കേസുകള്‍ പിന്‍വലിക്കാത്തത് ഇടത് സര്‍ക്കാര്‍ കാപട്യം: വെല്‍ഫെയര്‍ പാര്‍ട്ടി.
മുക്കം : കേരളത്തില്‍ പൗരത്വ സമരങ്ങള്‍ക്കെതിരെ ചുമത്തിയ കേസുകള്‍ ഇനിയും പിന്‍വലിക്കാത്തത് ഇടതു സര്‍ക്കാറിന്റെ രാഷ്ട്രീയ കാപട്യമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്നെയാണ് ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കുമെന്ന ഉറപ്പ് പിണറായി സര്‍ക്കാറിന്റെ രാഷ്ട്രീയ തട്ടിപ്പായിരുന്നുവെന്നും മണ്ഡലം നേതാക്കള്‍ മുക്കത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
പൗരത്വ ഭേദഗതി സമരത്തിന്റെ പേരില്‍ വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം നേതാക്കള്‍ അടക്കമുള്ള പതിനഞ്ചോളം പേര്‍ക്കെതിരെ മുക്കത്ത് നിന്നും ചുമത്തിയ കേസില്‍ വാറണ്ട് ലഭിച്ചിരിക്കുകയാണ്. ഈ മാസം പതിമൂന്നിന് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാകണമെന്നാണ് മുക്കം പോലീസ് നിര്‍ദേശിച്ചത്. 'പൗരത്വ ഭേദഗതി എന്‍ആര്‍സി' രാജ്യത്തെ വിഭജിക്കാനുള്ള ഫാഷിസ്റ്റ് നീക്കത്തെ പ്രതിരോധിക്കുകയെന്നാവശ്യപ്പെട്ട് സംയുക്ത സമിതി സംഘടിപ്പിച്ച ജനകീയ ഹര്‍ത്താലിനോടനുബന്ധിച്ച് പ്രകടനം നടത്തിയതിനും മുക്കം പോസ്റ്റോഫീസ് മാര്‍ച്ച് സംഘടിപ്പിച്ചതിനുമാണ് പലര്‍ക്കും കേസ് ചുമത്തിയത്.
വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം ട്രഷറര്‍ ലിയാഖത്തലി, കമ്മിറ്റി അംഗം ശംസുദ്ദീന്‍ ആനയാംകുന്ന്, എം.സി മുഹമ്മദ്, ടി.പി മുഹമ്മദ്, അന്‍വര്‍, ബാബുരാജ്, സലാം ഹാജി, കെ.ടി ശിഹാബ്, ശബീര്‍, ശംസീര്‍, കുഞ്ഞാലി ചേപ്പാലി, ശരീഫ് മുണ്ടുപാറ, മുഹമ്മദ് കുന്നുമ്മല്‍ എന്നിവര്‍ക്കെതിരെയുമാണ് കേസ് ചുമത്തിയിരിക്കുന്നത്.
സംസ്ഥാനവ്യാപകമായി രജിസ്റ്റര്‍ ചെയ്ത 835 കേസുകളില്‍ രണ്ടെണ്ണം മാത്രമാണ് പിന്‍വലിച്ചിട്ടുള്ളതെന്നാണ് മുഖ്യമന്ത്രി സഭയെ അറിയിച്ചത്. പൗരത്വ സമരത്തിനെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്നും പൊതുപ്രവര്‍ത്തകരെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അന്‍വര്‍ കെ.സി, സെക്രട്ടറി ഇ.കെ.കെ ബാവ, വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ ചെറുവാടി, ട്രഷറര്‍ ലിയാഖത്തലി, മീഡിയ സെക്രട്ടറി സാലിം ജീറോഡ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Tags:
MUKKAM
