പ്രൈമറി സ്കൂളിന്റെ പോരായ്മകൾ ചൂണ്ടി കാണിച്ചു ജനപ്രതിനിധിയുടെ ഫെസ്‌ബുക് പോസ്റ്റ് ശ്രദ്ധേയമാകുന്നു!! കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ എം.ടി റിയാസിന്റെ പോസ്റ്റാണ് ചർച്ചയാകുന്നത്.
✍🏻എം.ടി റിയാസ്, വെസ്റ്റ് കൊടിയത്തൂർ👇🏻
1-പ്രഥമമീ പദവി....! പാതിവെന്ത പാത....!
നാട്ടിലെ മഹാഭൂരിപക്ഷം വിദ്യാർഥികളും ആശ്രയിക്കുന്ന പൊതുവിദ്യാലയങ്ങളിനിയും പല മേഖലകളിലും ശക്തമായ മാറ്റങ്ങൾക്ക് വിധേയമാവേണ്ടതുണ്ട്. കഴിഞ്ഞ കുറേ കാലങ്ങളിലെ പൊതുപ്രവർത്തനങ്ങൾ കൊണ്ട് എനിക്ക് ബോധ്യമായ വസ്തുതയാണത്.
പല പരിമിതികൾക്കിടയിലും നമ്മുടെ പഞ്ചായത്തിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ മികച്ച പ്രകടനങ്ങളാണ് കാഴ്ച്ചവെയ്ക്കുന്നത്. എന്നാൽ പരാധീനതകളാൽ ഏറ്റവും പ്രയാസപ്പെടുന്ന പ്രൈമറി സ്കൂൾ പ്രധാനധ്യാപകരെ സമൂഹം വേണ്ടത്ര തിരിച്ചറിഞ്ഞിട്ടില്ല എന്നത് നഗ്നമായ സത്യമാണ്.
150 ൽ താഴെ കുട്ടികളുള്ള LP- UP സ്കൂളുകളിലെ പ്രധാനധ്യപകന് ക്ലാസ് ചാർജുണ്ട്. LP വിഭാഗമാണെങ്കിൽ രാവിലെ മുതൽ വൈകുന്നേരം വരെ എല്ലാ വിഷയവും ഒരേ അധ്യാപകനാണ് എടുക്കേണ്ടത്. എ ഇ ഒ ഓഫീസ്, ബി ആർ സി , ഡി ഡി ഇ, ഡിജിഇ തുടങ്ങിയ വിദ്യാഭ്യാസ വകുപ്പുകൾ നൽകുന്ന പിടിപ്പത് ജോലിയോടൊപ്പം കുട്ടികൾ, രക്ഷിതാക്കൾ, പിടിഎ, നാട്ടുകാർ, പഞ്ചായത്ത് തുടങ്ങിയവരുടെ ആവശ്യങ്ങളും ഈ ഹെഡ്മാസ്റ്റർമാർ തന്നെയാണ് കൈകാര്യം ചെയ്യേണ്ടത്. നൂറ് കണക്കിന് ഓഫീസ് രേഖകളാണ് അദ്ദേഹം പൂർത്തിയാക്കേണ്ടി വരിക. ഉച്ചഭക്ഷണം, പാൽ, മുട്ട തുടങ്ങിയവ ഒരുക്കേണ്ടതും വിതരണം ചെയ്യേണ്ടതും മുൻകൂറായി പണം ചിലവഴിക്കേണ്ടതും എച്ച് എം തന്നെയാണ്. ഇതിനിടയിൽ എങ്ങനെയാണ് ക്ലാസെടുക്കാൻ സമയം കിട്ടുക? അപ്പോൾ പുറത്തുള്ള ഏതെങ്കിലും ടീച്ചർമാരുടെ സഹായം തേടുകയേ രക്ഷയുണ്ടാവൂ. അവർക്കുള്ള പണവും എച്ച് എം സ്വന്തം കീശയിൽ നിന്ന് കൊടുക്കേണ്ടി വരുന്നു. പിടിഎ ഫണ്ടുകൾ പലപ്പോഴും ഒന്നിനും തികയാതിരിക്കുന്ന അവസ്ഥയാണുള്ളത്. മാനസിക സമ്മർദ്ദത്തോടൊപ്പം വലിയ സാമ്പത്തിക നഷ്ടവും...!
