Trending

വിളക്കോട്ടുകാരൻ എന്ന ഒറ്റയാൾ ശബ്ദം നിലച്ചു.


✍️ ഗിരീഷ് കാരക്കുറ്റി.

ചരിത്രപ്രസിദ്ധമായ കൊടിയത്തൂരിലെ മതപണ്ഡിതനും സാമൂഹ്യ പ്രവർത്തകനും പരന്ന വായനക്കാരനുമായ 
വിളക്കോട്ടിൽ മുഹമ്മദ് ഹാജി (87) അന്തരിച്ചു.

തുടക്കത്തിൽ സുന്നി പ്രസ്ഥാനത്തിൽ ആകൃഷ്ടനായ മുഹമ്മദ് ഹാജി പിന്നീട് അഭിപ്രായ വ്യത്യാസങ്ങൾ മൂലം 1980 വരെ അഹമ്മദിയാ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുകയും വിശ്വസിക്കുകയും ചെയ്തു. പിന്നീട് കുറച്ചു കാലം ലാഹോരി പ്രസ്ഥാനത്തിലും വിശ്വസിച്ചു. പിന്നീട് തീർത്തും ഒറ്റയാൾ പട്ടാളമായി മൂന്നര പതിറ്റാണ്ടിലേറെ കാലം കൊടിയത്തൂരിന്റെ നെടുംകോട്ടയിലെ പീടിക തിണ്ണയിലും അതിൻ്റെ മുകളിലും മൈക്കു കെട്ടി ലോകത്തിൻ്റെ വിവിധ രാജ്യങ്ങളിൽ നടക്കുന്ന സാമൂഹ്യ രാഷ്ട്രീയ മത വിഷയങ്ങൾ ശ്രവിച്ചും ഏറെ പരന്ന വായനയിലും കിട്ടുന്ന വിവരങ്ങളും കൂട്ടിയിണക്കി തന്റേതായ ശൈലിയിലും വീഷണത്തിലുമുള്ള അഭിപ്രായങ്ങൾ മാലോകരോട് ഉറക്കെ വിളിച്ചു പറയുമ്പോൾ വേദിയിൽ സ്വാഗത പ്രാസംഗികനും അധ്യക്ഷനും ഉദ്ഘാടകനും നന്ദി പ്രകാശിപ്പിക്കലുമെല്ലാം മുഹമ്മദാജി മാത്രം.

"സഹോദരി സഹോദരന്മാരെ " എന്ന പതിഞ്ഞ ശബ്ദത്തിൽ തുടങ്ങുന്ന അദ്ദേഹത്തിൻ്റെ ഓരോ പ്രഭാഷണത്തിലും മതസാഹോദര്യത്തിന്റെ സ്നേഹം തുളുമ്പുന്ന വാക്കുകൾ ഓർക്കുകയാണിന്ന് കൊടിയത്തൂർ.

എല്ലാ തിരുവോണനാളിലും മത സൗഹൃദം ഊട്ടിയുറപ്പിക്കാൻ അദ്ദേഹത്തിൻ്റെ പ്രഭാഷണങ്ങൾ സായം സന്ധികളിൽ കൊടിയത്തൂരിൽ മുഴങ്ങി കേൾക്കാമായിരുന്നു. 

വെറും അഞ്ചാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള അദ്ദേഹത്തിൻ്റെ പ്രഭാഷണ ശൈലി എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതായിരുന്നു. പലപ്പോഴും ഒറ്റയ്ക്കിരുന്ന് ശ്രദ്ധിക്കാറുണ്ടായിരുന്നു.

അതിൽ മുഴങ്ങിക്കേൾക്കുന്നത് വർത്തമാന കാലഘട്ടത്തിൽ ലോകത്തിൻ്റെ വിവിധ കോണുകളിലെ വംശീയ കലാപങ്ങളും സംഘർഷങ്ങളും ശാസ്ത്ര സാങ്കേതിക പുരോഗതികളെക്കുറിച്ചും രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളുമെല്ലാം മൂന്നര, നാല് മണിക്കൂറിനുള്ളിൽ അദ്ദേഹം സംവദിക്കുമ്പോൾ രാഷ്ട്രീയ വിദ്യാർത്ഥികളായ എന്നെപ്പോലുള്ളവർക്ക് ലോക വിവരങ്ങൾ പകർന്നു തരുന്നതിൽ അദ്ദേഹത്തിൻ്റെ പങ്ക് എടുത്തുപറയേണ്ടതാണ്.

നല്ല കർഷകനും കഠിനാധ്വാനിയും വ്യക്തിത്വത്തിന് ഉടമയുമായിരുന്നദ്ദേഹം.

പച്ചക്കറി വാങ്ങാനും ഇറച്ചി വാങ്ങാനും മത്തി വാങ്ങാനും കോട്ടമ്മലെ അഞ്ച് പള്ളികളിൽ നിസ്കരിക്കാൻ വരുന്നവരും സ്നേഹം തുളുമ്പുന്ന സൗഹൃദ കൂട്ടായ്മയിൽ കണ്ണികളാകാനും കൊടിയത്തൂരിന്റെ നെടുംകോട്ടയിലെത്തുന്ന കക്കാടമ്മകാർക്കും പോയിലങ്ങാടി കാർക്കും കാരക്കുറ്റിക്കാർക്കും ചിരപരിചിതമായിരുന്ന ആ ഒറ്റയാൾ ശബ്ദം നിലച്ചത് വ്യസനത്തോടെ ഓർക്കുകയാണിന്നെല്ലാവരും .

ജീവിതത്തിലും വ്യക്തിത്വത്തിലും സാമൂഹ്യ പ്രവർത്തനത്തിലും ഒറ്റയാൾ പട്ടാളമായിരുന്ന വിളക്കോട്ടിൽ മുഹമ്മദ് സാഹിബിന്റെ സ്മരണക്കു മുൻപിൽ പ്രണാമം.
Previous Post Next Post
Italian Trulli
Italian Trulli