - പുനരധിവാസ പ്രവർത്തനങ്ങളിൽ 1967 മുതൽ സജീവമായ കെ.എഫ്.ബി, തങ്ങളുടെ സേവനപ്രവർത്തനങ്ങളിലൂടെ ഭിന്നശേഷി വിഭാഗത്തിന് കരുത്തേകുന്നത് തുടരുകയാണ്. സംഘടനയുടെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്ക് ദേശീയ - സംസ്ഥാന അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
Tags:
KIZHUPARAMBA