✍🏻റഫീഖ് കുറ്റിയോട്ട്.
കാപ്പിറ്റൽ വൺ.
കൊടിയത്തൂർ: റോഡും പാലവും വെളിച്ചവും വരുന്നതിന് മുമ്പ് ഇരുവഴിഞ്ഞിപ്പുഴയായിരുന്നു കൊടിയത്തൂരിന്റെ മുഖ്യ ഗതാഗത - വരുമാന ശ്രോതസ്സ്. കടത്തു തോണിയും സവാരിത്തോണിയും ബപ്പു തോണിയും തെരിപ്പത്തോണിയും കൈത്തോണിയും തുടങ്ങി നാനാവിധ തോണികളാൽ സമൃദ്ദമായിരുന്നു ഇരുവഴിഞ്ഞിയിലെ തെയ്യത്തും കടവും കോട്ടമുഴിക്കടവും.
അന്നത്തെ വിഴിഞ്ഞവും ബേപ്പൂരുമൊക്കെയായിരുന്നു ഈ പൗരാണിക 'തുറമുഖങ്ങൾ'. നാട്ടിലേക്ക് വേണ്ടുന്ന ഭക്ഷ്യ വസ്തുക്കളും കെട്ടിട നിർമാണ സാമഗ്രികളും മറ്റും കോഴിക്കോട് നിന്ന് തോണികളിൽ എത്തിക്കുകയിരുന്നു പതിവ്. ചാലിയാർ പുഴ വഴി കൂളിമാട് ജംഗ്ഷനിലെത്തി, ഇരുവഴിഞ്ഞി പുഴയിലേക്ക് കയറി, മേലോട്ട് കഴുക്കോൽ ക്കൊണ്ട് തോണിയുടെ ഇരു ഭാഗത്തു കൂടെയും നടന്ന് ആഞ്ഞ് കുത്തിയായിരുന്നു ചരക്കുകൾ എത്തിച്ചിരുന്നത്. ദിശ നിർണ്ണയിക്കാൻ തോണിയുടെ അമരത്ത് വലിയ ചുക്കാനുമായി അമരക്കാരനുമുണ്ടാവും.
ഇവിടെ നിന്നുള്ള നാണ്യവിളകളും മറ്റും കോഴിക്കോട്ടേക്ക് കയറ്റി അയച്ചിരുന്നതും ഇതേ മാർഗേണ തന്നെ. വെള്ളപ്പൊക്ക സമയത്തും കടുത്ത വേനലിലും തോണി ഗതാഗതം ഏറെ പ്രയാസകരമായിരുന്നു. വേലിയേറ്റ സമയം നോക്കിയായിരുന്നു വേനൽ കാലത്തെ യാത്രകൾ. തെയ്യത്തും കടവ് കേന്ദ്രീകരിച്ചായിരുന്നു അന്ന് പീടികകളും ചായമക്കാനികളും മറ്റുമൊക്കെ പ്രവർത്തിച്ചിരുന്നത്. മുക്കത്തുകാർ വരെ വസ്ത്രങ്ങൾക്കും മറ്റും ആശ്രയിച്ചിരുന്നത് തെയ്യത്തും കടവിനെയായിരുന്നുവെന്നത് ഒരു ചരിത്ര യാഥാർത്ഥ്യം.
മരപ്പണിക്കാരും ആനക്കാരും തോണിപ്പണിയെടുക്കുന്ന ആശാരിമാരും കർഷകരും കൂലിപ്പണിക്കാരും മീൻപിടുത്തക്കാരും തല ചുമട്ടുകാരും കാളവണ്ടിക്കാരും ഹൃസ്വ - ദീർഘ ദൂര യാത്രക്കാരും ദർസ് - സ്കൂൾ വിദ്യാർഥികളും മറ്റുമായി നിരവധി ആളുകളാൽ ജന നിബിഡമായിരുന്നു തെയ്യത്തും കടവ്. മേലേ മാടും ആഞ്ചാലുമൊക്കെ തോണികളുടെ വർക്ക് ഷോപ്പ് ഏരിയകളായിരുന്നു . ആശാരിമാരുടെ ഇരട്ട മേട്ട ശബ്ദവും വിളക്കെണ്ണയുടെ മണവും സമ്മേളിച്ചതായിരുന്നു അന്തരീക്ഷം. റിപ്പയറിങ്ങിന് തോണികൾ പുഴ മാടിലേക്ക് കയറ്റുന്നതിന് സഹായിക്കുന്നവർക്കും തെരുപ്പക്കാർക്ക് ചൂടി പിരിച്ച് കയറാക്കി കൊടുക്കുന്നവർക്കു മൊക്കെ സൗജന്യമായി ചായ സൽക്കാരം നടത്തിയിരുന്നു.
