തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയെ നാളെ ബാംഗ്ലൂരിലേക്ക് മാറ്റും. തുടർ ചികിത്സയ്ക്കായാണ് ബാംഗ്ലൂരിലേക്ക് മാറ്റുന്നത്. നാളെ വൈകുന്നേരം എയർ ആംബുലൻസിലാണ് ബാംഗ്ലൂരിലേക്ക് മാറ്റുക. ന്യുമോണിയ ഭേദമായതിനെ തുടർന്നാണ് തീരുമാനം. പ്രതിപക്ഷ നേതാവടക്കം എത്തി നടത്തിയ ചർച്ചയിലാണ് തീരുമാനം. ആരോഗ്യമന്ത്രി വീണാ ജോർജ് ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചു.
മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് ആരോഗ്യമന്ത്രി ആശുപത്രിയിലെത്തി ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചത്. ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച മന്ത്രി മെഡിക്കൽ ബോർഡുമായി കൂടിക്കാഴ്ച നടത്തി. ഉമ്മൻ ചാണ്ടിയുടെ കുടുംബം സർക്കാർ സഹായങ്ങളോടൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
ന്യൂമോണിയയും പനിയും ശക്തമായതിനെ തുടർന്ന് കഴിഞ്ഞദിവസമാണ് ഉമ്മൻചാണ്ടിയെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ആരോഗ്യസ്ഥിതി വ്യക്തമാക്കി ആശുപത്രി ഇന്ന് വിശദ മെഡിക്കൽ ബുള്ളറ്റിനും പുറത്തിറക്കും.
മെഡിക്കൽ ഐ.സി.യുവിൽ തുടരുന്ന ഉമ്മൻചാണ്ടിയുടെ ചികിത്സക്കായി നെഫ്രോളജി വിഭാഗം മേധാവിയുടെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ട്. ഉമ്മൻചാണ്ടിക്ക് ചികിത്സ നിഷേധിച്ചെന്ന സഹോദരൻ അലക്സ് ചാണ്ടിയുടെ ആരോപണത്തിന് പിന്നാലെ മുഖ്യമന്ത്രി കുടുംബത്തെ വിളിച്ച് ആരോഗ്യസ്ഥിതി ചോദിച്ചറിഞ്ഞിരുന്നു.
