Trending

വഖഫില്‍ മുസ്ലിം ലീഗ് വീണ്ടും സമരത്തിന്; സമസ്ത കൂടെയെന്ന് സാദിഖലി തങ്ങള്‍


കോഴിക്കോട്: വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ട സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ സമരം ശക്തമാക്കാന്‍ മുസ്ലിം ലീഗ്. മുസ്ലിം സംഘടനകള്‍ ഒറ്റക്കെട്ടായി സമരം ചെയ്യുമെന്നും സമസ്തയും മുസ്ലിം ലീഗിനൊപ്പമുണ്ടെന്നും മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സമരത്തിന്റെ ആദ്യ ഘട്ടമെന്നോണം കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ റാലി സംഘടിപ്പിച്ചിരുന്നു. തുടര്‍ സമരം തൊട്ടുപിന്നാലെ ആരംഭിക്കാന്‍ ധാരണയായെങ്കിലും ഇടി മുഹമ്മദ് ബഷീര്‍ എംപി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഡല്‍ഹിയിലായതിനാല്‍ ചര്‍ച്ച നീണ്ടു. പാര്‍ലമെന്റ് സമ്മേളനം അവസാനിക്കുകയും ഇടി ബഷീര്‍ നാട്ടില്‍ തിരിച്ചെത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ അടുത്ത മാസം മൂന്നിന് മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം ചേരും. വഖഫ് വിഷയത്തില്‍ തുടര്‍ സമര പരിപാടികള്‍ യോഗം ചര്‍ച്ച ചെയ്യും.

കോഴിക്കോട് നടത്തിയ റാലിക്ക് സമാനമായ പൊതു പരിപാടികള്‍ തെക്കന്‍ കേരളത്തിലും നടത്തുന്നത് സംബന്ധിച്ച് ലീഗ് ആലോചിക്കുന്നുവെന്നാണ് സൂചന. സമസ്തയെ കൂടെ നിര്‍ത്താനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. സമസ്തയും മറ്റു മുസ്ലിം സംഘടനകളും ചേര്‍ന്നുള്ള മുസ്ലിം കോ ഓഡിനേഷന്‍ കമ്മിറ്റിയാണ് സമരം ശക്തമാക്കാന്‍ ആദ്യം തീരുമാനിച്ചത്. വെള്ളിയാഴ്ച പള്ളികളില്‍ പ്രതിഷേധത്തിനും ബോധവല്‍ക്കരണത്തിനും തീരുമാനിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അപ്രതീക്ഷിത ഇടപെടല്‍ സമസ്തയെ പിന്നോട്ടടിപ്പിച്ചു. കെടി ജലീല്‍ എംഎല്‍എയും മന്ത്രി വി അബ്ദുറഹ്മാനുമാണ് മുഖ്യമന്ത്രിയെ വിഷയത്തില്‍ ഇടപെടീച്ചത് എന്നായിരുന്നു വാര്‍ത്തകള്‍.

മുഖ്യമന്ത്രി സമസ്ത നേതാക്കളെ ഫോണില്‍ ബന്ധപ്പെടുകയും ചര്‍ച്ച ചെയ്യാമെന്ന് അറിയിക്കുകയും ചെയ്തു. ഇതോടെ സമരത്തില്‍ നിന്ന് സമസ്ത പിന്‍മാറി. തിരുവന്തപുരത്ത് സമസ്ത-മുഖ്യമന്ത്രി ചര്‍ച്ച നടന്നു. നിയമം തിടുക്കത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. തുടര്‍ ചര്‍ച്ചകള്‍ നടത്താമെന്ന് അറിയിച്ചുവെന്നും സമസ്ത നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമുണ്ടായില്ല. മുഖ്യമന്ത്രി ഉറപ്പ് നല്‍കി എന്നാണ് സമസ്ത നേതാക്കള്‍ പറഞ്ഞത്. മുഖ്യമന്ത്രി മുമ്പ് നല്‍കിയ ഉറപ്പുകള്‍ പാലിച്ചിട്ടില്ലെന്നായിരുന്നു ഇതിനോട് മുസ്ലിം ലീഗ് നേതാക്കളുടെ പ്രതികരണം.

മുഖ്യമന്ത്രി സമസ്തയെ പറ്റിച്ചുവെന്ന വികാരമാണ് ചില നേതാക്കള്‍ രഹസ്യമായി പങ്കുവയ്ക്കുന്നത്. ഈ സാഹചര്യത്തിലാണ് ലീഗ് രണ്ടാംഘട്ട സമരത്തിന് ഒരുങ്ങുന്നതും സമസ്ത കൂടെയുണ്ടെന്ന് സാദിഖലി തങ്ങള്‍ പറയുന്നതും. പുതിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുമോ എന്ന് വ്യക്തമല്ല. നിയമസഭയില്‍ നിമയം പാസാക്കിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി വാക്കാല്‍ നല്‍കുന്ന ഉറപ്പ് സ്വീകാര്യമല്ലെന്നാണ് മുസ്ലിം സംഘടനകളുടെ നിലപാട്. നിയമസഭയില്‍ തന്നെ പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. മുസ്ലിം ലീഗും ഈ വിഷയം തന്നെയാണ് പറയുന്നത്. ഇനി സമസ്ത മുസ്ലിം ലീഗിന്റെ സമരത്തിനൊപ്പം നില്‍ക്കുമോ എന്നും അറിയേണ്ടതുണ്ട്
Previous Post Next Post
Italian Trulli
Italian Trulli