തേവാങ്കിനോളം ഇത്രയും ആർദ്രവും ദയനീയവും യാചനാപൂർണ്ണവുമായ കണ്ണുകൾ ഉള്ള മറ്റൊരു ജീവി ഇല്ലെന്നു തോന്നും.
വിടർന്ന വട്ടക്കണ്ണുകൾ കൊണ്ട് നമ്മളെത്തന്നെ തുറിച്ച് നോക്കുമ്പോൾ, സജലങ്ങളായ ആ കണ്ണുകളിൽ ഇളകുന്ന ഭീതിയുടെ സങ്കടകടൽ നമ്മെ അസ്വസ്ഥപ്പെടുത്തും.
പ്രായം കൊണ്ട് കിടപ്പിലാകാറായ ഒരു വൃദ്ധമനുഷ്യൻ തന്റെ മെലിഞ്ഞുണങ്ങിയ കൈകൾ സാവകാശം എടുത്തുയർത്തി എത്തിപ്പിടിച്ച് ആയാസപ്പെട്ട് ഒരു ഗോവണികയറുന്നതുപോലെയാണ് കുട്ടിത്തേവാങ്കിന്റെ രൂപവും ചലനവും കണ്ടാൽ തോന്നുക. ഒന്നിനും ഒരു തിടുക്കമവുമില്ലാത്ത സാത്വിക സാധു!
പഴയകാലത്ത് കടൽ സഞ്ചാരികൾ ദിശ മനസിലാക്കാനുള്ള പ്രാകൃത വടക്ക് നോക്കി യന്ത്രമായിപ്പോലും കുട്ടിത്തേവാങ്കുകളെ ഉപയോഗിച്ചിരുന്നു. സൂര്യന് പുറം തിരിഞ്ഞേ ഇവ ഇരിക്കു എന്ന വിശാസം മൂലം മഞ്ഞും മേഘവും മൂടിയ ദിവസങ്ങളിൽ സൂര്യന്റെ സ്ഥാനം മനസിലാക്കാനായാണ് സഞ്ചാരികൾ പാവം തേവാങ്കിനെ കൂടെ കൂട്ടിയിരുന്നത് . ഓരോ യാത്രയിലും അവർ ചത്തുപോയിക്കൊണ്ടിരുന്നു. ദിശ പലതവണ തെറ്റിയിട്ടും ആ അന്ധവിശ്വാസം മാറാൻ കോമ്പസ് കണ്ടുപിടിക്കുന്നതുവരെ കാക്കേണ്ടി വന്നു.
മെലിഞ്ഞുണങ്ങിയപോലുള്ള ശരീരവും കൈകാലുകളും ഉള്ളതിനാലാവും ദക്ഷിണേന്ത്യയിൽ കാണുന്ന ഇനങ്ങളെ സ്ലെൻഡർ ലോറിസ് (Loris lydekkerianus) എന്ന വിഭാഗം ആയി പരിഗണിക്കുന്നത്. ഇതിൽ രണ്ട് സബ് സ്പീഷിസുകളെയാണ് ഇതുവരെയായി കണ്ടെത്തീട്ടുള്ളത്. ഒന്ന് മൈസൂർ കുട്ടിത്തേവാങ്ക് Loris lydekkerianus lydekkerianus, രണ്ടാമത്തേത് മലാബാർ കുട്ടിത്തേവാങ്ക് Loris lydekkerianus malabaricus - . ഇവർക്ക് സ്ലോ ലോറീസുകൾക്ക് ഉള്ളതുപോലെ കുഞ്ഞു വാലു പോലും ഇല്ല എന്നത് പ്രധാന വ്യത്യാസം തന്നെയാണ് .