അതെ, എല്ലാവർക്കും അത്യന്താപേക്ഷിതമായ ചായയും കാപ്പിയുമൊക്കെ ലഭ്യമായിരുന്നത് പുഴയോര മക്കാനികളിലൂടെയായിരുന്നു. അതോടൊപ്പം അന്നത്തെ പ്രധാന തൊഴിലായിരുന്ന ബീഡി തെരുപ്പും ഈ മക്കാനികളിൽ സജീവമായിരുന്നു. കൊളായിൽ കുറ്റിയോട്ട് മമ്മി, പൂളക്കമണ്ണിൽ ഇത്താലുട്ടി, ഊരാളിക്കുന്നത്ത് മുഹമ്മദ്, കൊളായിൽ ഇമ്പിച്ചിമോയി, കാരാട്ട് ചേക്കു, കാരാട്ട് മമ്മദ്, തെയ്യത്തും കടവത്ത് മുഹമ്മദ് മുസ്‌ലിയാർ, ബീർമനക്കണ്ടി കോമുക്കുട്ടി തുടങ്ങി നിരവധി പേർ ചായക്കട രംഗത്തുണ്ടായിരുന്നു.
കോട്ടമുഴി കടവിൽ കുയ്യിൽ മുഹമ്മദ്, കോട്ടമുഴി മീമി, കൊല്ലളത്തിൽ ബീരാൻ കുട്ടി എന്നിവരുടെ മക്കാനികളും സജീവമായിരുന്നു. പാലം ഉദ്‌ഘാടനം ചെയ്യപ്പെടുന്നത് വരെ കടത്തുകാരൻ അബ്ദു റഹ്‌മാന്റെ ചായമക്കാനി ചീനിച്ചുവട്ടിൽ പ്രവർത്തിച്ചിരുന്നു. തുടർന്ന് പാലം ഉദ്ഘാടന ശേഷം ഉയർന്നുവന്ന ടി.കെ അമീനിന്റെ ബിൽഡിംങ്ങിൽ മായത്തൊടി മുഹമ്മദ് (ബാബു), കരീം അൽശാബ്, മുസ്തഫ നാരങ്ങാളി എന്നിവരുടെ ടീ ഷോപ്പും ഹോട്ടലുകളും പ്രവർത്തിക്കുകയുണ്ടായി. ഇന്ന് ആധുനിക രീതിയിലുള്ള ഭക്ഷ്യവിഭവങ്ങളുമായി 'മക്ക ഹോട്ടൽ' തെയ്യത്തും കടവിന്റെ ആ മഹത്തായ പാരമ്പര്യം നിലനിർത്തിപ്പോരുകയാണ്.
ഒപ്പം കൂൾ ഡ്രിങ്ക്സുമായി എ.എം.ബി യും ടി.കെ സ്റ്റോറും അരങ്ങത്തുണ്ട്. പയഴ തട്ട്യ ഗതി വിഗതികൾക്കനുസരിച്ച്, വെള്ളപ്പൊക്കങ്ങളെ അതിജീവിച്ച്, മുന്നോട്ട് ഗമിച്ച്, ഇപ്പോൾ ആധുനികതയുടെ മേലങ്കിയണിഞ്ഞ് യുവതുർക്കിയായി വാഴുന്നു.
കോട്ടുമുഴിക്കടവിന്റെ മറുഭാഗം വിജനമായതിനാലും മറ്റും കാലക്രമേണ അവിടത്തെ മക്കാനിക്കും സ്രാമ്പ്യക്കും വംശനാശം സംഭവിക്കു യായിരുന്നു. കൊളായിപ്പൊയിൽ, കൊടിയത്തൂർ വില്ലേജ് ഓഫീസ്, പോസ്റ്റ് ഓഫീസ്, ജുമുഅത്ത് പള്ളി, പള്ളി പീടിക പരിസരങ്ങളിലായി ചിക്കിടിയിൽ ഖാദർ, മംഗലശ്ശേരി കുഞ്ഞോതിക്കുട്ടി (തനിച്ചവൻ), കൊല്ലോളത്തിൽ കുഞ്ഞോയി, കൊല്ലോളത്തിൽ ബീരാൻ കുട്ടി, പുത്തൻ വീട്ടിൽ ഇമ്പിച്ചമ്മദ്, എളമ്പിലാശ്ശേരി കമ്മദ്, എളമ്പിലാശ്ശേരി ബീരാൻ കുട്ടി, എ.സി കുഞ്ഞോയി എന്നിവരുടെ ചായ മക്കാനികൾ നന്നായി പ്രവർത്തിച്ചിരുന്നു.
