Trending

മുക്കം - കൊടിയത്തൂർ റോഡില്‍ യാത്രാ ദുരിതം രൂക്ഷമാകുന്നു.



മുക്കം: കൊടിയത്തൂര്‍ - കാരശ്ശേരി - മുക്കം റോഡിലെ കോട്ടമുഴി പാലം പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണത്തെ തുടര്‍ന്നുള്ള യാത്രാ ദുരിതം അതി രൂക്ഷമാകുന്നു. പാലം പൂര്‍ണ്ണമായി പൊളിച്ചതോടെ ഇതുവഴി ഇരുചക്ര വാഹനങ്ങള്‍ ഒഴികെയുള്ള വാഹനങ്ങള്‍ക്ക് നേരത്തെ പൂര്‍ണ്ണ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.


ഇതോടെ ഇത് വഴിയുള്ള ബസ് സര്‍വ്വീസുകളടക്കം നിലച്ചതോടെ കക്കാട്, കാരശ്ശേരി, ചോണാട് പ്രദേശത്തുകാര്‍ യാത്ര ചെയ്യാന്‍ ഏറെ പ്രയാസപ്പെടുന്ന സാഹചര്യമാണ്. ബസ് കയറാനും മറ്റു വാഹനങ്ങള്‍ ലഭിക്കാനും ഇവര്‍ക്ക്
കിലോ മീറ്ററുകള്‍ ചുറ്റിത്തിരിയണം.

ഇതിനിടെ ഇത് വഴി ഇരു ചക്ര വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും സഞ്ചരിക്കാനായി കക്കാടം തോടിന് കുറുകെ നിര്‍മ്മിച്ച താത്കാലിക പാലം വഴിയുള്ള യാത്രയും നിലച്ച മട്ടാണ്. പാലം കടന്ന് പ്രധാന റോഡിലേക്ക് കടക്കാന്‍
കക്കാട് മിനി സ്റ്റേഡിയത്തിനോട് ചേര്‍ന്നാണ് സൗകര്യമൊരുക്കിയിരുന്നത്. എന്നാല്‍ കനത്ത മഴയില്‍ ഗ്രൗണ്ടില്‍ വെള്ളക്കെട്ടും ചെളിയും നിറഞ്ഞതോടെ ഇതു വഴിയുള്ള യാത്ര ഏറെ ദുഷ്കരമായി മാറിയിരിക്കുകയാണ്.

ഇത് വഴി യാത്ര ചെയ്യുന്ന സ്ത്രീകളടക്കം നിരവധി കാൽ നടയാത്രക്കാരും ഇരു ചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരും വഴുതി വീണ് നിരവധി അപകടങ്ങളാണ് നടന്നത്. ശക്തമായ മഴ പെയ്താല്‍ വെള്ളം ഉയര്‍ന്ന് യാത്ര പൂര്‍ണ്ണമായും തടസ്സപ്പെടുന്നതും പതിവാണ്. സ്കൂൾ തുറക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ കൊടിയത്തൂർ, ചെറുവാടി, ചേന്ദമംഗല്ലൂർ പ്രദേശങ്ങളിലെ വിവിധ സ്കൂളുകളിലേക്കായി ധാരാളം കുട്ടികൾക്ക് പോകാനുള്ള വഴി കൂടിയാണിത്. 

ശക്തമായ മഴയുള്ളപ്പോൾ കുട്ടികളെ തനിച്ച് സ്കൂളിൽ അയക്കുന്നതിന്റെ ആശങ്കയിലാണ് രക്ഷിതാക്കൾ. രൂക്ഷമായ യാത്രാ ക്ലേശം പരിഹരിക്കുന്നതിന് കക്കാട് കെ.പി ആർ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ രൂപീകരിച്ച ആക്ഷൻ കമ്മറ്റി എഞ്ചിനിയറെയും പഞ്ചായത്ത് അധികാരികളെയും വിഷയം ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് സുനിത രാജൻ, വൈസ് പ്രസിഡണ്ട് ജംഷിദ് ഒളകര, വാർഡ് മെമ്പർ ആമിന എടത്തിൽ തുടങ്ങിയവർ കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ചിരുന്നു.

ബന്ധപ്പെട്ട എഞ്ചിനിയറെ വിളിച്ച് കാര്യം ബോധ്യപ്പെടുത്തുകയും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനങ്ങൾക്കും തടസ്സം നേരിടാത്ത രീതിയിൽ ഗതാഗത സൗകര്യം ഒരുക്കുന്നതിനും ധാരണയായതായും സ്കൂൾ തുറക്കും മുൻപ് പരിഹാരം കാണുമെന്ന് ഉറപ്പു നൽകിയതായും ഭാരവാഹികള്‍ പറഞ്ഞു.

വായനശാല പ്രസിഡണ്ട് മഞ്ചറ അഹമ്മദ് കുട്ടി, സെക്രട്ടറി ടി.പി അബൂബക്കർ, പാറക്കൽ അബ്ദുറഹ്‌മാൻ, ശുകൂർ മുട്ടാത്ത്, നജീബ് പുതിയോടത്ത്, ഖാസിം തോട്ടത്തിൽ, നാസർ ജി, വാഴയിൽ മുഹമ്മദലി തുടങ്ങിയവരും പഞ്ചായത്ത് അധികൃതരോടൊപ്പം സ്ഥലം സന്ദര്‍ശിച്ചു.

ഫോട്ടോ: കോട്ടമുഴി പാലം പൊളിച്ചതിനെ തുടര്‍ന്ന് ഇരുചക്ര വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും താത്കാലികമായി ഏര്‍പ്പെടുത്തിയ റോഡില്‍ വെള്ളം നിറഞ്ഞ നിലയില്‍.
Previous Post Next Post
Italian Trulli
Italian Trulli