കുട്ടിത്തേവാങ്കുകൾ മനുഷ്യരുടെ അകന്ന കസിന്മാരായി വരുമെങ്കിലും നമ്മുടെ മൂക്ക് പോലെ അല്ല അവരുടെ മൂക്കറ്റം. പൂച്ചയുടെയും നായയുടേയും മൂക്കിൻ തലപ്പിലെ രോമമില്ലാത്ത , നനവാർന്ന ഭാഗം പോലെ ഇവയ്ക്കും മൂക്കറ്റം മൃദുലവും ആർദ്രവും ആയ ‘റിനേറിയം’ ആണുള്ളത്. നമ്മേക്കാളും ഗന്ധ അറിവ് അതിജീവനത്തിന് ഇവർക്ക് സഹായം ലഭിക്കുന്നതും ഇതുകൊണ്ടാണ്.
രാത്രി ജീവിതം നയിക്കുന്ന ഇവരുടെ കണ്ണുകളും അതിനു സഹായകമാം വിധം പരിണമിച്ചതാണ്. മുഖത്തിന്റെ വലിയ ഭാഗം ഉൾക്കൊള്ളുന്നതാണ് മുന്നോട്ട് ഉന്തിയ വലിയ വട്ടക്കണ്ണുകൾ. ഒട്ടും സൂര്യ പ്രകാശം ഇഷ്ടപ്പെടാത്തവരായതിനാൽ പകൽ സൂര്യനു പൃഷ്ടം തിരിഞ്ഞ് തല മുങ്കാലുകൾക്ക് ഇടയിൽ കുനിച്ച് താഴ്ത്തിപ്പിടിച്ച് ചുരുണ്ട് കഴിയുന്ന ശീലം ഉണ്ട്. നല്ല നിലാവുള്ള ദിവസം പോലും ഇവ രാത്രി പുറത്തിറങ്ങാൻ മടിക്കും. തീവ്ര പ്രകാശം കണ്ണിലടിച്ചാൽ ഇവ വല്ലാതെ അലോസരപ്പെടുകയും കാഴ്ചയ്ക്ക് പ്രശ്നമുണ്ടാക്കുകയും ചെയ്യും എന്നാണ് വിദഗ്ധർ പറയുന്നത്. അതിനാൽ തീവ്ര പ്രകാശം ഫ്‌ളാഷ് ലൈറ്റുകൾ ഉപയോഗിച്ച് ഇവയുടെ ഫോട്ടോ എടുക്കുന്നത് പോലും ഒഴിവാക്കേണ്ടതാണ്.
റെറ്റിനയ്ക്ക് തൊട്ട് താഴെയുള്ള റിട്രോ റിഫ്ലക്റ്റർ ആയ കോശങ്ങൾ കൊണ്ട് നിർമ്മിച്ച Tapetum lucidum എന്ന പാളിയാണ് ദൃശ്യ പ്രകാശത്തെ വീണ്ടും പ്രതിഫലിപ്പിച്ച് പ്രകാശ സംവേദക കോശങ്ങളിൽ കൂടുതൽ വെളിച്ചം എത്തിച്ച് രാക്കാഴ്ചയ്ക്ക് ഇവരേപ്പോലുള്ള പല ജീവികളേയും സഹായിക്കുന്നത്. മനുഷ്യരായ നമുക്ക് Tapetum lucidum ഇല്ലാത്തതു കൊണ്ടാണ് നമുക്ക് ഇരുള് ഇത്രമേൽ ഇരുളായി തോന്നുന്നത്. തേവാങ്കുകളുടെ വട്ടക്കണ്ണടപോലുള്ള കണ്ണുകൾ രാത്രിയിൽ വെളിച്ചം തട്ടിയാൽ തിളങ്ങുന്നതും അതുകൊണ്ടാണ്. പകൽ മുഴുവൻ ഇലപ്പടർപ്പുകൾക്കിടയിൽ ഒളിച്ച് ഉറങ്ങിക്കഴിയുന്ന ഇവർ രാത്രിയാണ് ഭക്ഷണം അന്വേഷിച്ച് ഇറങ്ങുക. മരക്കൊമ്പുകളിൽ തന്നെയാണ് പൂർണ ജീവിതം.
