തൃശ്ശൂര്‍: വെളപ്പായയില്‍ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ റെയിൽവെ ടിടിഇ കെ വിനോദ് ദാരുണമായി കൊല്ലപ്പെട്ടത് ഏറെ വേദനാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം മഞ്ഞുമ്മൽ സ്വദേശിയായ വിനോദിന്റെ വേർപാടിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. പ്രതിക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് ആവശ്യമായ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി അനുശോചന കുറിപ്പിൽ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിക്കാണ് കേരളത്തെ നടുക്കിയ ക്രൂര കൊലപാതകം നടന്നത്. എറണാകുളം-പട്ന എക്സ്പ്രസിൽ റിസർവ് കോച്ചിൽ കയറിയ യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ചതിന്‍റെ പകയിലാണ് കൊലപാതകം. ടിക്കറ്റ് ഇല്ലെങ്കിൽ പിഴയടക്കണമെന്ന് പറഞ്ഞതിന് ഒഡിഷ സ്വദേശി രജനീകാന്ത് ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിടുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി വിനോദിനെ തള്ളിയിട്ടതെന്നാണ് എഫ്ഐആർ.
Tags:
KERALA
