Trending

കെ.സി: ഓർമയിലെ ഹീറോ.



✍🏻കെ.ടി അബ്ദുറബ്ബ്.

ഒരടിയേറ്റ പോലെയാണ് പുലർച്ചെ ആ വാർത്ത കേട്ടത്. നാട്ടുകാർക്ക് പ്രിയങ്കരനായ അദ്‌റൂട്ടി (കെ.സി അബ്ദുറഹ്മാൻ) വിട പറഞ്ഞിരിക്കുന്നു!

ഓർമ്മകൾ കുട്ടിക്കാലത്തേക്കും കാൽപ്പന്തു ലോകത്തേക്കും പാഞ്ഞുപോയി. ഒരുകാലത്തു ചേന്ദമംഗല്ലൂർ ടീമിന്റെ പ്രതിരോധ നിരയുടെ നട്ടെല്ലായിരുന്നു കെ.സി.

ചേന്ദമംഗല്ലൂരിന്റെ ഹൃദയത്തിൽ കൂടുവെച്ച കളിക്കാരൻ.

സലാം, ഉമ്മർ ഖാൻ, സി.ടി കാദർ, ഫൈസൽ, അയ്യൂബ്, കുഞ്ഞുട്ടിമോൻ, അബ്ദുറഹിമാൻ കരീമുട്ടി കൂട്ടുകെട്ടിൽ സമീപ പ്രദേശങ്ങളിലെ ടീമുകൾ തകർന്നു പോകുന്ന ഒരു കാലമായിരുന്നു അത്. അത്ര ശക്തമായ ഒരു ടീം ചേന്ദമംഗല്ലൂരിൽ പിന്നെ പിറന്നിട്ടില്ല. 
ഒരു ഉച്ചതിരിഞ്ഞ നേരം ബാപ്പ പറഞ്ഞത് ഇന്നുമോർക്കുന്നു. "ഇന്ന് മാമ്പറ്റ കളിയുണ്ട്. എതിർ ടീം ബാംഗ്ലൂർ ITI യുടെ ഫുൾ ടീമുമായിട്ടാണ് ഇറങ്ങുന്നത്. നമുക്ക് ഇന്ന് അദ്രുട്ടിയുണ്ടാവില്ല. അവൻ കോയമ്പത്തൂർ പോയതാണ്. ഇന്ന് ഗ്രൗണ്ടിൽ നിന്ന് തല താഴ്ത്തി മടങ്ങേണ്ടിവരും."

യുവജന ഗ്രന്ഥാലയം എന്നായിരുന്നു അന്ന് ചേന്ദമംഗല്ലൂർ ടീമിന് പേര്. എതിർ ടീം ഫീനിക്സ് കച്ചേരി. ബാംഗ്ലൂർ ITI ടീമിലെ മജീദ്, റാഫി, രാഘവൻ, കണ്ണൂർ ലക്കി സ്റ്റാർ ടീമിന്റെ തിലകൻ. എല്ലാവരും ഗ്രൗണ്ടിൽ വാം അപ് ചെയ്യുന്നു. ചേന്ദമംഗലൂർ ടീമിൽ എല്ലാം നാട്ടുകാർ. കെ.സി യുടെ അഭാവം തീർക്കാൻ അരീക്കോട് തിന്നും ഥാപ്പയെ (അബ്ദുറഹ്മാൻ) ഇറക്കിയിട്ടുണ്ട്.

കളി തുടങ്ങി 10 മിനിറ്റായപ്പോയേക്കും എതിർ ടീം ഒരു ഗോൾ ചേന്ദമംഗല്ലൂരിന്റെ വലയിലേക്കിട്ടു. പോസ്റ്റിലേക്ക് തുടരെയുള്ള അടികൾ. ഇരുഗ്രാമങ്ങളിൽ നിന്നും സമീപ ദേശങ്ങളിൽ നിന്നുമായി നൂറുകണക്കിന് ഫുട്ബോൾ പ്രേമികൾ കാണികളായുണ്ട്. തങ്ങളുടെ ഫുട്ബോൾ ആധിപത്യം ഇന്നവസാനിക്കുമെന്ന സങ്കടത്തോടെ ചേന്ദമംഗലൂരുകാർ ശ്വാസമടക്കി നിൽക്കുന്നു. 

കെസിയുടെ അഭാവം എതിർ ടീം ഓരോ സെക്കന്റിലും ഉപയോഗപെടുത്തികൊണ്ടിരുന്നു. സലാമും സംഘവും പൊരിഞ്ഞ പോരാട്ടത്തിലാണ്. ക്യാപ്റ്റൻ ഉമ്മർഖാനെയും സലാമിനെയും അനങ്ങാൻ വിടുന്നില്ല എതിർ ടീമിലെ മജീദും റാഫിയും.