അത്യാവശ്യം റോഡുകളും പാലങ്ങളും വൈദ്യുതിയുമൊക്കെ ചുറ്റുപാടുകളിൽ ശരിയായി വന്നപ്പോൾ കോട്ടമ്മൽ അങ്ങാടി പതിയെപ്പതിയെ വ്യാപാര കേന്ദ്രമായി വളരാൻ തുടങ്ങി. ഇണ്ണീണ്ണ്യാക്കയുടെ എറക്കോടൻ പറമ്പിലെ ചായ മക്കാനി ഏറെ പ്രശസ്തമായിരുന്നു. ചുക്കാപ്പിയും ബർക്കിയും അവിടത്തെ സ്പെഷ്യൽ ഐറ്റംസായിരുന്നു. കൊടിയത്തൂർ സ്കൂളിലെ അധ്യാപകരുടെ ആശ്രയം കൂടിയായിരുന്നു ണ്ണിണ്ണ്യാക്കാ എന്ന വേരം കടവത്ത് അബൂബക്കറിന്റെ ആ മക്കാനി.
പരേതനായ മംഗലശ്ശേരി അഹ്മദ് മാസ്റ്റരുടെയും മറ്റുളള സുഹൃത്തുക്കളുടെയും കൂടെ പ്രസ്തുത മക്കാനിയിലെ വിശാലമായ അലമാരിക്ക് പിന്നിലിരുന്ന് പലപ്പോയായി ചുക്കാപ്പി നുണഞ്ഞിട്ടുണ്ട്.
കപ്പലാടൻ കോയാമുട്ടിയുടെ പറമ്പിലുള്ള മക്കാനി നാട്ടുപ്രമാണിമാരുടെ ഒരു ഒത്തുച്ചേരൽ കേന്ദ്രം കൂടിയായിരുന്നു.
പി.എം ഇത്താലുട്ടി, സി.പി ഉസ്സൻ കുട്ടി, പേക്കാടൻ അഹ്മദ് തുടങ്ങിയവരായിരുന്നു ദീർഘകാലം ഇവിടെ ചായക്കച്ചവടം നടത്തിയിരുന്നത്. എറക്കോടൻ കാദർ, മുരളി, സി.കെ അബ്ദുല്ല, സി.കെ അബ്ദുറഹ്മാൻ, പാലക്കാടൻ മജീദ്, പാലക്കാടൻ മുഹമ്മദ്, കെ.കെ.സി അബ്ദുല്ല, കോട്ടമ്മൽ പാത്തുമ്മക്കുട്ടി, പെരിങ്ങംപുറത്ത് ഉമ്മർ, ടി.കെ അബ്ദു, മുഹമ്മദ് കുളങ്ങര & ബാസിത് (സീസൺ), മജീദ് കുറ്റിയോട്ട്, സി.പി അശ്റഫ്, അബ്ദുറഹ്മാൻ കോട്ടമ്മൽ, കെ.വി അബ്ദുല്ല (കിസ്മത്ത്), കരീം പുത്തൻ പീടിയേക്കൽ, ആയിശ തടായിൽ, മലബാർ ബേക്സ്, ബാരിസ് ടീ, പാരഡൈസ് ഹോട്ടൽ തുടങ്ങി നിരവധി സ്ഥാപനങ്ങൾ കോട്ടമ്മലിലൂടെ സഞ്ചരിച്ച് നാടു നീങ്ങുകയുണ്ടായി.