പല സ്കൂളുകളിലും ഒന്നാം ക്ലാസിലേക്ക് കുട്ടികളെ കിട്ടാൻ വേണ്ടി കെ ജി വിഭാഗം തുടങ്ങിയിട്ടുണ്ട്. എന്നാൽ പല കെ ജി വിഭാഗങ്ങൾക്കും സർക്കാർ പണം നൽകുന്നില്ല. ആയതിനാൽ ടീച്ചേഴ്സിനും ആയമാർക്കും ശമ്പളം കൊടുക്കേണ്ടതും എച്ച് എം ൻ്റെ ബാധ്യതയാണ്. ആ കുട്ടികൾക്കുള്ള ഭക്ഷണം സർക്കാർ നൽകാത്തതിനാൽ സ്കൂൾ കുട്ടികൾക്ക് കിട്ടുന്ന ഭക്ഷണ തുകയിൽ നിന്ന് അതും കണ്ടെത്തണം. അധ്യാപകരുടെ ക്ലാസുകൾ നേരിട്ട് പരിശോധിച്ച് എല്ലാ ദിവസവും റിപ്പോർട്ട് സമർപ്പിക്കേണ്ടതും എച്ച് എം തന്നെ. ഇത്തരം ചെറിയ സ്കൂളുകളിൽ വൃത്തിയാക്കാൻ ഒരു പാർട്ട്ടൈം സ്റ്റാഫ് ഉണ്ടാവുമെങ്കിലും മറ്റൊരു വർക്കിനും സഹായിയായി ഒരാളെപ്പോലും കിട്ടില്ല എന്നതാണ് സത്യം. രണ്ട് മൂന്ന് വർഷങ്ങളായി ഭക്ഷണത്തിന് മുൻകൂറായി ചിലവഴിക്കുന്ന പതിനായിരങ്ങൾ കുറേ മാസങ്ങൾ കഴിഞ്ഞാണ് HM മാർക്ക് കിട്ടുന്നത്.
ഭരണാധികാരി, ക്ലാസധ്യാപകൻ, ഭക്ഷണത്തലവൻ, ക്ലാർക്ക്, അറ്റൻഡൻ, മാനേജർ, അക്കാദമീഷ്യൻ സംഘാടകൻ, അക്കൗണ്ടൻ്റ്,..... തുടങ്ങി ഒട്ടനവധി മുൾകിരീടങ്ങളുള്ള എച്ച് എം മാർക്ക് വലിയ സാമ്പത്തിക ബാധ്യതയുമുണ്ടാവുന്ന ഇത്തരം അറുപഴഞ്ചൻ നിയമങ്ങൾ പരിഷ്കരിക്കേണ്ടതും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ അടിസ്ഥാന ആവശ്യങ്ങളല്ലേ?
2- താളം പിഴച്ച അധ്യാപക നിയമനങ്ങൾ.
പ്രൈമറി സ്കൂളുകളിൽ അനുഭവിക്കുന്ന മറ്റൊരു പ്രധാന കാര്യമാണ് സ്ഥിരാധ്യാപക നിയമന പ്രശ്നങ്ങൾ. പലപ്പോഴും സ്കൂൾ തുറന്നു രണ്ടുമാസം കഴിഞ്ഞും മറ്റുമാണ് അധ്യാപക നിയമനങ്ങൾ നടത്താറുള്ളത്. ദൂരദേശത്തുള്ളവർ ജോയിൻ ചെയ്താൽ പിന്നെ ട്രാൻസ്ഫർ നോക്കി നടക്കും. തരപ്പെട്ടാൽ സ്ഥലം മാറിപ്പോകും.
മുൻ വർഷങ്ങളിൽ ദിവസവേതന പ്രകാരം താത്ക്കാലിക അധ്യാപകരെ ജൂൺ മാസത്തിൽ തന്നെ ഒഴിവുകൾക്ക് അനുസരിച്ചു അതാതു സ്കൂളിൽ നിയമിച്ചിരുന്നു. അതിനാൽ ഓരോ വർഷവും കുട്ടികൾക്കു ഒരു അധ്യയന വർഷം മുഴുവനായി നല്ല നിലയിൽ അക്കാദമിക് വിദ്യാഭ്യാസം കിട്ടുമായിരുന്നു. എന്നാൽ അധ്യാപകർ സ്കൂൾ തുറന്ന ശേഷം സ്ഥലം മാറി പോകുന്ന പ്രവണത കൂടിയതിനാൽ ഒഴിവുകൾക്ക് അനുസരിച്ചു ഡെയിലി വേജ് അധ്യാപകരെ ഇടക്കിടക്ക് നിയമിക്കുമ്പോൾ ഒരു ക്ലാസ്സിൽ രണ്ടോ മൂന്നോ അധ്യാപകർ മാറിമാറി പഠിപ്പിക്കേണ്ടി വരുന്നതിനാൽ ശരിക്കും ഗതികേടിലാവുന്നത് കുട്ടികളും രക്ഷിതാക്കളുമാണ്.
പിന്നെയെങ്ങനെയാണ് നമ്മുട നാട്ടിലെ പൊതുവിദ്യാലയങ്ങൾ രക്ഷപ്പെടുക?
Tags:
KODIYATHUR