കളിയുടെ ആരവങ്ങൾക്കിടയിൽ അകലെ നിന്നും ഒരു 'ബുള്ളറ്റിന്റെ' ശബ്ദം കേട്ട് തുടങ്ങിയതപ്പോഴാണ്. ശരവേഗത്തിൽ ആ ബൈക്ക് മാമ്പറ്റ കുന്നിലെത്തി. കെ.സി യായിരുന്നു അത്. പെട്ടന്ന് ബൂട്ട് കെട്ടി മിന്നൽ പോലെ കളത്തിലേക്ക്. ഗ്രൗണ്ടിൽ നിലക്കാത്ത കയ്യടി. കളിയുടെ നിയന്ത്രണം ചേന്ദമംഗലൂർ ടീമിന്. കളി മുറുകി. ആദ്യ പകുതി തീരും മുമ്പ് രണ്ടു ഗോളുകൾ കച്ചേരിയുടെ വലയിലേക്ക്. 

രണ്ടാം പകുതിയിൽ കച്ചേരി ടീം വീണ്ടും ചേന്ദമംഗല്ലൂരിന്റെ വല കുലുക്കി. രണ്ടേ-രണ്ട്. അധികം വൈകാതെ അതാ സലാമിന്റെ മനോഹര ഗോൾ. ഒരു ബൈസിക്കിൾ കിക്. വിസിലൂതുമ്പോൾ സ്‌കോർ 3-2. ജയം ചേന്ദമംഗല്ലൂരിന്. കാണികൾ ഗ്രൗണ്ടിലേക്കോടി കെ.സിയെയും സലാമിനെയും ഉമ്മർഖാനെയും പൊക്കിയെടുക്കുന്നു...അങ്ങനെ കുറെ ഓർമ്മകളാണ് അദ്ദേഹത്തിൻ്റെ മരണ വാർത്ത പൊടുന്നനെ എന്നിലേക്ക് കൊണ്ടുവന്നത്.

നാല് വർഷം മുമ്പ് രാഘവേട്ടനുമായി (അന്ന് എതിർടീമിൽ കളിച്ച) ഫോണിൽ സംസാരിച്ചപ്പോൾ മാമ്പറ്റയിലെ ആ കളി അദ്ദേഹവും ഓർത്തെടുക്കുകയുണ്ടായി.

കാൽപ്പന്തു ലോകത്ത് ഒരു ഹീറോയായി കത്തിനിൽക്കുന്ന കാലത്താണ് അദ്ദേഹം ഖത്തറിലേക്ക് പോവുന്നത്. കളിക്ക് പ്രാധാന്യം നൽകുന്ന ഏതെങ്കിലും ഒരു കളി ഗ്രാമത്തിൽ ജനിച്ചിരുന്നെങ്കിൽ കേരളടീമിലും ഇന്ത്യ ടീമിലുമൊക്കെ നിഷ്പ്രയാസം ഇടം പിടിക്കാനാകുമായിരുന്ന പ്രതിഭയായിരുന്നു കെ.സി.

ഖത്തറിൽ ഫുട്ബോൾ സംഘാടനരംഗത്തും ചാരിറ്റി പ്രവർത്തനങ്ങളിലും മുൻ നിരയിലുണ്ടായിരുന്നു. അശരണർക്കും അഗതികൾക്കും സ്വാന്തനമേകുന്നതിനായി 'ഖത്തർ ചാരിറ്റി'യുടെ ഉദ്യോഗസ്ഥനായി ലോകമൊട്ടുക്കും അദ്ദേഹം ഓടി നടന്നു. പബ്ലിസിറ്റിയൊന്നും ആഗ്രഹിക്കാതെ, നിശ്ശബ്ദ സേവകനായി നടത്തിപോന്ന സദ്പ്രവർത്തനങ്ങൾ പടച്ചവൻ അദ്ദേഹത്തിന്റെ കണക്കിൽ വെക്കാതിരിക്കില്ല.

പ്രവാസ ജീവിതം തെരെഞ്ഞെടുത്ത ശേഷം ഞങ്ങൾക്കിടയിലെ കൂടിക്കാഴ്ചകൾ കുറവായിരുന്നു. എങ്കിലും ആ ആത്മബന്ധം കടുപ്പം ചോരാതെ നില നിന്നു.

വിട പറയുന്നില്ല, കാരണം അതിനാവില്ല. എന്നൊന്നും ഒരു ഹീറോ ആയി മനസ്സിന്റെ മണിച്ചെപ്പിൽ കിടക്കട്ടെ. പ്രാർത്ഥനകൾ.
Previous Post Next Post
Italian Trulli
Italian Trulli