Trending

മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് (74).



വേർപാട്
06-01-2026, ചൊവ്വ

കൊച്ചി: മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു. 74 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അർബുദത്തെ തുടർന്ന് ഏറെനാള്‍ ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഇന്നലെയാണ് ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വി കെ ഇബ്രാഹിം കുഞ്ഞിന്റെ മൃതദേഹം അഞ്ച് മണിയോടെ ആശുപത്രിയിൽ നിന്ന് കൊണ്ടുപോകും. കളമശ്ശേരി ഞാലകം കൺവെൻഷൻ സെന്‍ററിൽ 6 മണി മുതൽ പൊതുദർശനം ഉണ്ടാവും. രാത്രി 10മണി വരെ പൊതുദർശനം തുടരും. ശേഷം ആലുവയിലെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ 10 മണിക്ക് ആലങ്ങാട് ജുമാ മസ്ജിദിലായിരിക്കും കബറടക്കം.

നാല് തവണ എംഎല്‍എയും രണ്ട് തവണ മന്ത്രിയുമായിരുന്നു ഇബ്രാഹിംകുഞ്ഞ്, മധ്യകേരളത്തിലെ ലീഗിന്‍റെ ജനകീയമുഖമായിരുന്നു. എംഎസ്എഫിലൂടെയാണ് വി കെ ഇബ്രാഹിംകുഞ്ഞ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. 2001 ലും 2006 ലും മട്ടാ‍ഞ്ചേരിയില്‍ നിന്ന് മത്സരിച്ചു. 2011ലും, 2016ലും കളമശ്ശേരിയെ പ്രതിനിധീകരിച്ചു. മട്ടാഞ്ചേരി മണ്ഡലത്തിന്‍റെ അവസാന എംഎല്‍എ, കളമശ്ശേരി മണ്ഡലത്തിന്‍റെ ആദ്യ എംഎല്‍എ എന്നീ വിശേഷണങ്ങളും വി കെ ഇബ്രാഹിംകുഞ്ഞിന് സ്വന്തം. 2005 മുതല്‍ 2006 വരെ വ്യവസായ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു വി കെ ഇബ്രാഹിംകുഞ്ഞ്. 2011 മുതല്‍ 2016 വരെ പൊതുമരാമത്ത് മന്ത്രിയായിരുന്നു. മുസ്‍ലിം ലീഗിനെ പ്രതിനിധീകരിച്ച് നാല് തവണ അദ്ദേഹം എംഎല്‍എയായി. നിലവില്‍ ഐയുഎംഎല്‍ നാഷണല്‍ എക്സിക്യൂട്ടിവ് അംഗമായിരുന്നു.

ലീഗിലെ ജനകീയനായ നേതാവ്
മുസ്‍ലിം ലീഗിലെ ജനകീയനായ വി കെ ഇബ്രാഹിംകുഞ്ഞ് തെക്കന്‍ കേരളത്തിലേക്ക് പാര്‍ട്ടിയെ വളര്‍ത്താന്‍ മുന്നില്‍ നിന്ന നേതാവായിരുന്നു. സാധാരണക്കാരായ ജനങ്ങള്‍ ഏതൊരാവശ്യത്തിനും നേരിട്ട് സമീപിച്ചിരുന്ന രാഷ്ട്രീയക്കാരനെയാണ് നഷ്ടമാകുന്നത്. മലബാറില്‍ വേരൂന്നിയ മുസ്‍ലിം ലീഗിനെ മധ്യകേരളത്തിലേക്ക് പടര്‍ത്താന്‍ ഓടിനടന്ന് പ്രവര്‍ത്തിച്ച കൊങ്ങോര്‍പള്ളിക്കാര്‍ വി കെ ഇബ്രാംഹിം കുഞ്ഞ്. തട്ടകം എറണാകുളമാണെങ്കിലും പാണക്കാട് കുടുംബത്തിന്‍റെ വിശ്വസ്തനായിരുന്നു. യുഡിഎഫ് മന്ത്രി സഭയില്‍ രണ്ട് തവണ മന്ത്രിയായി. പൊതുമരാമത്ത് വകുപ്പില്‍ എടുത്തുപറയാന്‍ സാധിക്കുന്ന പലമാറ്റങ്ങളുമുണ്ടായത് ഇബ്രാഹിം കുഞ്ഞിന്‍റെ കാലത്തായിരുന്നു.

എംഎസ്എഫിന്‍റെ ഭാഗമായി വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിലൂടെയായിരുന്നു തുടക്കം. മുമ്പും ലീഗ് സ്ഥാനാര്‍ത്ഥികളെ ജയിപ്പിച്ച പഴയ മട്ടാഞ്ചേരിയില്‍ നിന്ന് ജനവിധി തേടിയാണ് വി കെ ഇബ്രാഹിംകുഞ്ഞ് ആദ്യമായി പാര്‍ലമെന്‍ററി രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവയ്ക്കുന്നത്. 2001ല്‍ പന്ത്രണ്ടായിരത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തിനായിരുന്നു ആദ്യജയം. എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ടേമിന്‍റ അവസാന ഒരു വര്‍ഷം മന്ത്രിയാകാനുള്ള അപ്രതീക്ഷിത നിയോഗംകൂടി ഇബ്രാംഹിം കുഞ്ഞിനെ തേടിയെത്തി. ഐസ്ക്രീം പാര്‍ലര്‍ കേസില്‍ കുരുങ്ങി പി കെ കു‍ഞ്ഞാലിക്കുട്ടി രാജിവച്ച് ഒഴിഞ്ഞപ്പോള്‍ ലീഗില്‍ തന്നെ തലമുതിര്‍ന്ന നേതാക്കളുണ്ടായിട്ടും അവസരം വന്ന് വീണത് അന്ന് ജൂനിയറായിരുന്ന ഇബ്രാഹിംകുഞ്ഞിനായിരുന്നു. 2006ല്‍ ഭൂരിപക്ഷമുയര്‍ത്തി വീണ്ടും മട്ടാഞ്ചേരിയെ നിയമസഭയില്‍ പ്രതിനിധീകരിച്ച് മട്ടാഞ്ചേരിയുടെ അവസാന എംഎല്‍എയായി ഇബ്രാഹിംകുഞ്ഞ്. മട്ടാ‍ഞ്ചേരി കൊച്ചി നിയമസഭ മണ്ഡലത്തിന്‍റെ ഭാഗമായതോടെ അന്ന് പുതുതായി രൂപീകരിച്ച കളമശ്ശേരി മണ്ഡലത്തിലേക്ക് കളം മാറ്റി. തുടര്‍ന്നുള്ള രണ്ട് നിയമസഭാ തെര‌ഞ്ഞടുപ്പുകളിലും കളമശ്ശേരിയില്‍ യുഡിഎഫിന് മറ്റൊരു പേരുണ്ടായിരുന്നില്ല. 2011 മുതല്‍ 2016വരെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയായി പ്രവര്‍ത്തിക്കാന്‍ അവസരവും വി.കെ ഇബ്രാഹിം കുഞ്ഞിനെ തേടിയെത്തി.
Previous Post Next Post
Italian Trulli
Italian Trulli