സ്ലോ ലോറിസുകളുടെ കക്ഷത്തിലെ ബ്രാക്കിയൽ ഗ്രന്ഥി ( Brachial Gland ) രൂക്ഷഗന്ധമുള്ള ഒരു സ്രവം പുറപ്പെടുവിക്കും. ഒരുതരം വിയർപ്പ് ഗ്രന്ഥികളാണത്. ഇത് മരക്കമ്പുകളിലും മറ്റും പുരട്ടിയും മൂത്രം ഒഴിച്ച് വെച്ചും ആണ് മറ്റുള്ള തേവാങ്കുകളുമായി ആശയ കൈമാറ്റം നടത്തുന്നതും ടെറിട്ടറി അതിരുകൾ അടയാളപ്പെടുത്തുന്നതും. ഉയർന്ന പിച്ചിലുള്ള വിസിൽ ശബ്ദം ഉണ്ടാക്കി മറ്റുള്ള തേവാങ്കുകൾക്ക് തന്റെ തീറ്റതേടൽ ഇടം ആണിത് എന്ന ഭീഷണി സൂചനകളും നൽകും. പലതരം ചെറു ശബ്ദങ്ങൾ ഉണ്ടാക്കാനും ഇവർക്കറിയാം.
ബ്രാക്കിയൽ ഗ്രന്ഥിയിൽ നിന്നുള്ള സ്രവങ്ങൾ ചിലർക്ക് ഗുരുതര അലർജിക്ക് കാരണമാകാവുന്ന വിഷാംശം ഉള്ളതാണ് . ശത്രുക്കളുടെ കൈയിൽ പെട്ടാൽ രക്ഷപ്പെടാനായി കടിക്കും മുമ്പ് തേവാങ്ക് കക്ഷം നക്കി വായിൽ വിഷ സ്രവം ശേഖരിക്കുന്നത് അതിനാണ്. കടി കാട്ടിയ ആൾ പിടി വിടുവിപ്പിക്കാനുള്ള തന്ത്രമാണ് വിഷക്കടി.
വളരെ പതുക്കെയാണ് ഇവയുടെ സഞ്ചാരം എന്നത് ഒരു തെറ്റിദ്ധാരണ ആണ്. മിനിറ്റുകൾ കൊണ്ട് ഒരു കൊമ്പിൽ നിന്ന് മറ്റൊന്നിലെത്താനൊക്കെ ഇവർക്ക് കഴിയുമെങ്കിലും അപകടം മണത്താൽ ചലനം സ്ലോ മോഷനിൽ ആകും. വളരെ പതുക്കെ നീളൻ കൈകൾ നീട്ടി കമ്പുകളിൽ പിടിച്ച് പതുക്കെ നീങ്ങാൻ ശ്രമിക്കും. ഇലയനക്കം ഉണ്ടായി ശത്രുക്കളുടെ കണ്ണിൽ പെടാതിരിക്കാനും ഒച്ചയുണ്ടാകാതിരിക്കാനും അങ്ങിനെ ഇവരിലേക്ക് ശ്രദ്ധ പതിയാതിരിക്കാനും ആണ് ഈ സ്ലോമോഷൻ തന്ത്രം . ഇരകളായ പ്രാണികളുടെ ശ്രദ്ധയിൽ പെട്ട് അവ രക്ഷപ്പെടാതിരിക്കാനും ഈ പതുക്കെ പോക്ക് സഹായിക്കും. ഓടിച്ച് പിടിക്കാൻ ത്രാണി ഇല്ലാത്തതിനാൽ തൊട്ടടുത്ത് ഉള്ളതിനെ തൊഴുകൈയ്യൻ പ്രാണികളെപ്പോലെ (മാന്റിസ്) തൊട്ടടുത്ത് നിന്ന് പിടിക്കുന്ന ശീലവും കഴിവും മാത്രമേ തേവാങ്കുകൾക്ക് ഉള്ളു . ശത്രു ഭയം കൂടിയാൽ പിന്നെ പരിപൂർണ്ണ നിശ്ചലതയിലേക്ക് , ശരിക്കും മരവിച്ചുറഞ്ഞപോലെ ഒരൊറ്റ നിൽപ്പ് നിൽക്കാനും അറിയാം. പരമാവധി 0.3 മീറ്റർ മാത്രമാണ് ഇതിന് ചാടാൻ കഴിയുക. അതിനാൽ ഒരു മരച്ചില്ലയിൽ നിന്നും അടുത്തതിലേക്ക് എത്താൻ ഇലച്ചാർത്തിന്റെ തുടർച്ച ഇല്ലെങ്കിൽ ഇവർ കുഴങ്ങും. താഴെ മണ്ണിലിറങ്ങി വീണ്ടും മരത്തിൽ കയറണം. ഇത് വളരെ അപകടം പിടിച്ച പണിയാണ്താനും . ഏകാന്ത സഞ്ചാരികളാണിവർ. ഇണചേരൽ കാലത്ത് മാത്രമേ ജോഡിയായി കാണാറുള്ളു. പെൺ തേവാങ്കുകൾക്കാണ് ആണിനേക്കാൾ വലിപ്പം. കൂട് കെട്ടുന്ന ശീലം ഇല്ല. മഴക്കാലമാണ് ഇണചേരൽ കാലം. ജൂലായ് മുതൽ സെപ്തംബർ വരെ ഉള്ള കാലത്ത് ഇണ ചേരൽ നടക്കും . ഡിസംബർ - ജനുവരി മാസങ്ങളിലാണ് പ്രസവം നടക്കുക. സാധാരണയായി ഒരു കുഞ്ഞ് മാത്രമാണ് ഉണ്ടാകുക. കുഞ്ഞുങ്ങൾ അഞ്ചാറു മാസം വരെ അമ്മയെ ആശ്രയിച്ച് കഴിയും. ആദ്യമൊക്കെ വയറിൽ അള്ളിപ്പിടിച്ചും പിന്നെ പുറത്തേറ്റിയും അമ്മ കുഞ്ഞിനെ കൊണ്ടു നടക്കും. അൽപ്പം വളർന്നാൽ ഇലച്ചാർത്തുകൾക്കിടയിൽ ഒളിപ്പിച്ച് നിർത്തി ഇരതേടി കൊണ്ടുവന്നു കൊടുക്കും. സ്വയം ഇരതേടാനായാൽ സ്വന്തം ടെറിട്ടറിയിൽ നിന്ന് ദൂരേക്ക് ഓടിച്ച് വിട്ട് ഒഴിവാക്കും. നീണ്ട ഗർഭകാലം, ഭാരം കുറഞ്ഞ കുഞ്ഞുങ്ങൾ, നീണ്ട വളർത്തുകാലം , ഗർഭകാലങ്ങൾ തമ്മിലുള്ള കുറഞ്ഞ ഇടവേളകൾ എന്നിവയൊക്കെകൊണ്ട് മറ്റ് സസ്തനികളുമായി താരതമ്യം ചെയ്യുമ്പോൾ ഇവയുടെ വംശ വർദ്ധന വളരെ കുറഞ്ഞ തോതിൽ മാത്രമാണ് നടക്കുന്നത്. മനുഷ്യർ വലിയ തോതിൽ ഇവയെ പിടികൂടി കൊല്ലാൻ തുടങ്ങിയതോടെ ഇവയുടെ എണ്ണം കുറഞ്ഞു . നമ്മൾ പരിണമിച്ച് ഉണ്ടായിട്ട് ചില്വാനം ലക്ഷം കൊല്ലമേ ആയിട്ടുള്ളുവെങ്കിലും ദശലക്ഷക്കണക്കിന് വർഷമായി ഇവിടെ ജീവിച്ചിരുന്ന ഇവരുടെ വംശം കുറ്റിയറ്റ് പോകാൻ നമ്മൾ മനുഷ്യരുടെ വിവരക്കേടുകൾ കാരണക്കാരായേക്കാം.
