Trending

കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു; രാജ്യത്ത് പ്രതിദിന കോവിഡ് രോഗികള്‍ രണ്ടര ലക്ഷം കടന്നു


രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. ഒരു ദിവസത്തിനിടെ നാല്‍പത്തി ആറായിരത്തില്‍ അധികം പേര്‍ക്ക് ആണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ദില്ലിയിലെ കേസുകളില്‍ റെക്കോഡ് പ്രതിദിന വര്‍ധനയാണ് ഉണ്ടായത്. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 28000ല്‍ അധികം പേര്‍ക്കാണ്. പോസിറ്റിവിറ്റി നിരക്ക് 28 ശതമാനത്തില്‍ എത്തി. പശ്ചിമ ബംഗാളില്‍ പോസിറ്റിവിറ്റി നിരക്ക് വീണ്ടും ഉയര്‍ന്ന് 32.13 ശതമാനമായി.

ഉത്തര്‍പ്രദേശ്, ബിഹാര്‍ , ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകള്‍ കൂടി. ഇതിനിടെ കോവാക്സിന് പൂര്‍ണ്ണ വാണിജ്യ അനുമതി തേടി ഭാരത് ബയോട്ടെക് ഡിസിജിഐയെ സമീപിച്ചു. നിലവില്‍ അടിയന്തര ഉപയോഗ അനുമതി മാത്രമാണ് ഉള്ളത്.

കേസുകള്‍ ഉയരുമ്ബോഴും ദേശീയ ലോക്ക്ഡൗണ്‍ ഉണ്ടാവില്ലെന്ന സന്ദേശമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ നല്‍കിയത്. കൊവിഡിനെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ ജനജീവിതത്തെ ബാധിക്കില്ലെന്ന് ഉറപ്പു വരുത്തണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം. വാക്സീനാണ് വൈറസിനെതിരെയുള്ള പ്രധാന ആയുധമെന്നും മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷവും അതിജീവിച്ചത് പോലെ ഇത്തവണയും കൊവിഡിനെ അതിജീവിക്കാനാകുമെന്നാണ് പ്രധാനമന്ത്രി ഇന്നലെ രാജ്യത്തോടുള്ള അഭിസംബോധനയിലും പറഞ്ഞത്.
Previous Post Next Post
Italian Trulli
Italian Trulli