Trending

ഐ ലീഗിന് ഞായറാഴ്ച കിക്കോഫ്; മലയാളിപ്പടയുമായി മലബാറിയന്‍സ്


കോഴിക്കോട്
: മലയാളി താരങ്ങളുടെ കരുത്തില്‍ ഐ ലീഗ് കിരീടം നിലനിര്‍ത്താനൊരുങ്ങി ഗോകുലം കേരള എഫ്.സി. ദേശീയ ലീഗ് കിരീടം ചരിത്രത്തിലാദ്യമായി കേരളത്തിലെത്തിച്ച ഗോകുലം ടീമില്‍ ഇത്തവണ 12 പേര്‍ മലയാളികളാണ്.
കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം നടത്തിയ വയനാട് സ്വദേശി മിഡ്ഫീല്‍ഡര്‍ എമില്‍ ബെന്നിയില്‍ നിന്ന് ഇത്തവണയും ടീം ഏറെ പ്രതീക്ഷിക്കുന്നു. മുന്നേറ്റനിരയില്‍ കളിക്കുന്ന എം.എസ്. ജിതിനും പ്രതിരോധനിരയിലെ അലക്‌സ് സജിയും ആദ്യ പതിനൊന്നില്‍ ഉള്‍പ്പെടുമെന്നാണ് പ്രതീക്ഷ. ഗോള്‍കീപ്പര്‍ പി.എ. അജ്മലിനും കൂടുതല്‍ അവസരം ലഭിച്ചേക്കും.
മുഹമ്മദ് ഉവൈസ്, മുഹമ്മദ് ജാസിം, അബ്ദുള്‍ ഹക്കു, വി.എസ്. ശ്രീക്കുട്ടന്‍, ഷഹജാസ് തെക്കന്‍ (ഡിഫന്റര്‍), കെ. അഭിജിത് (മിഡ്ഫീല്‍ഡര്‍), താഹിര്‍ സമാന്‍, ടി.പി. സൗരവ് (ഫോര്‍വേഡ്) എന്നിവരാണ് ടീമിലെ മറ്റ് മലയാളി താരങ്ങള്‍. ഹക്കുവും ശ്രീക്കുട്ടനും കേരള ബ്ലാസ്റ്റേഴ്‌സില്‍നിന്നാണ് വായ്പാടിസ്ഥാനത്തില്‍ ടീമിലെത്തിയത്.
കഴിഞ്ഞതവണത്തെ ടീമിന്റെ ടോപ് സ്‌കോറര്‍മാരായിരുന്ന ഘാനയുടെ ഡെന്നി ആന്റവി (11), ഫിലിപ്പ് അദ്ജെ (5) എന്നിവരെ നിലനിര്‍ത്തിയിട്ടില്ല. പുതിയ സ്‌ട്രൈക്കര്‍ ഘാനയുടെ റഹീം ഉസ്മാനു മികച്ച ഫോമിലാണ്. ഐ.എഫ്.എ. ഷീല്‍ഡില്‍ ഉസ്മാനു അഞ്ച് ഗോള്‍ നേടിയിരുന്നു. കഴിഞ്ഞ സീസണില്‍ ടീമിനെ കിരീടത്തിലേക്ക് നയിച്ച ഇറ്റാലിയന്‍ യുവകോച്ച് വിന്‍സെന്‍സൊ ആല്‍ബര്‍ട്ടൊ അന്നിസയുടെ കീഴിലാണ് ടീം ഇറങ്ങുന്നത്.
ഞായറാഴ്ച മൂന്ന് മത്സരങ്ങള്‍, ഗോകുലത്തിന് എതിരാളി ചര്‍ച്ചില്‍
കൊല്‍ക്കത്ത: ഐ ലീഗ് ഫുട്ബോള്‍സീസണിന് ഞായറാഴ്ച കിക്കോഫ്. ആദ്യമത്സരത്തില്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് മോഹന്‍ബഗാന്‍ ഗ്രൗണ്ടില്‍ ട്രാവു എഫ്.സി. ഇന്ത്യന്‍ ആരോസുമായി കളിക്കും. വൈകീട്ട് 4.30-ന് കല്യാണി സ്റ്റേഡിയത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സി. ഗോവന്‍ ശക്തികളായ ചര്‍ച്ചില്‍ ബ്രദേഴ്സുമായി കളിക്കും. രാത്രി ഏഴ് മണിക്ക് ലീഗിലേക്ക് പുതുതായെത്തിയ രാജസ്ഥാന്‍ എഫ്.സി. പഞ്ചാബ് എഫ്.സി.യെ നേരിടും.
ലീഗിലെ 13 ക്ലബ്ബുകളും ആദ്യ ഘട്ടത്തില്‍ പരസ്പരം കളിക്കും. ഇതില്‍ കൂടുതല്‍ പോയന്റ് നേടുന്ന ഏഴ് ടീമുകള്‍ കിരീടത്തിനായും ബാക്കി ആറ് ടീമുകള്‍ തരംതാഴ്ത്തല്‍ ഒഴിവാക്കാനും പോരാടും. ആദ്യഘട്ടത്തില്‍ നേടിയ പോയന്റ് രണ്ടാംഘട്ട പോരാട്ടങ്ങളില്‍ പരിഗണിക്കും. കൊല്‍ക്കത്തയിലെ മൂന്ന് വേദികളിലാണ് മത്സരം.
മാച്ച് കമ്മിഷണറായിമലയാളി
ലീഗ് നിയന്ത്രിക്കാനുള്ള മൂന്ന് മാച്ച് കമ്മിഷണര്‍മാരില്‍ മലയാളിയും. തിരുവനന്തപുരം സ്വദേശി വി. രതീഷ് കുമാറിനാണ് ചുമതലയുള്ളത്. ഐ ലീഗിലും സൂപ്പര്‍ലീഗിലുമായി നൂറിലധികം മത്സരങ്ങളില്‍ മാച്ച് കമ്മിഷണറായിട്ടുണ്ട്.
Previous Post Next Post
Italian Trulli
Italian Trulli