സംസ്ഥാനത്ത് ചൂട് അസഹനീയമായി തുടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതാ നിർദ്ദേശം നല്‍കി ദുരന്തനിവാരണ അതോറിറ്റി.
ഇന്ന് ഉഷ്ണതരംഗ മുന്നറിയിപ്പ് നിലവിലില്ലെങ്കിലും താപനില ഉയരാൻ സാധ്യതയുള്ളതിനാല്‍ കർശന മുൻകരുതലുകള്‍ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
പാലക്കാട് ജില്ലയില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയർന്നേക്കും. മറ്റ് ജില്ലകളിലും സാധാരണയേക്കാള്‍ കൂടുതല്‍ ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ലോക്ഡൗണിന് സമാനമായ ജാഗ്രത പകല്‍ സമയങ്ങളില്‍ പാലിക്കണമെന്നാണ് നിർദ്ദേശം. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. ചുട്ടുപൊള്ളുന്ന ചൂടിന് ആശ്വാസമായി മറ്റന്നാള്‍ മുതല്‍ സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഉഷ്ണതരംഗ സാഹചര്യവും ഉച്ചവെയിലിലെ ജോലി നിയന്ത്രണങ്ങളും വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 11 മണിക്ക് ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ മന്ത്രിമാർ, ചീഫ് സെക്രട്ടറി, ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. വിവിധ ജില്ലകളിലെ സാഹചര്യം വിലയിരുത്തി ആവശ്യമായ തുടർനടപടികള്‍ യോഗം തീരുമാനിക്കും. പകല്‍ 11 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളില്‍ നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാൻ പൊതുജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ നിർദ്ദേശം
പകല്‍ 11 മുതല്‍ 3 വരെ പുറത്തിറങ്ങരുത്: ഈ സമയത്ത് നേരിട്ട് വെയിലേല്‍ക്കുന്നത് ഒഴിവാക്കുക. കൊവിഡ് കാലത്തെപ്പോലെ ഇതൊരു 'സെല്‍ഫ് ലോക്ക്ഡൗണ്‍' സമയമായി കണ്ട് അനാവശ്യ യാത്രകളും പുറംപണികളും ഒഴിവാക്കാൻ ശ്രദ്ധിക്കണം. വീടിനകത്തും തൊഴിലിടങ്ങളിലും നല്ല വായുസഞ്ചാരം ഉറപ്പാക്കണം. വെള്ളവും ഭക്ഷണവും: ദാഹമില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കുക. നിർജ്ജലീകരണം ഉണ്ടാക്കുന്ന പാനീയങ്ങള്‍ ഒഴിവാക്കാം. പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.
വസ്ത്രധാരണം: ഇളം നിറത്തിലുള്ള, അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്ബോള്‍ കുട, പാദരക്ഷകള്‍, സണ്‍ഗ്ലാസ് എന്നിവ നിർബന്ധമായും ഉപയോഗിക്കുക.
പ്രത്യേക ശ്രദ്ധ വേണ്ടവർ: പ്രായമായവർ, കുട്ടികള്‍, ഗർഭിണികള്‍, മുലയൂട്ടുന്ന അമ്മമാർ, ഹൃദ്രോഗം, പ്രമേഹം, കാൻസർ, ചർമരോഗങ്ങള്‍ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുള്ളവരും ആല്‍ബനിസം ബാധിച്ചവരും ഈ സമയങ്ങളില്‍ പുറത്തിറങ്ങുന്നത് പൂർണ്ണമായും ഒഴിവാക്കുക.
പൊതുപരിപാടികള്‍ക്ക് നിയന്ത്രണം: പകല്‍ 11 മുതല്‍ 3 വരെ തുറസ്സായ സ്ഥലങ്ങളിലെ പൊതുയോഗങ്ങള്‍, കലാകായിക പരിപാടികള്‍ എന്നിവ പാടില്ല. ഉത്സവങ്ങളിലെ പകല്‍പ്പൂരങ്ങള്‍, ആന എഴുന്നള്ളിപ്പ്, വെടിക്കെട്ട് എന്നിവ ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ വേണം. തീപിടുത്ത സാധ്യതകള്‍ക്കെതിരെ കനത്ത കരുതല്‍ വേണം.
മിണ്ടാപ്രാണികളെ മറക്കരുത്: വളർത്തുമൃഗങ്ങള്‍ക്കും തെരുവിലെ മൃഗങ്ങള്‍ക്കും കുടിവെള്ളവും തണലും ഉറപ്പാക്കണം. പകല്‍ സമയത്ത് അവയെ മേയാൻ വിടരുത്. കടുത്ത ചൂടില്‍ മൃഗങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാകുമെന്നതിനാല്‍ വന്യജീവികളുടെയും തെരുവുനായ്ക്കളുടെയും ആക്രമണ സാധ്യതകള്‍ക്കെതിരെയും ജാഗ്രത വേണം.
സർക്കാർ സംവിധാനങ്ങള്‍ സജ്ജം: പകല്‍ സമയത്തെ പുറംപണികള്‍ ഒഴിവാക്കുന്നതിനായി തൊഴില്‍ വകുപ്പ് ജോലി സമയം പുനഃക്രമീകരിച്ചിട്ടുണ്ട്. ഇത് കർശനമായി പാലിക്കണം. പകല്‍ സമയത്തെ തൊഴിലുറപ്പ് ജോലികള്‍ പൂർണ്ണമായും നിർത്തിവെക്കാൻ നിർദേശം നല്‍കി. ട്രാഫിക് പോലീസുകാർക്ക് കുടിവെള്ളവും തണലും ഉറപ്പാക്കാനും യൂണിഫോമില്‍ ഇളവ് നല്‍കാനും നിർദേശിച്ചിട്ടുണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള ആശുപത്രികളിലും ആംബുലൻസുകളിലും സൂര്യാഘാതം നേരിടാനുള്ള പ്രഥമശുശ്രൂഷാ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
തണ്ണീർപന്തലുകള്‍ ഒരുക്കാം: യാത്രക്കാർക്കും പൊതുജനങ്ങള്‍ക്കുമായി കുടിവെള്ളവും തണലും ഒരുക്കാൻ തദ്ദേശ സ്ഥാപനങ്ങള്‍, കുടുംബശ്രീ, സന്നദ്ധ സംഘടനകള്‍, വ്യാപാരികള്‍ എന്നിവർ മുന്നോട്ട് വരണം. ക്ഷീണമോ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളോ തോന്നിയാല്‍ ഉടൻ തന്നെ വൈദ്യസഹായം തേടണം. മറ്റൊരാള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി കണ്ടാല്‍ അവരെ ഉടൻ തണലിലേക്ക് മാറ്റി കിടത്തുകയും ശരീരം തണുപ്പിക്കാൻ ശ്രമിക്കുകയും വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്യുക.
Tags:
KERALA