വിഷസാന്നിദ്ധ്യമുള്ള ചില ഷഡ്പദങ്ങളെ ഇവ ഉമിനീരിലെ ചില എൻസൈമുകൾ കൊണ്ട് കുതിർത്ത് നിർവീര്യമാക്കി അകത്താക്കുന്നത് കൂടാതെ മൂത്രം കൊണ്ട് നനച്ചും ശുദ്ധീകരിച്ച് കഴിക്കുന്നത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വന്മരങ്ങൾ ഉള്ള ഉൾക്കാടുകൾ അല്ല കുട്ടിത്തേവാങ്കുകൾ ഇഷ്ടപ്പെടുന്നത്. കാടുകളോട് ചേർന്ന സ്ഥലങ്ങളിലെ ചെടിപ്പടർപ്പുകളാണ്. കൂടാതെ പശ്ചിമഘട്ടത്തോട് ചേർന്നു നിൽക്കുന്ന നാടുകളിലെ കാവുകളും വീടുകളോട് ചേർന്നുള്ള കൃഷിയിടങ്ങളിലെ മരക്കൂട്ടങ്ങളും ഒക്കെ ഇവരുടെ ഇഷ്ട സ്ഥലങ്ങൾ ആണ്. ആലയുടേയും അടുക്കളക്കുഴിയുടേയും ഒക്കെ അരികിലെ ചെടികൾക്കിടയിൽ ഇഷ്ടം പോലെ പ്രാണികളെ കിട്ടുമെന്നതിനാൽ രാത്രികാലങ്ങളിൽ ഇവർ ഇത്തരം ഇടങ്ങളിൽ കാണാറുണ്ട്. ഉപദ്രവകാരികളായ കീടങ്ങളെ ഒഴിവാക്കിത്തരുന്നതിനാൽ ഇവർ കൃഷിക്കാർക്ക് വലിയ ഉപകാരികളും ആണ്.
കൂടുതൽ എണ്ണം കുട്ടിത്തേവാങ്കുകളെ ഒരു സ്ഥലത്ത് തന്നെ കാണുന്നെങ്കിൽ അതിനർത്ഥം അവയുടെ സഞ്ചാരത്തിനുള്ള സ്വാഭാവിക ഇലച്ചാർത്തുകൾ മുറിയപ്പെടുന്നു എന്നും അവയുടെ ആവാസ മേഖലാശോഷണം കാര്യമായി നടന്നിട്ടുണ്ട് എന്നും ആണ്. അല്ലാതെ ഇവ തൊട്ടടുത്തായി ജീവിക്കുന്ന ശീലം ഉള്ളവർ അല്ല. സംരക്ഷണത്തിൽ ഇവ 14മുതൽ 20 വർഷം വരെ ജീവിക്കുന്നതായി കണ്ടിട്ടുണ്ടെങ്കിലും വന്യതയിലെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ ഇവയുടെ ആയുസ് എത്ര വർഷം ആണ് എന്നത് ഇപ്പോഴും കൃത്യമായി അറിയില്ല.
