Trending

സന്തോഷ കണ്ണീരുമായി റൊണാൾഡോ; അൽ നസറിന് സൗദി പ്രോ ലീഗ് കിരീടം.

റിയാദ്: ആവേശപ്പോരാട്ടത്തിനൊടുവിൽ അൽ നസറിന് സൗദി പ്രോ ലീഗ് കിരീടം. വ്യാഴാഴ്ച നടന്ന നിർണായക മത്സരത്തിൽ ദമാക്കിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്താണ് അൽ നസർ ലീഗ് കിരീടത്തിൽ മുത്തമിട്ടത്. 

പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ 2023 ജനുവരിയിൽ ക്ലബ്ബിലെത്തിയ ശേഷമുള്ള ആദ്യ സൗദി പ്രോ ലീഗ് കിരീടമാണിത്. അൽ നസറിന്റെ ചരിത്രത്തിലെ പതിനൊന്നാം ലീഗ് കിരീടമാണിത്. ശക്തരായ അൽ ഹിലാലിനെ രണ്ട് പോയിന്റുകൾക്ക് പിന്നിലാക്കിയാണ് അവസാന മത്സരദിനത്തിൽ അൽ നസർ കിരീടമുറപ്പിച്ചത്.

കഴിഞ്ഞ ആഴ്ച അൽ ഹിലാലിനെതിരായ മത്സരത്തിൽ ബ്രസീൽ ഗോൾകീപ്പർ ബെന്റോ വരുത്തിയ പിഴവിലൂടെ മത്സരം സമനിലയിലായിരുന്നു (1-1). പിന്നാലെ എഎഫ്സി ചാമ്പ്യൻസ് ലീഗ് ടു ഫൈനലിൽ ജപ്പാൻ ക്ലബ്ബ് ഗാംബ ഒസാക്കയോട് അപ്രതീക്ഷിത തോൽവി വഴങ്ങിയ അൽ നസറിന് ഈ കിരീടനേട്ടം വലിയൊരു തിരിച്ചുവരവാണ്.

കിങ് സൗദ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മുൻ ലിവർപൂൾ താരം സാദിയോ മാനെ, മുൻ അത്ലറ്റിക്കോ മാഡ്രിഡ് താരം ജാവോ ഫെലിക്സ് എന്നിവർക്കൊപ്പമാണ് റൊണാൾഡോ ഇറങ്ങിയത്. ആദ്യ പകുതിയുടെ അവസാനത്തിൽ സാദിയോ മാനെയിലൂടെ അൽ നസർ ലീഡെടുത്തു.

ഇടവേളയ്ക്ക് ശേഷം കിങ്സ്ലി കോമാനും ടീമിനായി ഗോൾ നേടി. തുടർന്ന് ഇരട്ട ഗോളുകളുമായി റൊണാൾഡോ അൽ നസറിന്റെ വിജയം പൂർത്തിയാക്കുകയായിരുന്നു. ഈ സീസണിൽ റൊണാൾഡോയുടെ ലീഗ് ഗോളുകളുടെ എണ്ണം 28 ആയി ഉയർന്നു.മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് സൗദിയിലെത്തിയ റൊണാൾഡോ അൽ നസറിനായി ഇതുവരെ നൂറിലധികം ഗോളുകൾ നേടിയിട്ടുണ്ട്. 

മത്സരം അവസാനിക്കാൻ മൂന്ന് മിനിറ്റ് ബാക്കിയുള്ളപ്പോൾ താരത്തെ പിൻവലിച്ചപ്പോൾ സ്റ്റേഡിയം എഴുന്നേറ്റു നിന്നാണ് അദ്ദേഹത്തെ ആദരിച്ചത്. പോർച്ചുഗൽ, ഇംഗ്ലണ്ട്, സ്പെയിൻ, ഇറ്റലി എന്നിവയ്ക്ക് ശേഷം റൊണാൾഡോ ലീഗ് കിരീടം നേടുന്ന അഞ്ചാമത്തെ രാജ്യമാണ് സൗദി അറേബ്യ. വൈകാതെ തന്റെ ആറാമത്തെ ലോകകപ്പിനായി പോർച്ചുഗൽ ജേഴ്സിയിൽ റൊണാൾഡോ 2026 ലോകകപ്പ് വേദിയിലെത്തും.

നേരത്തെ 2023-ൽ അൽ നസറിനൊപ്പം റൊണാൾഡോ അറബ് ക്ലബ് ചാമ്പ്യൻസ് കപ്പ് നേടിയിരുന്നെങ്കിലും അത് ഫിഫ അംഗീകരിച്ച ഔദ്യോഗിക ടൂർണമെന്റല്ല.
Previous Post Next Post
Italian Trulli
Italian Trulli