നിലവിൽ ഹോട്ടൽ സംഗമം (വനിതാ മെസ്സ്), സിറ്റി ഹോട്ടൽ, അളിയന്റെ മക്കാനി, രിഹാൻ ടീസ്റ്റാൾ, ത്വഹൂർ കൂൾ ബാർ, അൽ - അമീൻ ഹോട്ടൽ, ത്വാഇഫ്, ആപ്പിൾ ഡ്രിങ്ക്സ് & ബേക്സ്, പാല ടീസ്റ്റാൾ, ഇ.കെ ഹോട്ടൽ, സഫ്രാൻ മന്തി ഹോട്ടൽ, മർഹബ, പി.ടി സ്റ്റോർ, അൽ-ജാസി എന്നിവ കൊടിയത്തൂർ അങ്ങാടിയിൽ പ്രവർത്തിച്ചു വരുന്ന അന്ന - പാനീയ കേന്ദ്രങ്ങളാണ്.
ഇപ്പോൾ മേയ്ക്കപ്പ് ചെയ്ത്, മുഖം മിനുക്കി, പുതിയ വേഷ വിധാനങ്ങളണിഞ്ഞ്, സുസ്മേര വദനനായി നിൽക്കുന്ന കൊടിയത്തൂർ അങ്ങാടി എന്ന പുതുമണവാളന്, അവന്റെ അന്തസ്സിനും പദവിക്കും യോജിച്ച, ആധുനിക ഉടയാടാഭരണങ്ങളാൽ വിഭൂഷിതയായ ഒരു പുതുമണവാട്ടി കടന്നുവരികയാണ്.
എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ, ഒരുപാട് വിശിഷ്ട വിഭവങ്ങളുമായി ഒരു അന്താരാഷ്ട്ര നിലവാരമുള്ള റെസ്റ്റോറന്റ് കൊടിയത്തൂരിൽ ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. അതെ - കാപിറ്റൽ വൺ . കൊടിയത്തൂരുകാർക്കും പരിസര പ്രദേശങ്ങളിലുളളവർക്കും വിശേഷ ദിവസങ്ങളിൽ രുചിയൂറും ഭക്ഷണ വിഭവങ്ങൾ സമ്മാനിച്ച പരേതനായ പി.പി.സി പരീക്കുട്ടിയിൽ നിന്നും കൈപ്പറ്റിയ കൈപുണ്യവുമായി, ഖത്തറിലെയും ബാംഗ്ളൂരിലെയും അനുഭവ സമ്പത്തുമായി മകൻ പി.പി.സി നൗഷാദിന്റെ മാനേജ്മെന്റിനു കീഴിൽ കാപിറ്റൽ വൺ റെസ്റ്റോറന്റ് മിഴി തുറക്കുകയാണ്. നമുക്കും അതിഥികൾക്കും പരിസര ശുചിത്വത്തോടെ, ആശ്വാസത്തോടെ, സ്നേഹത്തോടെ, വാൽസ്യത്തോടെ, അർഹിക്കുന്ന ആദരവോടെ വിശപ്പടക്കാം, ദാഹമകറ്റാം, രുചി നുണയാം, അതിഥികളെ സൽക്കരിക്കാം. ഒപ്പം ഒത്തുചേരലുകൾക്കായി കൊടിയത്തൂർ ടൗൺഹാൾ എന്ന മിനി ഓഡിറ്റോറിയവും ഏസീ റൂമുമൊക്കെ സെറ്റപ്പായിരിക്കുകയാണ്.
അതെ - 2024 നവംബർ- 28 മുതൽ കൊടിയത്തൂരിന്റെ തിലകക്കുറിയായി കാപിറ്റൽ വൺ കോട്ടമ്മൽ അങ്ങാടിയിൽ പരിലസിക്കാൻ പോവുകയാണ് . ഹോട്ടലിന് പിറകു വശത്ത് വാഹനങ്ങൾക്കായി പാർക്കിംങ്ങ് സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. 28 മുതൽ കൊടിയത്തൂരിന്റെ പുതുചരിതം പിറക്കുകയാണ്.
ഗ്രാമീണതയിൽ നിന്ന് നഗര പരിവേഷത്തിലേക്കുളള കുടമാറ്റം നടക്കുകയാണ്. പെരിങ്ങംപുറത്ത് ചെറിയ പരീക്കുട്ടി കുടുംബത്തിന്റെ ഈ അടയാളപ്പെടുത്തലിനെ നമുക്ക് ആശീർവദിക്കാം, വിജയാശംസകൾ നേരാം. ഉന്നമനത്തിന്നായി ജഗന്നിയന്താവിനോട് പ്രാർഥിക്കാം.
Tags:
HISTORY


