Trending

എല്ലാ ജില്ലകളിലും വ്യാപകമായി ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ നടത്താന്‍ നിര്‍ദ്ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി.


സംസ്ഥാനത്ത് 14 ജില്ലകളിലും വ്യാപകമായി ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ നടത്താന്‍ നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അവധി ദിവസങ്ങളുമായി ബന്ധപ്പെട്ട് ഓപ്പറേഷന്‍ ഹോളിഡേ എന്ന പേരില്‍ പ്രത്യേക പരിശോധന ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയിരുന്നു. അവധി ദിവസങ്ങള്‍ക്ക് ശേഷം ചില കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് വ്യാപക പരിശോധനയ്ക്ക് വീണ്ടും നിര്‍ദേശം നല്‍കിയത്.

ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. ലൈസന്‍സ് ഉണ്ടെങ്കിലും ശുചിത്വമില്ലാത്തതോ മായം കലര്‍ന്നതോ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പാകം ചെയ്യുന്നതോ കാലപ്പഴക്കമുള്ളതോ ആയ ഭക്ഷണം നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

43 ഹോട്ടലുകൾ പൂട്ടി: 138 കടകൾക്ക് നോട്ടീസ്; സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ വ്യാപക പരിശോധന.

തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടലുകളിൽ ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ വ്യാപക പരിശോധന. 429 ഓളം ഹോട്ടലുകളിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്. അതിൽ വ്യത്തി ഹീനമായി കണ്ട 22 ഹോട്ടലുകളും ലൈസൻസില്ലാത്തെ പ്രവർത്തിച്ചിരുന്ന 21 ഹോട്ടലുകളും അടച്ചു പൂട്ടി. 138 കടകൾക്ക് നോട്ടീസ് നൽകി, ഇതിൽ 52 കടകൾക്ക് നിലവാരം മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നോട്ടീസ് നൽകിയത്. 44 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

തലസ്ഥാനത്ത് വ്യത്തിഹീനമായ രീതിയിൽ പ്രവർത്തിച്ച 8 ഹോട്ടലുകൾ പൂട്ടിച്ചു. 3 ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കി. മലപ്പുറത്ത് എട്ട് ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കി. തൃശൂരിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം രണ്ട് സ്ക്വാഡുകളായി തിരിഞ്ഞ് 21 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്.

തൃശൂർ നഗര പ്രദേശത്തിനൊപ്പം പുതുക്കാട്, നാട്ടിക എന്നിവിടങ്ങളിലായി 21 ഹോട്ടലുകളിലാണ് പരിശോധന നടന്നത്. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്ത നാല് ഹോട്ടലുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഹോട്ടലുടമകളോട് ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമ്മീഷണർക്ക് മുന്നിൽ ഹാജരാകാനും നിർദ്ദേശം നൽകി. അതിന് ശേഷമാവും പിഴ തുക നിശ്ചയിക്കുക.

തിരുവനന്തപുരത്ത് അടച്ചുപൂട്ടിയ ഹോട്ടലുകളില്‍ ഒന്നായ ബുഹാരിയുടെ ഉടമ പരിശോധന നടത്തിയ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ രംഗത്തെത്തി.

ഹോട്ടല്‍ വൃത്തിഹീനമാണെന്ന ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ ആരോപണം ഹോട്ടലുടമ തള്ളി. പരിശോധനയ്‌ക്കെത്തിയവർ ഫ്രിഡ്ജിൽ മനഃപൂർവം പാറ്റയെ കൊണ്ടുവെച്ചതാണെന്നാണ് ഹോട്ടലുടമ ആരോപിക്കുന്നത്.

കോട്ടയത്ത് ഭക്ഷ്യ വിഷബാധയേറ്റ് യുവതി മരിച്ചതിന് പിന്നാലെയാണ് ആരോഗ്യമന്ത്രി വീണാ ജോർജ് പരിശോധനയ്ക്കായി ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയത്.
Previous Post Next Post
Italian Trulli
Italian Trulli