മരപ്പട്ടികളാണ് പ്രധാനമായും കുട്ടിത്തേവാങ്കുകളുടെ ഒന്നാം നമ്പർ ശത്രു. കൂടാതെ മൂങ്ങകളും പാമ്പുകളും പരുന്തുകളും പൂച്ചകളും ഒക്കെ ഇവരെ കണ്ടു കിട്ടിയാൽ ശാപ്പിടുമെങ്കിലും ഇവരെ കണ്ടു കിട്ടുകയെന്നത് അത്ര എളുപ്പമല്ല. മനുഷ്യർ മാത്രമാണ് ഇപ്പോൾ ഇവരുടെ പ്രധാന അന്തകരായി ഉള്ളത്. പണ്ട് കാലത്ത് ഉത്സവ സ്ഥലങ്ങളിൽ നാടോടികളും ലാടവൈദ്യന്മാരും കവരുള്ള കമ്പുകളിൽ തേവാങ്കിനെ പ്രദർശിപ്പിച്ച് , അതിന്റെ മാംസം കൊണ്ടുള്ള അത്ഭുത ശേഷി മരുന്നുകൾ എന്നവകാശപ്പെട്ട് പലതരം കുപ്പികൾ നിരത്തി വെച്ച് വിൽപ്പന നടത്താറുണ്ട്. എല്ലാ ലാടന്മാരെയും പോലെ ലൈംഗീക ഉത്തേജനം തന്നെയാണ് ആദ്യ അവകാശവാദം. തേവാങ്കിന്റെ മാംസത്തിനോ അവയവങ്ങൾക്കോ വല്ല കഴിവും ചികിത്സാ ഫലവും ഉള്ളതായി ശാസ്ത്രീയമായി ഇതുവരെ തെളിവില്ല. രാത്രി തിളങ്ങുന്ന തേവാങ്കിന്റെ വട്ടക്കണ്ണുകൾ തിന്നാൽ നല്ല കാഴ്ച കിട്ടുമെന്നും , ഇവയുടെ കണ്ണീർ ഉറ്റിച്ചാൽ പലതരം നേത്ര രോഗങ്ങൾ മാറുമെന്നും ഉള്ള അന്ധവിശ്വാസത്തേ തുടർന്നും നിരവധി തേവാങ്കുകളെ ആളുകൾ കൊന്നിട്ടുണ്ട്. കാഴ്ചയിൽ ഏതോ അന്യഗ്രഹ ജീവിയേപ്പോലെയും ചില പിശാച് കഥകളിലെ കഥപാത്ര സാമ്യമുള്ള രൂപമുള്ളതിനാലും ഒരു അപശകുനമായി ചില പ്രദേശങ്ങളിൽ ആളുകൾ കരുതി കണ്ട മാത്രയിൽ ആക്രമിച്ച് കൊല്ലാറുണ്ട് . പശ്ചിമഘട്ടത്തിലെ ചില ആദിവാസി സമൂഹങ്ങൾ പണ്ട്കാലത്ത് കുട്ടിത്തേവാങ്കിനെകുറിച്ച് പല അന്ധവിശ്വാസങ്ങളും കൊണ്ടുനടക്കുന്നവരായിരുന്നു. ഇവയെ കണ്ടാൽ ദുർവിധിയും നിർ ഭാഗ്യവും തേടിയെത്തും എന്നും ഇതിനെ കണികണ്ട് കാട്ടിൽ പോയാൽ അന്ന് പട്ടിണിയായിരിക്കും എന്ന വിശ്വാസം ഉണ്ടായിരുന്നു. പിശാചുകൾ ഇവയെ കണ്ടാൽ വീട്ടിൽ കയറില്ല എന്ന വിശാസത്തിൽ ഇവയെ വീടുകളിൽ പാർപ്പിക്കുന്നവരെ കൂടാതെ അനധികൃതമായി പെറ്റായി വളത്തുന്നവരും ഉണ്ട്. കന്യകകൾ തേവാങ്കിനെ കണ്ടാൽ പിന്നെ ജീവിതത്തിൽ അവർക്ക് ഒരിക്കലും കുട്ടികൾ ജനിക്കില്ല എന്നുള്ള വിശാസം മൂലം കാണുന്ന മാത്രയിൽ ഇതിനെ കൊന്ന് ഒഴിവാക്കുന്ന സമൂഹങ്ങളും ഉണ്ട്. പ്രധാനമായും കൂടോത്രം , മന്ത്രവാദം തുടങ്ങിയ ആഭിചാര ക്രിയകൾക്കുവേണ്ടിയാണ് തേവാങ്കിനെ നമ്മുടെ നാട്ടിൽ കൊന്നിരുന്നത്. ചില ആളുകൾ അർബുദ വ്രണങ്ങൾക്കും ഉണങ്ങാപ്പുണ്ണുകൾക്കും കുട്ടിത്തേവാങ്കിനെ കൊണ്ട് നക്കിപ്പിച്ചാൽ മതി എന്ന് കരുതി ഇവയേക്കൊണ്ട് നിർബന്ധപൂർവ്വം നക്കിപ്പിക്കൽ ചികിത്സ ചെയ്തിരുന്നു. ശ്രീലങ്കയിൽ കുഷ്ഠരോഗത്തിന് ഇതിനെ മരുന്നായി ഉപയോഗിച്ചിരുന്നു.
