ആരോഗ്യത്തോടെയും ഫിറ്റായും ഇരിക്കണമെന്ന കാര്യത്തില്‍ ഇന്ന് ആര്‍ക്കും രണ്ട് അഭിപ്രായം ഉണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ ഇതിനായി എന്ത് ചെയ്യണമെന്നു ചോദിച്ചാൽ പലര്‍ക്കും പല നിര്‍ദ്ദേശങ്ങളാകും തരാനുള്ളത്. പല പേരുകളില്‍ പല ഡയറ്റുകള്‍ നമുക്ക് ചുറ്റും നിറയുമ്പോൾ ആകെ മൊത്തം ഇക്കാര്യത്തില്‍ ഒരു ആശയക്കുഴപ്പമാണ് നിലവിലുള്ളത്. ഇത്തരത്തില്‍ കണ്‍ഫ്യൂഷനടിച്ച് ഇരിക്കുന്നവര്‍ക്ക് ചില ലളിത പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയാണ് ആയുര്‍വേദം.
ഭാരം കുറയ്ക്കാനായി ആയുര്‍വേദം നിര്‍ദ്ദേശിക്കുന്നതും എളുപ്പം നടപ്പാക്കാവുന്നതുമായ ആ അഞ്ച് കാര്യങ്ങള്‍ ഇവയാണ്
*ഭക്ഷണം സൂര്യോദയത്തിനും അസ്തമയത്തിനും ഇടയ്ക്ക്*
സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും ഇടയിലുള്ള പകല്‍ നേരത്ത് മാത്രം ഭക്ഷണം കഴിക്കാനാണ് ആയുര്‍വേദ ആചാര്യന്മാര്‍ നിര്‍ദ്ദേശിക്കുന്നത്. ഈ സമയത്താണ് നമ്മുടെ ദഹനസംവിധാനം ഏറ്റവും സജീവമായി ഇരിക്കുക. ഈ നിര്‍ദ്ദേശം പിന്തുടര്‍ന്നാല്‍ 12 മണിക്കൂര്‍ നേരം നിങ്ങള്‍ പലപ്പോഴായി ഭക്ഷണം കഴിക്കുകയും 12 മണിക്കൂര്‍ നേരം വെള്ളമല്ലാതെ മറ്റൊന്നും കഴിക്കാതെ ഉപവാസത്തിലായിരിക്കുകയും ചെയ്യും. ഇത് ഭക്ഷണം നന്നായി ദഹിപ്പിക്കാനും ആവശ്യമില്ലാത്ത വിഷാംശങ്ങളെല്ലാം ശരീരത്തില്‍ നിന്ന് പുറന്തള്ളാനും സഹായിക്കും.
*ജലാംശം നിലനിര്‍ത്തുക*
മനുഷ്യശരീരത്തിന് ഒരു ദിവസം കുറഞ്ഞത് ഏഴ് മുതല്‍ എട്ട് ഗ്ലാസ് വരെ വെള്ളം ആവശ്യമാണ്. ശരീരത്തിലെ വിഷവസ്തുക്കള്‍ നീക്കം ചെയ്യാനും ശരിയായ ചയാപചയ പ്രക്രിയ നിലനിര്‍ത്താനും ഇത് സഹായിക്കും. വെള്ളം കുറച്ച് കുടിക്കുന്നത് മലബന്ധം, നിര്‍ജലീകരണം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഇത് ശരീരത്തിലെ ഹോര്‍മോണ്‍ സന്തുലനം തകിടം മറിച്ച് ഭാരം വര്‍ധിപ്പിക്കും.
*പഞ്ചസാര, വറുത്ത ഭക്ഷണം, സംസ്കരിച്ച ഭക്ഷണം എന്നിവ ഒഴിവാക്കുക*
ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് കരളിന് മേലുള്ള സമ്മര്‍ദം കുറയ്ക്കുക വഴി മെച്ചപ്പെട്ട ദഹനം സാധ്യമാക്കും. വയറിലുണ്ടാകുന്ന നീര്‍ക്കെട്ട് കുറയ്ക്കാനും പോഷണങ്ങള്‍ ഭക്ഷണത്തില്‍ നിന്ന് ശരിയായി വലിച്ചെടുക്കാനും ഇത് വഴി സാധിക്കും.
*ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും വ്യായാമം*
ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും വ്യായാമത്തിന് സമയം കണ്ടെത്തണം. ഇത് ശരീരത്തിലെ രക്തചംക്രമണം വര്‍ധിപ്പിക്കുക വഴി ശരീരത്തിലെ എല്ലാ കോശങ്ങളിലേക്കും ആവശ്യത്തിന് പോഷണവും ഓക്സിജനും ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും. ശരീരം സജീവമായിരിക്കുന്ന ദിവസത്തിന്‍റെ ആരംഭം വ്യായാമത്തിനായി തിരഞ്ഞെടുക്കുന്നതാകും ഏറ്റവും ഉത്തമം.
*നല്ല ഉറക്കം*
ശരീരത്തിന് ശരിയായ വിശ്രമം ലഭിക്കാന്‍ ദിവസം കുറഞ്ഞത് 8 മണിക്കൂറെങ്കിലും ഉറങ്ങണം. രാത്രി 10നും രാവിലെ ആറിനും ഇടയിലുള്ള സമയമാണ് ഉറങ്ങാന്‍ ഏറ്റവും അനുയോജ്യമെന്നും ആയുര്‍വേദം നിര്‍ദ്ദേശിക്കുന്നു.