Trending

പാരീസ് ഒളിംപിക്സില്‍ ഇന്ത്യക്ക് മൂന്നാം മെഡല്‍, ഷൂട്ടിംഗില്‍ ചരിത്രം കുറിച്ച്‌ സ്വപ്നില്‍ കുസാലെക്ക് വെങ്കലം.



പാരീസ്: പാരീസ് ഒളിംപിക്സില്‍ ഇന്ത്യക്ക് മൂന്നാം മെഡല്‍. പുരുഷ വിഭാഗം 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ വെങ്കലം നേടിയ സ്വപ്നില്‍ കുസാലെയാണ് ഇന്ത്യക്ക് മൂന്നാം മെഡല്‍ സമ്മാനിച്ചത്.ഷൂട്ടിംഗില്‍ ഇന്ത്യ നേടുന്ന മൂന്നാം മെഡലാണിത്. ഒളിംപ്കിസ് ചരിത്രത്തില്‍ 50 മീറ്റര്‍ റൈഫില്‍ 3 പൊസിഷനില്‍ ഇന്ത്യ നേടുന്ന ആദ്യ മെഡല്‍ കൂടിയാണ് സ്വപ്നില്‍ ഇന്ന് സ്വന്തമാക്കിയത്.

15 ഷോട്ടുകള്‍ വീതമുള്ള മൂന്ന് റൗണ്ടുകളുള്ള ഫൈനലില്‍ ആദ്യ റൗണ്ടുകളില്‍ അഞ്ചാമതും ആറാമതുമായിരുന്ന സ്വപ്നില്‍ അവസാന റൗണ്ടിലാണ് 451.4 പോയന്‍റുമായി മൂന്നാം സ്ഥാനത്തേക്ക് കയറിയത്. 463.6 പോയന്‍റ് നേടിയ ചൈനയുടെ വൈ കെ ലിയൂ സ്വര്‍ണവും 461.3 പോയന്‍റ് നേടിയ യുക്രൈനിന്‍റെ എസ് കുലിഷ് വെള്ളിയും നേടി.

നേരത്തെ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത ഇനത്തില്‍ മനു ഭാക്കറും ടീം ഇനത്തില്‍ മനുഭാക്കര്‍-സരബ്ജോത് സിംഗും ഇന്ത്യക്ക് വെങ്കലം സമ്മാനിച്ചിരുന്നു.

50 മീറ്റർ റൈഫിള്‍ 3 പൊസിഷൻസ് ഫൈനല്‍ എങ്ങനെ: 15 ഷോട്ടുകള്‍ വീതമുള്ള മൂന്ന് റൗണ്ടുകളാണ് റൈഫിള്‍ 3 പൊസിഷനിലുള്ളത്. ഒരു സീരീസിന് 200 സെക്കൻഡ് എന്ന സമയപരിധിയുള്ള മുട്ടുകുത്തി നിന്നുള്ള അഞ്ച് ഷോട്ടുകളുടെ മൂന്ന് സീരീസുകളോടെയാണ് മത്സരം ആരംഭിക്കുക. ഓരോ സീരീസിനും 150 സെക്കൻഡ് എന്ന സമയപരിധിയില്‍ അഞ്ച് ഷോട്ടുകളുടെ മൂന്ന് സീരീസ് ഫൈനലിസ്റ്റുകള്‍ വെടിവയ്ക്കുന്നു.

അടുത്തതായി, നിവര്‍ന്നു നിന്നശേഷം, ഫൈനലിസ്റ്റുകള്‍ 250 സെക്കൻഡില്‍ രണ്ട് അഞ്ച്-ഷോട്ട് സീരീസ് വെടിവയ്ക്കുന്നു. രണ്ട് സ്റ്റാൻഡിംഗ് സീരീസിന് ശേഷം ഏറ്റവും താഴ്ന്ന റാങ്കിലുള്ള രണ്ട് ഫൈനലിസ്റ്റുകള്‍ പുറത്താകും. 50 സെക്കൻഡിനുള്ളില്‍ അഞ്ച് സിംഗിള്‍ ഷോട്ടുകളോടെ ഫൈനല്‍ തുടരും, ഓരോ ഷോട്ടിനു ശേഷവും ഏറ്റവും താഴ്ന്ന റാങ്കിലുള്ള അത്‌ലറ്റ് പുറത്താകും, അവസാന ഷോട്ട് പായിച്ച്‌ സ്വർണ്ണ മെഡല്‍ ജേതാവിനെ തീരുമാനിക്കുന്നത് വരെ രണ്ട് അത്‌ലറ്റുകള്‍ അവശേഷിക്കുന്നു. ഫൈനലില്‍ ആകെ 45 ഷോട്ടുകളാണുള്ളത്.
Previous Post Next Post
Italian Trulli
Italian Trulli