ആവാസ സ്ഥലങ്ങളിലെ മരച്ചാർത്തുകളുടെ തുടച്ചകൾ ഇല്ലാതായാൽ അവ മണ്ണിലിറങ്ങി നടക്കേണ്ടി വരും . അങ്ങിനെ റോഡു മുറിച്ച് കടക്കുമ്പോൾ വാഹനം ഇടിച്ച് ചാവുന്നതും മറ്റും കോയമ്പത്തൂർ പ്രദേശങ്ങളിൽ വളരെ സാധാരണമാണ്. അതുപോലെ ഇവയെ നാട്ടുമ്പുറങ്ങളിൽ നിന്നും മറ്റും കണ്ടെത്തിക്കഴിഞ്ഞാൽ രക്ഷിക്കാനായി അവയ്ക്ക് ഒട്ടും ചേരാത്ത കൊടും കാടിനുള്ളിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ തന്നെ കൊണ്ട് വിടുന്നതും അവയുടെ അതിജീവനം അസാദ്ധ്യമാക്കുകയാണ് ചെയ്യുക. വലിയ തോതിൽ വന്യമൃഗ കടത്ത് നടക്കുന്ന ഒരു ജീവിയാണ് കുട്ടിത്തേവാങ്ക്. വളരെ ചെറിയ ശരീരം ആയതുകൊണ്ടു മാത്രമല്ല, മറ്റ് ജീവികളിൽ നിന്നും വ്യത്യസ്ഥമായി യാതൊരു ശബ്ദവും ഉണ്ടാക്കതെ സാധുവായി അനങ്ങാതെ ഇരിക്കും എന്നതിനാൽ, പോക്കറ്റിലോ അടി വസ്ത്രത്തിലോ പോലും കള്ളക്കടത്തുകാർക്ക് അധികാരികളെ പറ്റിച്ച് ഒളിപ്പിച്ച് കടത്താനാകും എന്നതും ഈ പാവം നേരിടുന്ന പ്രതിസന്ധിയാണ്. സൗന്ദര്യം ഒരു ശാപമായിപ്പോയി എന്ന തമാശക്കമന്റു പോലെ - സാധു ആയിപ്പോയതാണ് ഇവരുടെ ശാപം.
പാരിസ്ഥിതികമായി വളരെ പ്രത്യേകതകൾ ഉള്ള ഈ സാധുവിനെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.1972 ലെ വന്യ ജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ ഒന്നിൽ പെട്ട ഇവയെ കൊല്ലുകയോ കൈയിൽ വെക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നത് കടുത്ത ശിക്ഷയ്ക്ക് കാരണമായ കുറ്റമാണ് .
തേവാങ്കുകളെക്കുറിച്ച് - മറ്റ് ജീനസിലും സ്പീഷിസിലും ഉള്ളവയെക്കുറിച്ച് - അവയുടെ പരിണാമ പരമായ വിശേഷങ്ങൾ പ്രത്യേകതകൾ - കൗതുകങ്ങൾ കൂടുതൽ അറിയാൻ മാത്രൃഭൂമി ഡോട്ട് കോമിലെ - ബന്ധുക്കൾ മിത്രങ്ങൾ എന്ന കോളം കാണുക.
വിജയകുമാർ ബ്ലാത്തൂർ
ചിത്രങ്ങൾ : Vinaya Raj V R , Balakrishnan VC
Tags:
KNOWLEDGE