Trending

ഐ.പി.എല്‍ ഉദ്ഘാടന മത്സരം മാര്‍ച്ച് 22ന്, ഫൈനല്‍ മെയ് 25ന്.



മുംബൈ: ഐപിഎൽ പതിനെട്ടാം സീസണ് മാർച്ച് 22ന് കൊൽക്കത്തയിൽ തുടക്കമാവുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. ആ‍ർ സി ബി നായകനായി രജത് പാടിദാറിന്‍റെ അരങ്ങേറ്റ മത്സരം കൂടിയാവും ഇത്.

ഇന്നലെയാണ് ആര്‍സിബിയുടെ പുതിയ നായകനായി രജത് പാടീദാറിനെ തെരഞ്ഞെടുത്തത്. ഐപിഎല്‍ മെഗാ താരലേലത്തില്‍ പഞ്ചാബ് കിംഗ്സിലേക്ക് പോയ ശ്രേയസ് അയ്യരുടെ പകരക്കാരനായി കൊല്‍ക്കത്ത ഇതുവരെ നായകനെ പ്രഖ്യാപിച്ചിട്ടില്ല. സീനിയര്‍ താരം അജിങ്ക്യാ രഹാനെയോ വെങ്കടേഷ് അയ്യരോ ആകും കൊല്‍ക്കത്തയുടെ നായകനെന്നാണ് കരുതുന്നത്.

നിലവിലെ റണ്ണേഴ്സ് അപ്പായ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മാർച്ച് 23ന് ഹോം ഗ്രൗണ്ടിലാണ് സഞ്ജു സാംസണിന്‍റെ രാജസ്ഥാൻ റോയൽസിന്‍റെ ആദ്യമത്സരം. രാഹുല്‍ ദ്രാവിഡ് പരിശീലകനായി തിരിച്ചെത്തിയശേഷം രാജസ്ഥാന്‍ റോയല്‍സിന്‍റെ ആദ്യ മത്സരം കൂടിയാണിത്. ഐപിഎല്ലിന്‍റെ പൂർണ മത്സരക്രമം ബിസിസിഐ വരും ദിവസങ്ങളിൽ പുറത്തിറക്കും. മേയ് 25ന് കൊൽക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാകും ഫൈനൽ.

അഹമ്മദാബാദ്, മുംബൈ, ചെന്നൈ, ബെംഗലൂരു, ലക്നൗ, മുള്ളൻപൂർ, ഡൽഹി, ജയ്പൂർ, കൊൽക്കത്ത, ഹൈദരാബാദ് തുടങ്ങിയ 10 ടീമുകളുടെയും ഹോം ഗ്രൗണ്ടുകള്‍ക്ക് പുറമെ ഇത്തവണയും രണ്ട് അധിക വേദികള്‍ കൂടിയുണ്ട്. ഗുവാഹത്തി, ധരംശാല എന്നിവിടങ്ങളിലും ഇത്തവണയും മത്സരമുണ്ട്. രാജസ്ഥാന്‍ റോയല്‍സിന്‍റെ രണ്ടാം ഹോം ഗ്രൗണ്ടാണ് ഗുവാഹത്തി.

26ന് കൊല്‍ക്കത്തക്കും 30ന് ചെന്നൈ സൂപ്പര്‍ കിംഗ്സിനുമെതിരായുമുള്ള രാജസ്ഥാന്‍ റോയല്‍സിന്‍റെ മത്സരങ്ങള്‍ക്ക് വേദിയാവുന്നത് ഗുവാഹത്തിയാണ്. പഞ്ചാബ് കിംഗ്സിന്‍റെ ഹോം മത്സരങ്ങള്‍ക്കാവും ധരംശാല വേദിയാവുക. ആദ്യ ക്വാളിഫയറിനും എലിമിനേറ്ററിനും ഹൈദരാബാദും രണ്ടാം ക്വാളിഫയറിനും ഫൈനലിനും കൊല്‍ക്കത്തയും വേദിയാവുമെന്നാണ് റിപ്പോര്‍ട്ട്.
Previous Post Next Post
Italian Trulli
Italian Trulli