Trending

967 സ്കൂളുകളില്‍ വാക്സിനേഷന് സൗകര്യം: സ്കൂളുകളില്‍ കൊവിഡ് വാക്സിനേഷന് ക്രമീകരണം ഏർപ്പെടുത്തിയതായി വിദ്യാഭ്യാസമന്ത്രി


സ്കൂളുകളില്‍ കൊവിഡ് വാക്സിനേഷന് ക്രമീകരണം ഏർപ്പെടുത്തിയതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. 500 കുട്ടികളിൽ കൂടുതലുള്ള സ്‌കൂളുകളിൽ വാക്സിനേഷൻ കേന്ദ്രങ്ങൾ ഒരുക്കും. രക്ഷിതാക്കളുടെ പൂർണ്ണ സമ്മതോടെ മാത്രമേ വാക്സിനേഷൻ നൽകൂവെന്നും മന്ത്രി വ്യക്തമാക്കി.
51 ശതമാനം കുട്ടികൾ ഇതിനകം വാക്സിനെടുത്തു. 967 സ്കൂളുകളില്‍ വാക്സിനേഷന് സൗകര്യം ഏര്‍പ്പെടുത്തും. വാക്സിനേഷന്‍ നടക്കുന്ന സ്കൂളുകളില്‍ നാളെ രാവിലെ പി.ടി.എ മീറ്റിങ് ചേരും. മറ്റ് സ്കൂളുകളിലുള്ളവര്‍ക്ക് തൊട്ടടുത്ത് വാക്സിനേഷന്‍ കേന്ദ്രമുള്ള സ്കൂളിലെത്തി വാക്സിന്‍ സ്വീകരിക്കാം. ബുധനാഴ്ചയാണ് സംസ്ഥാനത്തെ സ്കൂളുകളില്‍ വാക്സിനേഷന്‍ ആരംഭിക്കുക.

സ്‌കൂൾ തുറക്കുന്നതിന് നൽകിയ മാർഗരേഖ കർശനമായി പാലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. പത്ത് മുതലുള്ള ക്ലാസുകൾക്ക് നിലവിലെ സംവിധാനത്തിൽ പഠനം തുടരും. ഒന്നാം ക്ലാസ് മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ ഈ മാസം 21 മുതല്‍ സ്കൂളില്‍ വരേണ്ട. അവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് ആയിരിക്കും. വിക്ടേഴ്സ് ചാനല്‍ വഴി ഓണ്‍ലൈന്‍ ക്ലാസുണ്ടാവും. പുതുക്കിയ ടൈംടേബിള്‍ ഉടനെ പ്രഖ്യാപിക്കും. അതേസമയം അധ്യാപകര്‍ സ്കൂളുകളില്‍ വരണം. ഓണ്‍ലൈന്‍ ക്ലാസിന് ആവശ്യമായ നേതൃത്വം വഹിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഈ മാസം 22, 23 തിയ്യതികളിൽ 10, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിൽ ശുചീകരണ യജ്ഞം നടത്തും. കൊവിഡ് കാലത്തെ ക്ലാസ് റൂം എങ്ങനെയായിരിക്കണം എന്നതു സംബന്ധിച്ച് വിശദമായ മാര്‍ഗരേഖ സ്കൂള്‍ തുറക്കുമ്പോള്‍ നല്‍കിയിരുന്നു. മാര്‍ഗരേഖ കര്‍ശനമായി നടപ്പാക്കണമെന്ന് വിദ്യാഭ്യാസമന്ത്രി നിര്‍ദേശിച്ചു.

Previous Post Next Post
Italian Trulli
Italian Trulli