13' മായി ബന്ധപ്പെട്ട അന്ധവിശ്വാസത്തെ തൂത്തെറിഞ്ഞ് ലീഗ് മന്ത്രി കെ.എം ഷാജി; 'പതിമൂന്നാം നമ്പര്‍' ഔദ്യോഗിക കാര്‍ ചോദിച്ചുവാങ്ങി മന്ത്രി . ഷാജിക്ക് നിശ്ചയിച്ചിരുന്ന ഒമ്പതാം നമ്പര്‍ കാര്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറി
യുഡിഎഫ് മന്ത്രിസഭയില്‍ മന്ത്രിമാരാരും എടുക്കാൻ തയ്യാറാകാതിരുന്ന പതിമൂന്നാം നമ്പർ ഔദ്യോഗിക വാഹനം മന്ത്രി കെ.എം ഷാജി ചോദിച്ചുവാങ്ങി. മന്ത്രിമാർക്ക് വണ്ടികള്‍ അനുവദിച്ച സമയത്ത് അന്ധവിശ്വാസങ്ങള്‍ കാരണം ഈ 13-ാം നമ്പർ കാർ സ്വീകരിക്കാൻ ആരും മുന്നോട്ടുവന്നിരുന്നില്ല.
സത്യപ്രതിജ്ഞ സമയത്ത് ഷാജിക്ക് അനുവദിച്ചിരുന്നത് നമ്പർ 9 ആയിരുന്നു. എന്നാല്‍ നമ്പർ 9 ആവശ്യപ്പെട്ട ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അത് കൈമാറി കെ.എം. ഷാജി 13-ാം നമ്പർ വണ്ടി സ്വീകരിക്കുകയായിരുന്നു. ഇതോടെ ഈ നമ്പർ ഉപയോഗിക്കുന്ന ആദ്യത്തെ യു.ഡി.എഫ്. മന്ത്രിയായി ഷാജി. മന്ത്രി ഷാജിയോട് നമ്പർ 9 എടുക്കരുതെന്ന് ഒരു അനുയായി പറയുന്ന ദൃശ്യങ്ങള്‍ വൈറല്‍ ആയിരുന്നു. രമേശ് ചെന്നിത്തല നമ്പർ 21 നു പകരം 9 വേണം എന്ന് ആവശ്യപ്പെട്ടിരുന്നു.
പിന്നാലെയാണ് കെ.എം. ഷാജി 13 നമ്പർ ചോദിച്ചു വാങ്ങിയത്. മന്ത്രിമാരില്‍ വി.എസ്. സർക്കാരിന്റെ കാലത്ത് എം.എ. ബേബിയാണ് 13-ാം നമ്പർ ഉപയോഗിച്ചു തുടങ്ങിയത്. 2011 ഉമ്മൻ ചാണ്ടി സർക്കാർ കാലത്ത് വീണ്ടും ഈ നമ്പർ അനാഥമായി. പിന്നീട് ആദ്യ പിണറായി സർക്കാരിന്‍റെ കാലത്ത് ധനമന്ത്രി തോമസ് ഐസക്കും രണ്ടാം പിണറായി സർക്കാരിന്‍റെ കാലത്ത് കൃഷി മന്ത്രി പി. പ്രസാദുമാണ് 13-ാം നമ്പർ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഈ സർക്കാരില്‍ ആരും ഈ നമ്പർ സ്വീകരിക്കാൻ തയാറായില്ല.
Tags:
KERALA