Trending

മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര ഇന്ന് പുറപ്പെടും


ശബരിമല മകരവിളക്കിനു മുന്നോടിയായുള്ള തിരുവാഭരണ ഘോഷയാത്ര ഇന്ന്. പ്രത്യേക പൂജകൾക്ക് ശേഷമാണ് പന്തളം കൊട്ടാരത്തിൽ നിന്ന് ഘോഷയാത്ര പുറപ്പെടുക. ഇത്തവണ വഴി നീളെ സ്വീകരണങ്ങളേറ്റുവാങ്ങിയാണ് സംഘം കടന്നു പോകുക.
പന്തളം കൊട്ടാരത്തിൽ സൂക്ഷിച്ചിട്ടുള്ള പേടകം  രാവിലെ 5 മണിയോടെ വലിയകോയിക്കൽ ക്ഷേത്രത്തിലേക്ക് മാറ്റും. ഉച്ചയ്ക്ക് ഒരു മണിയോടെ കുളത്തിനാൽ ഗംഗാധര പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം തിരുവാഭരണ പേടകം തലയിലേറ്റി ക്ഷേത്ര പ്രദക്ഷിണം വച്ച് സന്നിധാനത്തേക്ക് യാത്ര തിരിക്കും.
പന്തളം രാജപ്രതിനിധി പരമ്പരാഗത രീതിയിൽ പല്ലക്കിൽ തിരുവാഭരണ പേടകത്തിനൊപ്പമുണ്ടാകും. പേടക വാഹക സംഘത്തിൻ്റെ യാത്രയ്ക്കായി എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ജില്ലാ ഭരണകൂടം അറിയിച്ചു.
ഒന്നാം ദിവസം കുളനട, ഉള്ളന്നൂർ, ആറൻമുള വഴി അയിരൂർ പുതിയകാവ് ക്ഷേത്രത്തിലെത്തി വിശ്രമിക്കും . പിറ്റേന്ന് പുലർച്ചെ ളാഹ വഴി വടശേരിക്കരയിൽ എത്തുന്ന സംഘം രണ്ടാം ദിനം അവിടെ തങ്ങും.
മൂന്നാം ദിനമായ 14 ന് വൈകിട്ട് നീലിമല വഴി ശരംകുത്തിയിലെത്തുന്ന ഘോഷയാത്രയെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. തുടർന്ന് തന്ത്രിയും മേൽശാന്തിയും ചേർന്ന് തിരുവാഭരണങ്ങളേറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തിൽ ചാർത്തി ദീപാരാധനയ്ക്കായി നടതുറക്കും. ഈ സമയം പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും. 20ന് ആണ് സംഘത്തിൻ്റെ മടക്കയാത്ര.
Previous Post Next Post
Italian Trulli
Italian Trulli