ഭൂചലനത്തിൽ നടുങ്ങിയ തുർക്കിയിലും സിറിയയിലും കഠിനമായ തണുപ്പ് രക്ഷാ പ്രവർത്തനത്തിന് തടസമാകുന്നു. ഇതുവരെ 7800ലധികം ആളുകൾ ഭൂചലനത്തിൽ മരിച്ചെന്നാണ് റിപ്പോർട്ട്.
തുർക്കിയിൽ 5,434 പേരും സിറിയയിൽ 1,872 പേരും ഉൾപ്പടെ ആകെ 7,306 പേർ മരിച്ചെന്നാണ് ഏറ്റവും പുതിയ കണക്കുകൾ പറയുന്നത്. 20,000 പേർ മരിച്ചിട്ടുണ്ടാകാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടൽ. ഭൂചലനം 23 ദശലക്ഷം ആളുകളെ ബാധിക്കുമെന്ന് അഭിപ്രായപ്പെട്ട ലോകാരോഗ്യ സംഘടന, ദുരന്തമേഖലയിലേക്ക് സഹായം എത്തിക്കാൻ രാജ്യങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.
സിറിയയിലെ ബാഷർ അൽ അസദിന്റെ സർക്കാരിന് പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുതതിയിരിക്കുന്ന ഉപരോധം നീക്കാനും സഹായം നൽകാനും സിറിയൻ റെഡ് ക്രസന്റ് അഭ്യർത്ഥിച്ചിട്ടുണ്ട്.
കുഞ്ഞനുജന്‍റെ തലയിൽ കോൺക്രീറ്റ് പാളി വീഴാതിരിക്കാൻ കൈകൊണ്ട് താങ്ങി നിൽക്കുന്ന പെൺകുട്ടി, സോഷ്യൽ മീഡിയയിൽ നിറഞ്ഞ് ഏഴ് വയസുകാരി.
തുർക്കിയിലും സിറിയയിലും ദുരന്തം വിതച്ച് തിങ്കളാഴ്ചയുണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ 7,800 പിന്നിട്ടിരിക്കുകയാണ്. റിക്ടര്‍ സ്‌കെയ്‌ലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ വൻ ഭൂകമ്പത്തിലും അതിന്‍റെ തുടർചലനങ്ങളിലും ഇരു രാജ്യങ്ങളും വിറങ്ങലിച്ച് നിന്നപ്പോൾ തെരുവുകളിലാകെ അവശേഷിച്ചത് ഒറ്റരാത്രി കൊണ്ട് ഉറ്റവരെ നഷ്ട്പെട്ട ആയിരങ്ങളുടെ കണ്ണീർ മാത്രമാണ്.
തെരുവുകളിലാകെ മൃതദേഹങ്ങൾ കൂട്ടിയിട്ടതിന്‍റെ നടുക്കുന്ന കാഴ്ചകളാണ് തുർക്കിയിൽ നിന്നും സിറിയയിൽ നിന്നും പുറത്ത് വരുന്നത്. ദുരന്തത്തിന്‍റെ തോത് വെളിപ്പെടുത്തി മരണസംഖ്യ ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുകയാണ്.
ഇരു രാജ്യങ്ങളിൽ നിന്നും പുറത്ത് വന്ന് കൊണ്ടിരിക്കുന്ന വേദനിപ്പിക്കുന്ന വാർത്തകൾക്കും ചിത്രങ്ങൾക്കുമിടയിൽ സിറിയയിലെ ദുരന്തഭൂമിയിൽ നിന്നുള്ള ഹൃദയസ്പർശിയായ മറ്റൊരു കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
സഹോദരന്‍റെ തലയിൽ പരിക്കേൽക്കാതിരിക്കാൻ തന്‍റെ ഇരു കൈകൾ കൊണ്ടും അവന്‍റെ തല മറച്ച് പിടിച്ച് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കിടക്കുന്ന പെൺകുട്ടിയുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. യുഎന്‍ പ്രതിനിധിയായ മുഹമ്മദ് സഫയാണ് ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
തകർന്ന് വിണ കെട്ടിടങ്ങൾക്കിടയിൽ തന്‍റെ കുഞ്ഞനുജനെ ഇരുകൈകൾക്കുള്ളിലും ചേർത്തുപിടിച്ച് ഏഴ് വയസുകാരി കിടന്നത് 17 മണിക്കൂറോളമാണ്. ഒടുവിൽ രക്ഷാപ്രവർത്തകർ എത്തിയപ്പോൾ ഒരു കുഞ്ഞുപുഞ്ചിരിയാണ് അവളവർക്ക് സമ്മാനിച്ചത്.
ഏഴ് വയസുകാരിയുടെ പകരം വെക്കാനാകാത്ത ധൈര്യത്തെയും ധീരതയെയും അഭിനന്ദിക്കുകയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളൊന്നാകെ. സിറിയയും തുർക്കിയും ലോകത്തിന്‍റെ കണ്ണീരാവുമ്പോൾ അതിജീവനത്തിന്‍റെ ഇത്തരം ദൃശ്യങ്ങൾ ആശ്വാസം പകരുന്നതാണെന്ന് നിരവധിപേർ പ്രതികരിച്ചു.
Tags:
INTERNATIONAL
